ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ ബോണ്ടുവഴിയുള്ള സംഭാവന പിരിക്കലിൽ കോളടിച്ചത് ബി.ജെ.പിയ്ക്ക്. കഴിഞ്ഞ സാമ്പത്തികവർഷം ബി.ജെ.പിയടക്കമുള്ള രാഷ്ട്രീയപ്പാർട്ടികൾക്ക് ലഭിച്ച സംഭാവനയിൽ പകുതിയിലേറെയും തിരഞ്ഞെടുപ്പു ബോണ്ടുവഴിയാണ്. 1450.89 കോടി രൂപ ബോണ്ടുവഴി സംഭാവനയായി ബി.ജെ.പിയ്ക്ക് ലഭിച്ചത്. കോൺഗ്രസിന് ആകെ കിട്ടിയ 551.55 കോടി രൂപയിൽ 383.26 കോടിയും തിരഞ്ഞെടുപ്പു ബോണ്ട് വഴിയാണ്. വിവരാവകാശപ്രവർത്തകൻ വെങ്കിടേഷ് നായക് ശേഖരിച്ച റിപ്പോർട്ടുകളിലാണ് ഈ വിലയിരുത്തൽ.
2018-19 വർഷം 3696.62 കോടി രൂപയാണ് ബി.ജെ.പി.യും കോൺഗ്രസും ഉൾപ്പെടെ ഏഴു പാർട്ടികൾക്ക് ലഭിച്ച മൊത്തം സംഭാവന. ഇതിൽ 2421 കോടി രൂപ തിരഞ്ഞൈടുപ്പു ബോണ്ടുവഴിയാണ്; അതായത്, 65.51 ശതമാനമെന്നാണ് വിവരാവകാശ രേഖ സൂചിപ്പിക്കുന്നത്. തെലങ്കാനയിലെ ടി.ആർ.എസിനു ലഭിച്ച സംഭാവനയിൽ ഭൂരിഭാഗവും ബോണ്ടുവഴിയിൽ തന്നെ. മൊത്തം കിട്ടിയത് 182.67 കോടി രൂപ. ഇതിൽ 141.50 കോടി രൂപ (82.20 ശതമാനം) തിരഞ്ഞെടുപ്പു ബോണ്ടിലൂടെ. വൈ.എസ്.ആർ. കോൺഗ്രസിനാവട്ടെ 181.07 കോടി രൂപ ലഭിച്ചതിൽ 99.89 കോടിയും ബോണ്ടുവഴിയാണ്.
ജെ.ഡി.എസിന് ലഭിച്ച 42.88 കോടി രൂപയിൽ 35.25 കോടിയും ബോണ്ടിലൂടെയാണ്. പശ്ചിമബംഗാളിലെ തൃണമൂൽ കോൺഗ്രസ്, ഒഡിഷയിലെ ബി.ജെ.ഡി. എന്നിവയാണ് തിരഞ്ഞെടുപ്പു ബോണ്ടുവഴി സംഭാവന സ്വീകരിച്ച മറ്റു പാർട്ടികൾ. എന്നാൽ സി.പി.എം., സി.പി.ഐ., എൻ.സി.പി., എസ്.പി., ബി.എസ്.പി., ഡി.എം.കെ., ടി.ഡി.പി., ആർ.ജെ.ഡി., ജെ.ഡി.യു., എ.എ.പി., എ.ഐ.എ.ഡി.എം.കെ. എന്നീ പാർട്ടികളൊന്നും തിരഞ്ഞെടുപ്പു ബോണ്ടുവഴി സംഭാവന വാങ്ങിയിട്ടില്ല.
ബോണ്ടു വഴി സംഭാവന വാങ്ങുന്നത് സുതാര്യമല്ലെന്നും, വൻതോതിൽ സംഭാവന നൽകി കോർപ്പറേറ്റുകൾക്ക് രാഷ്ട്രീയപ്പാർട്ടികളെ സ്വാധീനിക്കാൻ ഇത് വഴിയൊരുക്കുമെന്നുമാണ് ഇടതുപക്ഷ പാർട്ടികളുടെ വിമർശനം.