SignIn
Kerala Kaumudi Online
Sunday, 09 August 2020 6.15 AM IST

ഇന്ത്യയിൽ വ്യാപന നിരക്ക് ഇങ്ങനെ കുതിക്കാനെന്ത്?​

covid-

ന്യൂഡൽഹി: സമ്പൂർണ ലോക്ക് ഡൗൺ നിലനിന്നപ്പോഴും രാജ്യത്ത് കൊവിഡ് രോഗ വ്യാപനനിരക്ക് ആശങ്കയുളവാക്കും വിധം ഉയർന്ന പശ്ചാത്തലത്തിലാണ് അടച്ചിടൽ നീട്ടാൻ ഇന്നലെ ധാരണയായത്. നിയന്ത്രണങ്ങൾ കർശന സ്വഭാവത്തോടെ നടപ്പാക്കിയില്ലെങ്കിൽ സ്ഥിതിഗതികൾ കൈവിട്ടു പോകുമെന്ന മുന്നറിയിപ്പു കൂടിയാണിത്. ഇന്നലെ മാത്രം രാജ്യത്ത് ആയിരം പേരാണ് പുതുതായി കൊവിഡ് ബാധിതരായത്. ഒറ്റദിവസം 40 മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.

രോഗവ്യാപനവും മരണവും ചെറിയ തോതിലാണെങ്കിലും വർദ്ധിക്കുന്നുവെന്ന സൂചന കിട്ടിയതോടെയാണ് മാർച്ച് 24 ന് ഇന്ത്യയിൽ മൂന്നാഴ്ചത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ആ ദിവസം 536 രോഗികളും 10 മരണവും എന്നതായിരുന്നു രാജ്യത്തിന്റെ കൊവിഡ് ചിത്രം. ലോക്ക് ഡൗൺ പതിനെട്ടു ദിവസം തികഞ്ഞ ഇന്നലെ രോഗികളുടെ എണ്ണം 7400 കവിയുകയും മരണസംഖ്യ 239 ലെത്തുകയും ചെയ്തു. വൈറസ് വ്യാപനത്തിന്റെ വേഗതയും തീവ്രസ്വഭാവവും വ്യക്തമാക്കുന്നതാണ് ഈ കണക്ക്.

തബ്‌ലീഗിനു ശേഷം

സംഭവിച്ചത്

വിദേശത്തു നിന്ന് എത്തിയവരും അവരുമായി സമ്പർക്കം പുലർത്തിയവരുമായിരുന്നു ലോക്ക് ഡൗണിനു മുമ്പ് രോഗവ്യാപനത്തിന്റെ പ്രധാന ഉറവിടമെങ്കിൽ,​ അടച്ചിടൽ കാലത്ത് വ്യാപന തീവ്രത വർദ്ധിക്കാൻ കാരണമായി ആരോഗ്യവിദഗ്ദ്ധർ കരുതുന്നത് നിയന്ത്രണങ്ങൾ ലംഘിച്ച് ഡൽഹിയിൽ നടന്ന തബ്‌ലീഗ് സമ്മേളനമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കൊവിഡ് ക്ലസ്റ്റർ എന്നു വിശേഷിപ്പിക്കപ്പെടുന്ന തബ്‌ലീഗ് സമ്മേളനത്തിൽ മാർച്ച് 12 മുതൽ 22 വരെ വിദേശികൾ ഉൾപ്പെടെ നാലായിരത്തിലേറെ പേരാണ് പങ്കെടുത്തത്.

സമ്മേളനത്തിനു ശേഷം വിവധ സംസ്ഥാനങ്ങളിലേക്കു പോയ ഇവരിൽ ബഹുഭൂരിപക്ഷത്തെയും ഇനിയും കണ്ടെത്തിയിട്ടില്ല. രാജ്യത്തിന്റെ പല ഭാഗങ്ങളിലും തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങിയവർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ രോഗികളുടെ എണ്ണം പെട്ടെന്നു വർദ്ധിച്ചതിനു കാരണം ലോക്ക് ‌ഡൗൺ നിയന്ത്രണങ്ങൾക്കു വിരുദ്ധമായി നടന്ന തബ്‌ലീഗ് സമ്മേളനമാണെന്ന് രോഗവ്യാപനത്തിന്റെ ചാർട്ട് പരിശോധിച്ചാൽ വ്യക്തമാകും.

ഇന്ത്യയിൽ മാർച്ച് 22 ന് ജനതാ കർഫ്യൂ പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ 24 നാണ് രാജ്യവ്യാപക ലോക്ക് ഡൗൺ നിലവിൽ വന്നത്. തബ്‌ലീഗ് സമ്മേളനം നടന്ന നിസാമുദ്ദീനിലെ മർക്കസിൽ നിന്ന് 1500 പേർ 23 ന് വിവിധ സംസ്ഥാനങ്ങളിലേക്കു മടങ്ങി. അതിനു മുമ്പ്,​ 20 നു തന്നെ മർക്കസിൽ നിന്ന് തെലങ്കാനയിലേക്കു പോയ പത്ത് ഇൻഡോനേഷ്യൻ വംശജർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിനു മുമ്പ് പുറത്തുപോയവർ അതിനകം എത്രയോ പേരിൽ വൈറസ് ബാധയ്‌ക്ക് കാരണമായിരിക്കും!

സമ്മേളനം കഴിഞ്ഞും മർക്കസിൽ തുടർന്ന 1500 ലധികം പേരെ മാർച്ച് 31 നാണ് ബലപ്രയോഗത്തിലൂടെ നിരീക്ഷണകേന്ദ്രത്തിലേക്കു മാറ്റിയത്. നേരത്തേ പുറത്തുപോയവരിൽ നിന്ന് കൊവിഡ് പകർന്നു കിട്ടിയവരിൽ രോഗലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങിയ ഏപ്രിൽ ഒന്നിനു ശേഷമാണ് ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണത്തിൽ പെട്ടെന്ന് കുതിപ്പുണ്ടായത് (ചാർട്ട് കാണുക)​. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ എന്തു സംഭവിക്കുമെന്നതിന് ഇന്ത്യയ്‌ക്കു മുന്നിലുള്ള പാഠം കൂടിയാണ് മർക്കസ് ഫാക്ടർ.

ലോക്ക് ഡൗൺ

ഇല്ലായിരുന്നെങ്കിൽ

സാമൂഹ്യ വ്യാപനമെന്ന അപത്കരമായ ഘട്ടത്തിലേക്ക് ഇന്ത്യ കടന്നിട്ടില്ലെന്ന് സർക്കാരും ലോകാരോഗ്യ സംഘടനയും ആവർത്തിക്കുന്നുണ്ടെങ്കിലും സാമൂഹ്യ വ്യാപനത്തിന് തെളിവുണ്ടെന്നാണ് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലിന്റെ പുതിയ റിപ്പോർട്ട്. തമിഴ്‌നാട്,​ മഹാരാഷ്‌ട്ര,​ മദ്ധ്യപ്രദേശ്,​ ഉത്തർപ്രദേശ് തുടങ്ങിയ പല സംസ്ഥാനങ്ങളിലും രോഗം വ്യാപകമാവുന്നുണ്ട്.

ചൈന,​ അമേരിക്ക,​ ഇറ്റലി,​ സ്പെയിൻ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിലെ രോഗവ്യാപനം വലിയ കുതിപ്പായി തോന്നില്ലെങ്കിലും,​ രോഗികളുടെ എണ്ണം ഗണ്യമായി വർദ്ധിക്കുന്നു എന്നതാണ് വസ്‌തുത. സമ്പൂർണ ലോക്ക് ഡൗൺ നിലനിൽക്കുമ്പോഴാണ് ഈ കുതിപ്പെന്നതും ആശങ്കാജനകമാണ്. ലോക്ക് ഡൗൺ നിലവിൽ ഇല്ലായിരുന്നെങ്കിൽ രോഗവ്യാപനം ഇതിന്റെ എത്രയോ മടങ്ങ് രൂക്ഷമാകുമായിരുന്നു! രോഗം നിയന്ത്രണ വിധേയമാകും മുമ്പ് ലോക്ഡൗൺ പിൻവലിക്കുന്നത് ആപൽക്കരമാകും എന്നതിന്റെ തെളിവുമാണ് രോഗികളുടെ ഈ വർദ്ധന.

ഇന്ത്യയിലെ രോഗവ്യാപനം ഇങ്ങനെ

ജനുവരി 31ന് ആദ്യ കേസ് കേരളത്തിൽ. ഫെബ്രുവരി 3ന് കേരളത്തിൽ രണ്ട് കേസുകൾ കൂടി. മാർച്ച് 1 വരെ രാജ്യത്ത് ഈ മൂന്നു കേസുകൾ മാത്രം. മാർച്ച് 2 ന് ആറ് പുതിയ കേസുകൾ. അന്നു മുതൽ വർദ്ധന തുടങ്ങി. മാർച്ച് 4ന് രണ്ടക്കം കടന്നു - 29 കേസുകൾ. അടുത്ത പത്തു ദിവസം കൊണ്ട് (മാർച്ച് 14ന് )​ 100 രോഗികൾ. അടുത്ത പതിനഞ്ച് ദിവസം കൊണ്ട് ആയിരം കടന്നു. ( മാർച്ച് 29ന് 1024 രോഗികൾ ). ഇതിനു ശേഷം വർദ്ധന കുത്തനെയായി.

മാർച്ച് 2 മുതൽ കണക്കാക്കിയാൽ 28 ദിവസം കൊണ്ടാണ് ആദ്യത്തെ ആയിരം കടന്നത്. അടുത്ത പന്ത്രണ്ട് ദിവസം കൊണ്ട് മൊത്തം രോഗികൾ 7000 കടന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.