തിരുവനന്തപുരം: വയലിൻ മാന്ത്രികൻ ബാലഭാസ്കറിന്റെ മരണം സി.ബി.ഐ അന്വേഷിക്കും. കേസ് സി.ബി.ഐക്ക് കൈമാറിക്കൊണ്ടുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിപ്പിച്ചു. നിലവിൽ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. മരണത്തിൽ അസ്വഭാവികത ഇല്ല എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിച്ചേർന്നത്.
ബാലഭാസ്കറിന്റെ പിതാവ് കെ.സി ഉണ്ണിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്ക്കാര് നടപടി. അന്വേഷണം സിബിഐക്കു വിടുന്ന കാര്യം സംസ്ഥാന സര്ക്കാര് തീരുമാനിക്കട്ടെ എന്ന നിലപാടിലായിരുന്നു പൊലീസ്. മകന്റെ മരണത്തിൽ സംശയമുണ്ടെന്നും, കേസ് സി.ബി.ഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് കെ.സി ഉണ്ണി മുഖ്യമന്ത്രിയെ കണ്ടിരുന്നു.
ദേശീയപാതയിൽ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാംപിന് സമീപം 2018 സെപ്റ്റംബർ 25ന് പുലർച്ചെ നാലോടെയായിരുന്നു അപകടം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. രണ്ടു വയസുകാരിയായ മകൾ തേജസ്വിനി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്കറിനെ രണ്ടു ശസ്ത്രക്രിയകൾക്കു വിധേയനാക്കിയെങ്കിലും ദിവസങ്ങൾ കഴിഞ്ഞതോടെ മരണത്തിന് കീഴടങ്ങി.
അപകടവുമായി ബന്ധപ്പെട്ട് നിരവധി അവ്യക്തതകളുണ്ടായിരുന്നു.അപകട സമയത്ത് വാഹനം ഓടിച്ചത് ഡ്രൈവർ അർജുനായിരുന്നുവെന്നാണ് ബാലുവിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. എന്നാൽ ഡ്രൈവിംഗ് സീറ്റിൽ ബാലഭാസ്കർ ആയിരുന്നെന്നാണ് പ്രദേശവാസികളുടേതടക്കം അഞ്ച് സാക്ഷിമൊഴികൾ. പൊന്നാനിക്കുള്ള കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറാണ് ആദ്യമായി രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. ഇദ്ദേഹവും സമാനമൊഴിയാണ് നൽകിയത്. മരണത്തിന് സ്വർണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന രീതിയിലുള്ള ആരോപണങ്ങളും ഉയർന്നിരുന്നു.