തിരുവനന്തപുരം: മാർക്ക്ദാന വിവാദത്തിൽ മന്ത്റി കെ.ടി. ജലീലിനെ ന്യായീകരിച്ച് എംജി, സാങ്കേതിക സർവകലാശാലകൾ ഗവർണർക്ക് റിപ്പോർട്ട്.നൽകി.
വിവാദ അദാലത്തുകളിൽ മന്ത്റിയുടെയും പ്രൈവറ്റ് സെക്രട്ടറിയുടെയും ഇടപെടലില്ല. അദാലത്തുകളിൽ ഇരുവരുടെയും സാന്നിദ്ധ്യം മാത്രമാണ് ഉണ്ടായിരുന്നതെന്നും, . മാർക്ക് ദാനവും മൂന്നാം മൂല്യനിർണയവും വിദ്യാർഥികളെ സഹായിക്കാനെന്നുമാണ് വിശദീകരണം.
സാങ്കേതിക സർവകലാശാലയിലെ അദാലത്തിൽ മന്ത്റി നേരിട്ടു പങ്കെടുത്തിരുന്നു. എന്നാൽ അവിടെ മന്ത്റിയുടെയും പ്രൈവറ്റ് സെക്രട്ടറിമാരുടെയും സാന്നിദ്ധ്യം മാത്രമാണ് ഉണ്ടായിരുന്നതെന്ന് സർവകലാശാലാ അധികൃതർ പറയുന്നു. എംജി സർവകലാശാല മാർക്ക് ദാനം ഉൾപ്പെടെ നടന്ന അദാലത്തിൽ മന്ത്റിയുടെ പ്രൈവറ്റ് സെക്രട്ടറി ദീർഘനേരം പങ്കെടുത്തതു ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. എന്നാൽ അവിടെയും നയപരമായ കാര്യങ്ങളിൽ യാതൊരു ഇടപെടലും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടിലുള്ളത്.
ധാരാളം കുട്ടികൾ സപ്ലിമെന്ററി പരീക്ഷയിൽ തോൽക്കുകയും ബി.ടെക് കോഴ്സുകൾ പൂർണമായും സാങ്കേതിക സർവകലാശാലകൾക്കു കൈമാറുകയും ചെയ്ത സാഹചര്യത്തിലാണ് മോഡറേഷന് പുറമേ അധിക മാർക്ക് നൽകാനുള്ള തീരുമാനമെടുത്തതെന്നാണ് സർവകലാശാലയുടെ വിശദീകരണം. ഒരു വിദ്യാർഥിയുടെ പേപ്പർ മൂന്നാമതും മൂല്യനിർണയം നടത്താൻ മന്ത്റി നേരിട്ടു നിർദേശം നൽകിയെന്ന് മിനിറ്റ്സിൽ പറയുന്നുണ്ടെങ്കിലും, സമർത്ഥനായ വിദ്യാർഥിയുടെ ഭാവിയെക്കരുതി എടുത്ത തീരുമാനമെന്നാണ് സാങ്കേതിക സർവകലാശാലയുടെ വാദം. .