കിളിമാനൂർ: മരച്ചീനി ഇല ഉണക്കി സൂക്ഷിച്ചാൽ കാലിത്തീറ്റ ഘടകമായി ഉപയോഗിക്കാമെന്ന് ശാസ്ത്രീയമായി തെളിയിച്ച് പേരൂർ എം. എം. യു .പി സ്കൂളിലെ ഏഴാംതരം വിദ്യാർത്ഥിനികളായ ആവണി .ബി. എസിനേയും നന്ദന ജി. ആറിനേയും ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേക്ക് തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം പാലോട് (ജെ.എൻ.ടി.ബി. ജി.ആർ.ഐ) ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ മാറ്റുരച്ച 44 പ്രബന്ധങ്ങളിൽ നിന്നാണ് എം. എം. യു. പി എസിന് തിരഞ്ഞെടുത്തത്. നഗരൂർ ഗ്രാമപഞ്ചായത്തിലെ ക്ഷീര - മരച്ചീനിക്കർഷകരെ ബന്ധിപ്പിച്ചാണ് കുട്ടികൾ പഠനം നടത്തിയത്. പഞ്ചായത്തിൽ 416 ടൺ മരച്ചീനി വർഷത്തിൽ കൃഷി ചെയ്തു വരുന്നു. ഇലയിലെ പച്ചനിറം അധികം നഷ്ടപ്പെടാതെ ഉണക്കി സൂക്ഷിച്ചാൽ മരച്ചീനിയിലെ പ്രകൃതിദത്ത വിഷാംശമായ സയോജനിക് ഗ്ലൂക്കോ സൈഡിന്റെ അളവ് കാലികൾക്ക് ദോഷകരമായി ബാധിക്കാത്ത നിലയിൽ താഴുന്നുവെന്നും വേനൽക്കാലത്ത് കാലികൾക്ക് സമ്പുഷ്ടമായ കാലിത്തീറ്റയായി ഉപയോഗിക്കാമെന്നും കുട്ടികൾ കണ്ടെത്തി. ഗ്രാമീണ കർഷകർക്ക് പ്രയോജനം ചെയ്യുന്ന കണ്ടെത്തെൽ സംസ്ഥാനതല മത്സരത്തിൽ പ്രശംസ പിടിച്ചുപറ്റി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രഘു , ഹെഡ്മാസ്റ്റർ ഐം. ഐ. അജികുമാർ , പി.ടി. എ പ്രസിഡന്റ് ജെ. സക്കീർ ഹുസൈൻ എന്നിവർ ഇതിന് നേതൃത്വം നൽകിയ സയൻസ് അദ്ധ്യാപിക ആർ. ദീപാറാണിയേയും വിജയികളായ കുട്ടികളേയും അനുമോദിച്ചു.