SignIn
Kerala Kaumudi Online
Wednesday, 08 July 2020 12.32 AM IST

ഇത് ധരിച്ചു പുറത്തിറങ്ങിയ തൊണ്ണൂറ്റിയഞ്ചു ശതമാനം സ്ത്രീകളുടെ നേരെയും കയറിപ്പിടിക്കാനുള്ള ശ്രമമുണ്ടായില്ല, കേരളത്തിലെ സ്ത്രീകളുടെയും പൊലീസിന്റെയും ശ്രദ്ധയ്‌ക്ക്

women-public

തിരക്കുള്ള ബസുകളിലും ട്രെയിനിലും മറ്റു പൊതു ഇടങ്ങളിലും സ്ത്രീകളുടെ ശരീരത്തിൽ ലൈംഗികതാല്പര്യത്തോടെ പിടിക്കുക എന്നത് കേരളത്തിൽ കണ്ടുവരുന്ന ഒരു വൈകൃതമാണ്. സ്‌കൂളിൽ പോകുന്ന കൊച്ചുകുട്ടികൾക്ക് മുതൽ പെൻഷൻ മേടിക്കാൻ പോകുന്ന അമ്മൂമ്മാർക്ക് വരെ ഇതൊരു സ്ഥിരം യാഥാർഥ്യവുമാണ്. സ്പർശിക്കുന്നവർക്ക് ഇതൊരു നൈമിഷികമായ സുഖമാണെങ്കിലും ഇതിനിരയാവുന്നവർക്കുണ്ടാകുന്ന ഭീതി, അറപ്പ്, മാനസിക വിഷമങ്ങൾ എല്ലാം വളരെ വലുതാണ്. എന്നാൽ ഇതിനെതിരെ പ്രതികരിക്കാൻ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പലർക്കും മടിയാണ്. പ്രതികരിക്കുന്നവർ ഇല്ലെന്നല്ല, കുറവാണെന്ന് മാത്രം.

അവിടെയാണ് ജപ്പാൻ എന്ന രാജ്യം ഇത്തരം ഞരമ്പുരോഗികളെ ഫലപ്രദമായി നേരിട്ടതെങ്ങനെയെന്ന് കേരളം മനസിലാക്കേണ്ടതിന്റെ ആവശ്യകതയെപറ്റി ഐക്യരാഷ്‌ട്രസഭയിലെ ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ മുരളി തുമ്മാരുകുടി പറയുന്നത്. പൊതുവിൽ ഒരു ആധുനിക സമൂഹമായ ജപ്പാനിൽ ആൺകുട്ടികളും പെൺകുട്ടികളും ചെറുപ്പത്തിലേ അടുത്തിടപഴകുന്നു, സ്വന്തം പങ്കാളിയെ കണ്ടുപിടിക്കുന്നു. പക്ഷെ, തിരക്കുള്ള ജപ്പാനിലെ ട്രെയിനുകളിൽ സ്ത്രീകളെ കയറിപിടിക്കുന്നത് പതിറ്റാണ്ടുകളായിട്ടുള്ള ഒരു ജാപ്പനീസ് പ്രശ്നമാണ്. ജപ്പാനിൽ chikan എന്നാണ് ഈ പ്രവർത്തിയുടെ പേര്. ഇതിന്റെ ഇരയാകാത്ത സ്ത്രീകൾ ജപ്പാനിനില്ല എന്നുതന്നെ പറയാം. ഇന്നത്തെ കേരളത്തെപ്പോലെ അവിടുത്തെ സ്ത്രീകളും ഇതിനെ അവഗണിക്കാൻ പഠിക്കുകയായിരുന്നു പതിവ്. അതിൽ നിന്ന് എങ്ങനെ കരകയറി എന്നതിനെ കുറിച്ചാണ് തുമ്മാരുകുടിയുടെ കുറിപ്പ്.

പൂർണരൂപം-

'ജപ്പാനിൽ ചിക്കനെ കൊല്ലുന്നതെങ്ങനെ? തിരക്കുള്ള ബസുകളിലും ട്രെയിനിലും മറ്റു പൊതു ഇടങ്ങളിലും സ്ത്രീകളുടെ ശരീരത്തിൽ ലൈംഗികതാല്പര്യത്തോടെ പിടിക്കുക (groping) എന്നത് കേരളത്തിൽ കണ്ടുവരുന്ന ഒരു വൈകൃതമാണ്. സ്‌കൂളിൽ പോകുന്ന കൊച്ചുകുട്ടികൾക്ക് മുതൽ പെൻഷൻ മേടിക്കാൻ പോകുന്ന അമ്മൂമ്മാർക്ക് വരെ ഇതൊരു സ്ഥിരം യാഥാർഥ്യവുമാണ്. സ്പർശിക്കുന്നവർക്ക് ഇതൊരു നൈമിഷികമായ സുഖമാണെങ്കിലും ഇതിനിരയാവുന്നവർക്കുണ്ടാകുന്ന ഭീതി, അറപ്പ്, മാനസിക വിഷമങ്ങൾ എല്ലാം വളരെ വലുതാണ്.

എന്നിട്ടും ഇതൊരു വലിയ സംഭവമല്ല എന്ന മട്ടിലാണ് സമൂഹം പെരുമാറുന്നത്. സമൂഹത്തിൽ നിന്നും ഇത്തരം പെരുമാറ്റം കാലാകാലമായി ഉണ്ടാകുന്നതിനാലും, അതിനെതിരെ വ്യക്തിപരമായി പ്രതികരിച്ചാൽ ചുറ്റുമുളളവരിൽ നിന്നും വേണ്ടത്ര പിന്തുണ കിട്ടാത്തതിനാലും, ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ പോലീസിൽ ഏൽപ്പിച്ചാൽ പോലും അതിനപ്പുറം ഒന്നും സംഭവിക്കാത്തതിനാലും ഇത്തരം പെരുമാറ്റങ്ങളെ അവഗണിക്കുകയാണ് ഭൂരിഭാഗം സ്ത്രീകളും മിക്കപ്പോഴും ചെയ്യുന്നത്. ചെറുപ്പത്തിലേ തന്നെ ഈവക പെരുമാറ്റങ്ങൾ അവഗണിക്കാൻ അമ്മമാർ പെൺകുട്ടികളെ പഠിപ്പിക്കുന്നു. നാട്ടിൽ പോകുന്നതിന് മുൻപ് പെൺകുട്ടികൾക്ക് ക്ലാസ് കൊടുക്കുന്ന വിദേശത്തുള്ള അമ്മമാരെയും ഞാൻ കണ്ടിട്ടുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കേരളത്തിന് ഇത് വലിയ നാണക്കേടാണ്.

ഇത്തരം പെരുമാറ്റങ്ങൾ കേരളത്തിലെ ആണുങ്ങളുടെ മാത്രം കുത്തകയല്ല. ഇന്ത്യയിൽ പല നഗരങ്ങളിലും ഇതിലും വഷളാണ് സ്ഥിതി. ഇക്കാര്യത്തിൽ പാകിസ്താനും ബംഗ്ലദേശും ഈജിപ്തും ലോകറാങ്കിങ്ങിൽ നമ്മളുമായി മത്സരിക്കുന്നു. പൊതുവെ പറഞ്ഞാൽ ഏതൊക്കെ രാജ്യങ്ങളിൽ ആണുങ്ങളും പെണ്ണുങ്ങളും സ്വതന്ത്രമായി ഇടപെടാൻ സമൂഹത്തിന്റെ വിലക്കുകളുണ്ടോ അവിടങ്ങളിലാണ് ഇത്തരം പ്രവണത കൂടുതൽ കാണുന്നത്.

എന്നാൽ ഇതിനൊരപവാദമാണ് ജപ്പാൻ. പൊതുവിൽ ഒരു ആധുനിക സമൂഹമായ ജപ്പാനിൽ ആൺകുട്ടികളും പെൺകുട്ടികളും ചെറുപ്പത്തിലേ അടുത്തിടപഴകുന്നു, സ്വന്തം പങ്കാളിയെ കണ്ടുപിടിക്കുന്നു. പക്ഷെ, തിരക്കുള്ള ജപ്പാനിലെ ട്രെയിനുകളിൽ സ്ത്രീകളെ കയറിപിടിക്കുന്നത് പതിറ്റാണ്ടുകളായിട്ടുള്ള ഒരു ജാപ്പനീസ് പ്രശ്നമാണ്. ജപ്പാനിൽ chikan എന്നാണ് ഈ പ്രവർത്തിയുടെ പേര്. ഇതിന്റെ ഇരയാകാത്ത സ്ത്രീകൾ ജപ്പാനിനില്ല എന്നുതന്നെ പറയാം. ഇന്നത്തെ കേരളത്തെപ്പോലെ അവിടുത്തെ സ്ത്രീകളും ഇതിനെ അവഗണിക്കാൻ പഠിക്കുകയായിരുന്നു പതിവ്.

2015 ൽ ഒരു സ്‌കൂൾ കുട്ടി ചെറുതെങ്കിലും വിപ്ലവകരമായ ഒരു കാര്യം ചെയ്തു. ഒരു ദിവസം സ്‌കൂളിൽ പോയപ്പോൾ സ്‌കൂൾ ബാഗിൽ ഒരു ബോർഡ് എഴുതി വച്ചു. "Groping is a crime, I will not cry myself to sleep" പിടിക്കാൻ വന്നവർക്ക് കാര്യം മനസ്സിലായി. ആരും ആ കുട്ടിയെ ഉപദ്രവിച്ചില്ല. ഇതിന്റെ സാധ്യത മനസ്സിലാക്കിയ ഒരു ജാപ്പനീസ് വീട്ടമ്മ ക്രൗഡ് ഫണ്ടിങ്ങിലൂടെ ഇതേ കാര്യം എഴുതിയ ഒരു ബാഡ്ജ് ഉണ്ടാക്കി. ഇത് ധരിച്ചു പുറത്തിറങ്ങിയ തൊണ്ണൂറ്റിയഞ്ചു ശതമാനം സ്ത്രീകളുടെ നേരെയും കയറിപ്പിടിക്കാനുള്ള ശ്രമമുണ്ടായില്ല.

ബാഡ്ജ് മാത്രമല്ല ഈ കുട്ടിയുടെ പ്രവർത്തിയിൽ നിന്നുമുണ്ടായത്. ഈ വിഷയം സമൂഹത്തിൽ ചർച്ചയായി. എങ്ങനെയെല്ലാം ഈ വിഷയത്തെ നേരിടാമെന്ന് സാങ്കേതിക വിദഗ്ദ്ധരും പോലീസും സമൂഹവും ചർച്ച ചെയ്തുതുടങ്ങി. ട്രെയിനിലും ബസിലും ക്യാമറകൾ വന്നു, മൊബൈൽ ഫോണിൽ ‘chikan radar' എന്നൊരു ആപ്പും. ഏതെങ്കിലും സ്ത്രീകൾ എവിടെയെങ്കിലും ഗ്രോപ്പിങ്ങിന് ഇരയായാൽ ആ ആപ്പിൽ റിപ്പോർട്ട് ചെയ്യാം. അപ്പോൾ ഏതൊക്കെ നഗരത്തിൽ ഏതൊക്കെ റൂട്ടിൽ ഏതൊക്കെ സമയത്താണ് ഇത്തരം സാമൂഹ്യ ദ്രോഹികൾ ഇറങ്ങുന്നതെന്ന് പോലീസിനും മറ്റു സ്ത്രീകൾക്കും അറിവ് കിട്ടും. ജപ്പാനിലെ പോലീസ് ‘Digi Police’ എന്നൊരു ആപ്പുണ്ടാക്കി. ആരെങ്കിലും ഇത്തരം പ്രവർത്തികൾക്ക് വിധേയരാവുകയോ അത് കാണുകയോ ചെയ്താൽ ഒരു ബട്ടണമർത്തിയാൽ അവിടെ വലിയ ഒച്ചപ്പാടുണ്ടാകും ‘ഇവിടെ ഒരു തെമ്മാടിയുണ്ട്, രക്ഷിക്കുക’ എന്നൊരു സന്ദേശം പൊലീസിന് ലഭിക്കുകയും ചെയ്യും.

ഇതിലും രസകരമായ മറ്റൊരു കണ്ടുപിടിത്തവും ജപ്പാൻകാർ നടത്തി. ശരീരത്തിൽ കയറിപ്പിടിക്കാൻ വരുന്നവരുടെ നേരെ ഇൻവിസിബിൾ ആയ മഷി പ്രയോഗിക്കുക. അതിനുശേഷം അൾട്രാവയലറ്റ് ലൈറ്റടിച്ചാൽ മഷി തെളിഞ്ഞു വരും. ബസിറങ്ങി ഡീസന്റായി വരുന്ന ആളുകളെ വിമാനത്താവളത്തിലെ പോലെ ഒരു സ്കാനറിലൂടെ കടത്തിവിട്ടാൽ ചിക്കൻ വർക്കിന്‌ പോകുന്നവർക്ക് ഗോതന്പുണ്ട തിന്നാം.

ഞാൻ എൻറെ ആൺ സുഹൃത്തുക്കളോട് സംസാരിക്കുന്പോൾ എന്നെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. ഈ വിഷയം കേരളത്തിൽ എത്രമാത്രം വ്യാപകമാണെന്ന് അവർക്ക് ഒരു ധാരണയുമില്ല. ഉണ്ടെങ്കിൽത്തന്നെ ഇതത്ര വലിയ കാര്യമാക്കാനുണ്ടോ എന്നതാണ് ചിന്ത. അതിനിപ്പോ ആപ്പ് ഒക്കെ വേണോ, പ്രശ്നമുണ്ടാകുന്പോൾ തന്നെ കുഴപ്പക്കാരെ പിടിച്ച് പോലീസിൽ ഏൽപ്പിച്ചാൽ പോരെ എന്ന് ചിന്തിക്കുന്നവരുമുണ്ടാകും. അവർക്കൊന്നും അവരെ ശരിക്കു വിശ്വസിക്കുന്ന, അവരോട് തുറന്ന് സംസാരിക്കാൻ തോന്നുന്ന സ്ത്രീകൾ ചുറ്റുമില്ല എന്ന് മാത്രം തൽക്കാലം പറയാം.

ജപ്പാനിൽ നടക്കുന്ന ഈ മാറ്റങ്ങൾ കേരളത്തിലെ സ്ത്രീകളും പോലീസും ശ്രദ്ധിക്കേണ്ടതാണ്. മുൻപ് പറഞ്ഞത് പോലെ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ കേരളത്തിൽ സ്ത്രീകൾക്ക് പൊതു ഇടങ്ങളിൽ ദിവസേന എന്ന പോലെ ഇത്തരം കടന്നുകയറ്റങ്ങൾ സഹിക്കേണ്ടി വരുന്നു എന്നത് നമ്മെ ശരിക്ക് നാണിപ്പിക്കേണ്ടതാണ്. പോലീസും സാങ്കേതിക വിദഗ്ദ്ധരും സ്ത്രീകളും ഒത്തു ശ്രമിച്ചാൽ ജപ്പാനിലെ പോലെ ഈ വിഷയത്തിൽ നമുക്കും വലിയമാറ്റങ്ങളുണ്ടാക്കാം. മുരളി തുമ്മാരുകുടി '

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MURALI THUMMARUKUDI, CHIKAN, JAPAN, SEXUAL HARASSMENT AGAINST WOMEN, FACEBOOK POST
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.