Kerala Kaumudi Online
Friday, 24 May 2019 1.05 AM IST

പിങ്ക് പൊലീസ് 110

novel

കംപ്യൂട്ടറിൽ തെളിഞ്ഞ ദൃശ്യങ്ങൾ കണ്ട് എസ്.ഐ ആർജവും സുഹൃത്തുകളും സ്തബ്ധരായി.
വിജയയുടെ കണക്കുകൂട്ടലുകൾ എത്ര ശരിയായിരിക്കുന്നു!

അവർ ആ ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌കുകൾ കടയുടമയിൽ നിന്നു വാങ്ങി.
സി.ഐ അലക്സ് എബ്രഹാമിന്റെ മുന്നിലാണ് അവർ ആ തെളിവുകളുമായി ആദ്യമെത്തിയത്.
''ഇത് ഉടൻ എസ്.പി സാറിനെ കാണിക്കണം.'

അവരെയും കൂട്ടി അലക്സ് എബ്രഹാം എസ്.പി അരുണാചലത്തിന്റെ അടുത്തു ചെന്നു,
എസ്.പിയും ആ രംഗങ്ങൾ കണ്ടു. അയാളുടെ മുഖത്തേക്കു ചോര ഇരച്ചു കയറി.

''നമ്മൾ നിയമപാലകരാണെന്ന് പറഞ്ഞ് ഇങ്ങനെയിരുന്നിട്ട് എന്തുകാര്യം? നമ്മുടെ മൂക്കിനു താഴെക്കൂടി കൊലയാളി വിലസി നടക്കുന്നു. ഇതിന് ഒരു അറുതി ഉണ്ടായേ പറ്റൂ. നിങ്ങൾ എന്തു പറയുന്നു?'

അരുണാചലം സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നോക്കി.'
''സാർ...' എസ്.ഐ ബിന്ദുലാൽ ആണു സംസാരിച്ചത്. ''ഞങ്ങൾക്ക് രണ്ടു ദിവസത്തെ സമയം കൂടി തരണം. അതിനുള്ളിൽ സ്പാനർ മൂസയെ അങ്ങയുടെ മുന്നിൽ എത്തിച്ചിരിക്കും.'

അരുണാചലം അമർത്തി ഒന്നു മൂളി. പിന്നെ ശബ്ദം താഴ്ത്തി:
''ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്ന നിലയ്ക്ക് ഞാൻ പറയാൻ പാടില്ലാത്തതാണ്. എങ്കിലും ഒരു പുനർ ചിന്ത എന്ന നിലയിൽ എനിക്കിതു പറഞ്ഞേ പറ്റൂ. നമ്മൾ ഏഴു പേരും അല്ലാതെ മറ്റൊരാൾ കൂടി ഇത് അറിയാൻ പാടില്ല...'
എല്ലാവരും ശ്രദ്ധയോടെ എസ്.പിയുടെ മുഖത്തേക്കു നോക്കി.

അരുണാചലം പറഞ്ഞു:
''രാഷ്ട്രീയ പിൻബലമുള്ള കുറ്റവാളികൾ തടവുശിക്ഷയുടെ ഭൂരിഭാഗവും പരോൾ എന്ന പേരിൽ പുറത്തു നിൽക്കുന്ന നാടാണിത്.

പരോളിൽ ഇറങ്ങിപ്പോയി വിവാഹം ചെയ്ത് മധുവിധുവരെ ആഘോഷിക്കുന്നു. എന്നിട്ട് പാവപ്പെട്ടവന്റെ നികുതിപ്പണം കൊണ്ട് ജയിലുകളിൽ വി.ഐ.പി ഫുഡ്.. അക്കോമഡേഷൻ...'
അരുണാചലത്തിന്റെ മുഖം പ്രതിഷേധം കൊണ്ട് മുറുകി:

''കഷ്ടപ്പെട്ട് ഒരു കുറ്റവാളിയെ നമ്മൾ കസ്റ്റഡിയിലെടുത്ത് ജയിലിൽ അയയ്ക്കും. അവനവിടെ തിന്നു മദിച്ച് കൂത്താടുന്നു... സ്പാനർ മൂസയുടെ കാര്യത്തിൽ അങ്ങനെ നടന്നുകൂടാ. ജയിലിന് അകത്തായാലും പുറത്തായാലും, ഏത് നാറിയുടെ പിൻതുണയുണ്ടെങ്കിലും പൊലീസ് തുനിഞ്ഞിറങ്ങിയാൽ എങ്ങനെയിരിക്കുമെന്ന് അവനറിയണം. ഇനി ഒരു കുറ്റകൃത്യം ചെയ്യാൻ അവൻ മനസ്സിൽ പോലും ചിന്തിക്കരുത്. നിങ്ങൾക്കു മനസ്സിലായല്ലോ?'
''ആയി സാർ...' മറ്റുള്ളവർ ഏക സ്വരത്തിൽ പറഞ്ഞു.

''ദെൻ .. ഗോ.'
സി.ഐ അടക്കമുള്ളവർ എസ്.പിയുടെ മുറിവിട്ടു.

'' ആ സമയം കോളേജിലെ ഒരു നോൺ ടീച്ചിംഗ് സ്റ്റാഫിനെ പ്രലോഭിപ്പിച്ച് കോളേജിന്റെ മെയിൽ ഐഡിയും പാസ്‌വേഡും സംഘടിപ്പിച്ചിരുന്നു രാഹുൽ. പിന്നെ തന്റെ വീട്ടിൽ ഇരുന്നുകൊണ്ട് അവൻ കോളേജിന്റെ സൈറ്റ് ഓൺ ചെയ്തു.

അതിൽ ഫസ്റ്റ് ഡി.സി വിദ്യാർത്ഥികളുടെ ഫയൽ തിരഞ്ഞു.
അധികം പരിശ്രമിക്കേണ്ടി വന്നില്ല. അതു ലഭിച്ചു.

സീറ്റ് അലോട്ട്‌മെന്റ് ലിസ്റ്റിൽ നിന്ന് അവൻ വിദ്യാർത്ഥികളുടെ പേരും അഡ്രസ്സും പേരൻസിന്റെ ജോലിയും മറ്റും തിരിച്ചറിഞ്ഞു.
അതിൽ ഒക്യുപ്പേഷനിൽ 'സോഷ്യൽ വർക്കർ' എന്ന് ഒരു വിദ്യാർത്ഥിയുടെ മാതാവിന്റെ ജോലി കണ്ടു.

രാഹുലിന്റെ ചുണ്ടിൽ ഒരു പുഞ്ചിരിയുണ്ടായി.
സാലമ്മ തോമസ്!
അതായിരുന്നു ആ സ്ത്രീയുടെ പേര്.

സാലമ്മ തോമസിനെ രാഹുലിന് അറിയാം. തങ്ങളുടെ പാർട്ടിയിൽപെട്ട ആളുതന്നെ.
കഴിഞ്ഞ ഇലക്ഷൻ കാലത്തൊക്കെ ആക്ടീവായി രംഗത്തുണ്ടായിരുന്നു....

വർഷങ്ങൾക്കു മുൻപ് അവൾ സി.എമ്മിന്റെ അടുത്ത കക്ഷിയായിരുന്നു എന്നും പറഞ്ഞുകേട്ടിട്ടുണ്ട്.
ഇപ്പോഴും കണ്ടുകഴിഞ്ഞാൽ മുപ്പതിൽ കൂടുതൽ തോന്നിക്കില്ല.

ചാമ്പയ്ക്കയുടെ നിറമുള്ള സുന്ദരി.
അച്ഛനെ കാണാൻ ഇവിടെയും വന്നിട്ടുണ്ട്.
രാഹുൽ രാജസേനനോട് വിവരം പറഞ്ഞു.

''എങ്കിൽ സംശയിക്കണ്ടാ. അവൾ തന്നെ.. എന്താ, ആ ചെറുക്കന്റെ പേര്?' അയാൾ മകനെ നോക്കി.
''നോബിൾ തോമസ്.'

''അവനെ ഉടൻ കിട്ടണം. എന്നിട്ടുവേണം സി.എമ്മിനോട് വിലപേശാൻ.... വിളിക്ക് നീ മൂസയെ...'
രാജസേനന് ആഹ്ളാദത്തിന് അതിരില്ലായിരുന്നു. (തുടരും)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NOVEL, PINK POLICE
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY