ആയിരം മനുഷ്യരിൽ ഒരാൾ സിദ്ധിക്കുവേണ്ടി യത്നിക്കുന്നു. അത്തരത്തിലുള്ള ആയിരം പേരിൽ ഒരാൾ യഥാർത്ഥത്തിൽ എന്നെ അറിയുന്നു." എന്ന ഭഗവദ്ഗീതാദർശനം സ്വജീവിതത്തിൽ സാക്ഷാത്ക്കരിച്ച യോഗീവര്യനാണ് ശ്രീനാരായണഗുരുദേവൻ. ക്ലേശപൂർണമായ സാഹചര്യങ്ങളെ അതിജീവിച്ച് കഠിനതപസിലൂടെ താൻ ആർജ്ജിച്ച സിദ്ധികൾ സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി അദ്ദേഹം വിനിയോഗിച്ചു. ലോകക്ഷേമോത്സുകനായി ജീവിച്ച ആ കർമ്മയോഗിയെക്കുറിച്ച് അസംഖ്യം പുസ്തകങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. ജീവചരിത്രങ്ങളും കവിതകളും പഠനങ്ങളും മാത്രമല്ല മഹാകാവ്യങ്ങൾ പോലും അക്കൂട്ടത്തിൽ ഉൾപ്പെടുന്നു. ഗുരുവിജ്ഞാന പരമ്പരയിലെ താരതമ്യേന ആധുനികമായ ഒരു കൃതിയാണ് പന്മന ജി. ഹരിദാസിന്റെ 'പാദസമർപ്പണം". ഗുരുദേവന്റെ അനന്യസാധാരണമായ വ്യക്തി വൈശിഷ്ട്യവും ആദ്ധ്യാത്മിക സിദ്ധികളും ഒരു ആരാധകന്റെ മനസിൽ ഉണർത്തിയ അത്ഭുതാദരങ്ങൾ അനാവരണം ചെയ്യാനാണ് ഈ പുസ്തകത്തിൽ ഗ്രന്ഥകാരൻ ശ്രമിച്ചിട്ടുള്ളത്.
ശ്രീനാരായണ ഗുരുദേവന്റെ ധന്യജീവിതത്തിലെ പ്രധാന സംഭവങ്ങൾ വിവരിക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ചുള്ള പഠനവും പാദസമർപ്പണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 'ദൈവദശകം" ചൊല്ലിക്ഷേത്ര പ്രദക്ഷിണം നടത്തിയ ഒരു ഭക്തയ്ക്കുണ്ടായ തിക്താനുഭവം സൂചിപ്പിച്ചുകൊണ്ടാണ് ഗ്രന്ഥം ആരംഭിക്കുന്നത്. തുടർന്ന് ആ പ്രാർത്ഥനയുടെ പൂർണരൂപം ഉദ്ധരിച്ച് വ്യാഖ്യാനം തയ്യാറാക്കിയിരിക്കുന്നു. ഗുരുവിന്റെ ബാല്യം, വിദ്യാഭ്യാസം, തപസ്, അവധൂതവൃത്തി തുടങ്ങിയവയെക്കുറിച്ചെല്ലാം സാമാന്യമായി പരാമർശിച്ചശേഷം അരുവിപ്പുറം പ്രതിഷ്ഠയിലെത്തുന്നു. ഗുരുവചനങ്ങളെ ആദരിക്കാത്ത അനുയായികളുടെ പ്രവൃത്തികളിൽ തനിക്കുള്ള ദുഃഖവും അമർഷവും ശക്തമായ ഭാഷയിൽ പ്രകടിപ്പിക്കാൻ ലേഖകൻ തയ്യാറായിട്ടുണ്ട്.
ഗുരുദേവ കൃതികളെക്കുറിച്ച് വിശദമായി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു വഴികാട്ടിയാണ് പാദസമർപ്പണം. അനുകമ്പദശകം, ജീവകാരുണ്യപഞ്ചകം, ജനനീനവരത്നമഞ്ജരി, ദർശനമാല, അദ്വൈതദീപിക, ആത്മോപദേശ ശതകം എന്നിവയെക്കുറിച്ചെല്ലാം അതിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ഗുരുവിന്റെ സംസ്കൃതകൃതികളായ ദർശനമാല, ആത്മോപദേശശതകം തുടങ്ങിയവ ഉൾക്കൊള്ളാൻ സംസ്കൃത പരിജ്ഞാനം ആവശ്യമാണ്. സംസ്കൃതപഠനത്തിന് വേണ്ടത്ര സൗകര്യങ്ങൾ നമ്മുടെ നാട്ടിൽ ഇല്ലാത്തതിൽ ഹരിദാസിനു ദുഃഖമുണ്ട്. ''ഇന്ത്യൻ ജനതയെ മുഴുവൻ സംസ്കൃതം പഠിപ്പിക്കാനുള്ള തീവ്രയത്നപരിപാടി ഏതെങ്കിലും ഒരു ഭരണാധികാരി നടപ്പിലാക്കണം. അപ്പോൾ മാത്രമേ ഇന്ത്യാക്കാരൻ ധന്യനാകൂ.'' എന്ന അദ്ദേഹത്തിന്റെ അഭിപ്രായം പരിഗണനാർഹമാണ്.
ക്ഷേത്രങ്ങളിൽ ഗുരുദേവൻ നടത്തിയ പ്രതിഷ്ഠകളെക്കുറിച്ച് പാദസമർപ്പണത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഇഷ്ടദേവതാ വിഗ്രഹങ്ങൾ മാത്രമല്ല ദീപം, കണ്ണാടി, ഓംകാരം തുടങ്ങിയവയും വ്യത്യസ്ത സാഹചര്യങ്ങളിൽ പ്രതിഷ്ഠിച്ചത് ഈശ്വരരാധനയ്ക്ക് പ്രതീകങ്ങൾ കൂടിയേ തീരൂ എന്നു ധരിച്ചിരുന്ന അനുയായികളെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ്. ഓരോ പ്രതിഷ്ഠയും ഭക്തന്മാർക്ക് വ്യക്തമായ സന്ദേശം നൽകുന്നതായിരുന്നു. ഗുരുദേവന്റെ വാക്കുകളുടെ പിൻബലത്തോടുകൂടിയാണ് ശിവഗിരി തീർത്ഥാടനത്തെക്കുറിച്ച് ഗ്രന്ഥകാരൻ വിവരിക്കുന്നത്. ഏതു പ്രവൃത്തി ചെയ്യുമ്പോഴും അതിനൊരു ലക്ഷ്യം വേണം. മനുഷ്യന്റെ ബുദ്ധിയെയും വിവേകത്തെയും ഉണർത്തുന്നതിനായി വിദ്യാഭ്യാസം,ശുചിത്വം, ഈശ്വരവിശ്വാസം, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, ശാസ്ത്രസാങ്കേതിക പരിശീലനം എന്നീ വിഷയങ്ങളെപ്പറ്റി അഗാധപാണ്ഡിത്യം നേടിയവരെ കൊണ്ടുവന്നു പ്രസംഗം പറയിക്കണം. ജനങ്ങൾ അത് ശ്രദ്ധയോടെ കേൾക്കുകയും ജീവിതത്തിൽ പകർത്തുകയും വേണം. അഭിവൃദ്ധി ആഗ്രഹിക്കുന്ന ഒരു സമൂഹത്തിന് എല്ലാകാലത്തും പ്രസക്തമായ ഉദ്ബോധനമാണല്ലോ ഇത്.
ശ്രീനാരായണഗുരുദേവൻ സാക്ഷാത് ഈശ്വരനാണെന്ന് പന്മന ഹരിദാസ് ദൃഢമായി വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ വിശ്വാസത്തെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. എന്നാൽ എല്ലാവരും അങ്ങനെ വിശ്വസിച്ചുകൊള്ളണമെന്ന് വാശിപിടിക്കുന്ന സമീപനം നല്ലതാണെന്നു പറയാൻ വയ്യ. ജനാധിപത്യ വ്യവസ്ഥിതിയിൽ മതം പൗരന്റെ വ്യക്തിപരമായ കാര്യമാണ്. ആസ്തികനും നിരീശ്വരവാദിയ്ക്കും ഒപ്പം സ്ഥാനം നൽകിയ പാരമ്പര്യമാണ് ഭാരതീയ സംസ്കാരത്തിനുള്ളത്. വാദിക്കാനും കലഹിക്കാനും പുറപ്പെടുന്നതിനു പകരം അറിയാനും അറിയിക്കാനും ശ്രമിക്കുന്നതാണ് നല്ല മതവിശ്വാസമെന്ന് ഗുരുദേവൻ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ.
പ്രസാധകർ: സൈന്ധവ ബുക്സ്, കൊല്ലം.