തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കുന്ന നാല് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ ഇന്നലെ ചേർന്ന കെ.പി.സി.സി തിരഞ്ഞെടുപ്പ് സമിതി ചുമതലപ്പെടുത്തി. മറ്റ് നേതാക്കളുമായി ആലോചിച്ച് ഇന്നോ, നാളെയോ സ്ഥാനാർത്ഥി പട്ടിക ഹൈക്കമാൻഡിന് കൈമാറി അംഗീകരിപ്പിക്കണം. പേരുകൾ വച്ചുള്ള ചർച്ച വിലക്കിയതിനാൽ അതിലേക്ക് കടന്നില്ല. എന്നാൽ മുല്ലപ്പള്ളി പിന്നീട് വ്യക്തിപരമായി നേതാക്കളുമായി സംസാരിച്ചപ്പോൾ പല പേരുകളാണ് ഉയർന്നുവന്നത്. അതിനിടെ, വട്ടിയൂർക്കാവിൽ എൻ. പീതാംബരക്കുറുപ്പിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധവുമായി ഇന്ദിരാഭവനിൽ ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരടക്കമുള്ളവരുടെ നേതൃത്വത്തിലെത്തിയത് നാടകീയരംഗങ്ങൾക്കിടയാക്കി. കുറുപ്പിനെ ന്യായീകരിച്ച് കെ. മുരളീധരനും രംഗത്തെത്തി. വട്ടിയൂർക്കാവിൽ കുറുപ്പിന്റെ പേരിനാണ് മുൻതൂക്കം.
ജയസാദ്ധ്യത, സാമുദായിക സമവാക്യം, ഗ്രൂപ്പിനതീതമായ പരിഗണനകൾ എന്നിവ ഉറപ്പാക്കണമെന്നാണ് തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ മിക്ക നേതാക്കളും പറഞ്ഞത്. വിജയ സാദ്ധ്യതകളും സ്ഥാനാർത്ഥി എങ്ങനെയാകണമെന്നതും അടക്കമുള്ള കാര്യങ്ങളിലായിരുന്നു പ്രധാന ചർച്ച. ലോക്സഭാ തിരഞ്ഞെടുപ്പിലെ മിന്നുന്ന ജയം തുടരുന്ന തരത്തിലുള്ള പ്രവർത്തനം ഉണ്ടാവണം. സ്ഥാനാർത്ഥി ജനങ്ങൾക്ക് സ്വീകാര്യനാവണം. ഗ്രൂപ്പടിസ്ഥാനത്തിൽ തീരുമാനിച്ച് അനുകൂല സാഹചര്യം ഇല്ലാതാക്കരുത്. പാലായിൽ യു.ഡി.എഫിന് മികച്ച വിജയമുണ്ടാകും. അത് ഉപതിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് വിജയ സാദ്ധ്യത കൂട്ടുമെന്നും യോഗം വിലയിരുത്തി.
നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന് അഞ്ച് ദിവസം മാത്രം ശേഷിക്കെ, എത്രയും വേഗം സ്ഥാനാർത്ഥികളെ നിശ്ചയിച്ച് ഹൈക്കമാൻഡിന്റെ അനുമതി വാങ്ങി കളത്തിലിറങ്ങുകയാണ് വെല്ലുവിളി. കോന്നിയിലും ഡി.സി.സി നേതൃത്വം തർക്കമുന്നയിക്കുന്നുണ്ടെങ്കിലും അടൂർ പ്രകാശിന്റെ നോമിനി റോബിൻ പീറ്ററിനാണ് മുൻതൂക്കം. റോബിനല്ലെങ്കിൽ പ്രചാരണത്തിനില്ലെന്ന നിലപാടിലാണ് അടൂർ പ്രകാശ്. റോബിൻ പീറ്ററിന് തന്നെ നറുക്ക് വീണേക്കാം.
എ ഗ്രൂപ്പിന് അവകാശപ്പെട്ട അരൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് എസ്. രാജേഷാണ് പരിഗണനയിൽ. ഈഴവ പ്രാതിനിദ്ധ്യവും ഉറപ്പാക്കണം. ഷാനിമോൾ ഉസ്മാൻ സീറ്റിനായി രംഗത്തുണ്ടെങ്കിലും ഈ സാഹചര്യത്തിൽ സാദ്ധ്യത കുറവാണ്. എറണാകുളത്ത് ഹൈബി ഈഡന്റെ പിന്തുണയോടെ ടി.ജെ. വിനോദിന്റെ സ്ഥാനാർത്ഥിത്വം ഏറക്കുറെ ഉറപ്പായിട്ടുണ്ടെങ്കിലും മുതിർന്ന നേതാവ് കെ.വി. തോമസ് ശക്തമായി രംഗത്തുണ്ട്. ഇന്നലെ തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ അദ്ദേഹം വികാരാധീനനായി. 72കാരനായ തന്നെ പ്രായത്തിന്റെ പേര് പറഞ്ഞ് മാറ്റുമ്പോൾ, 79കാരനായ പീതാംബരക്കുറുപ്പിന് സീറ്റ് കൊടുക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒഴിയാൻ സന്നദ്ധനായ തന്നോട് തുടരണമെന്ന് പറഞ്ഞ് പ്രതീക്ഷ നൽകിയ ശേഷമാണ് പിന്നീട് തന്നോട് ആലോചിക്കുക പോലും ചെയ്യാതെ തഴഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. തോമസിനെ അനുനയിപ്പിക്കാൻ ഏതെങ്കിലും പാർട്ടി സ്ഥാനവും ആലോചനയിലുണ്ട്.