കോട്ടയം: പാർലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട അഫ്സൽ ഗുരുവിന്റെ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ച് എഴുത്തുകാരൻ എസ്. ഹരീഷ്. ചിത്രത്തിനൊപ്പം ഫ്രഞ്ച് തത്വചിന്തകനും എഴുത്തുകാരനുമായിരുന്ന വോൾട്ടയറുടെ ഒരു പ്രസ്താവനയും ഹരീഷ് പങ്കുവച്ചിട്ടുണ്ട്. 'നിങ്ങളെകൊണ്ട് അസംബന്ധങ്ങളിൽ വിശ്വസിപ്പിക്കാൻ സാധിക്കുന്നവർക്ക്, കൊടുംക്രൂരതകളും നിങ്ങളെ കൊണ്ട് ചെയ്യിക്കാനാകും.' എന്ന വോൾട്ടയറുടെ വാക്കുകളാണ് ഹരീഷ് ചിത്രത്തിനൊപ്പം നൽകിയിരിക്കുന്നത്.
കാശ്മീരിൽ തീവ്രവാദികൾക്കൊപ്പം പിടിയിലായ ദവീന്ദർ സിംഗ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ പാർലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട് തന്നെ ക്രൂരമായി ഉപദ്രവിച്ചിരുന്നുവെന്നും തുടർന്ന് തന്നെ കേസിൽ കുടുക്കുകയായിരുന്നുവെന്നും വധിക്കപ്പെടും മുൻപ് അഫ്സൽ ഗുരു വെളിപ്പെടുത്തിയിരുന്നു. അടുത്തിടെ ദവീന്ദർ സിംഗ് പിടിയിലായ സാഹചര്യത്തിലാണ് എസ്. ഹരീഷ് ഈ ചിത്രവും കുറിപ്പും പോസ്റ്റ് ചെയ്തത്.
കഴിഞ്ഞ സ്വതന്ത്ര്യദിനത്തിൽ ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡൽ നേടിയ ജമ്മു- കാശ്മീരിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദവീന്ദർ സിംഗ്, പിടികിട്ടാപ്പുള്ളികളായ രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർക്കൊപ്പം ശനിയാഴ്ച അറസ്റ്റിലായിരുന്നു. ഭീകരരായ നവീദ് ബാബു, ആസിഫ് റാത്തർ എന്നിവരോടൊപ്പം ഡൽഹിയിലേക്കുള്ള യാത്രാമദ്ധ്യേ ശ്രീനഗർ - ജമ്മു ഹൈവേയിൽ വച്ചാണ് ഇയാൾ പിടിയിലായത്. ഇവരുടെ കാറിൽ നിന്ന് എ.കെ. 47 റൈഫിൾ ഉൾപ്പെടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തിരുന്നു.