SignIn
Kerala Kaumudi Online
Wednesday, 05 August 2020 2.13 AM IST

മർഡോക്ക് മീഡിയയുടെ വാർത്തകൾ ട്രംപിനെ വിജയിപ്പിക്കാൻ?

trump-murdoch-

രഹസ്യാന്വേഷണ സംഘടനയുടെ പ്രൊഫഷണലിസവും നിഷ്പക്ഷതയും സത്യനിഷ്ഠയും സ്വതന്ത്രമായ ജനാധിപത്യ രാജ്യങ്ങളിൽ പരമപ്രധാനമായ പങ്കാണ് വഹിക്കുന്നത്. രഹസ്യാന്വേഷണ സംഘടനയിൽപ്പെട്ടവർ ദൈനംദിന രാഷ്ട്രീയത്തിൽ നിന്ന് അകലം പാലിക്കുന്നതും ഇതുകാരണമാണ്.രാജ്യം എടുക്കുന്ന നയപരമായ തീരുമാനങ്ങളെ

ഇവർ ഏതെങ്കിലും തരത്തിൽ സ്വാധീനിക്കാനും പാടില്ല. ഭീഷണിയുടെ യഥാർത്ഥ ചിത്രം പ്രദാനം ചെയ്യുക എന്നത് മാത്രമാണ് ഇന്റലിജൻസ് ഏജൻസികളുടെ ജോലി. അവർ അതിൽ തന്നെ ഒതുങ്ങി നിൽക്കുകയും വേണം. ഇവർ നൽകുന്ന വിവരങ്ങളെ ആശ്രയിച്ചുകൊണ്ട് രാഷ്ട്രീയ നേതൃത്വത്തിന് സ്വതന്ത്രമായ നയപരിപാടികൾ ആവിഷ്കരിക്കാൻ കഴിയണം. അപ്പോൾ ജനങ്ങളുടെ സുരക്ഷയ്ക്ക് കൂടുതൽ ഊന്നൽ ലഭിക്കും.

ഇന്റലിജൻസ് ഏജൻസികൾക്ക് ഇറാക്ക് യുദ്ധത്തിന് മുമ്പ് സംഭവിച്ച പരാജയത്തിൽ നിന്ന് പാഠങ്ങൾ പഠിക്കേണ്ടതാണ്. 2002 സെപ്തംബർ 8 ന് ന്യൂയോർക്ക് ടൈംസ് വളരെ പ്രാധാന്യമുള്ള ഒരു മുഖ്യവാർത്ത പ്രസിദ്ധീകരിച്ചു. ബുഷ് ഭരണകൂടത്തിന് ഇന്റലിജൻസ് ഏജൻസികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വാർത്ത നൽകിയതെന്നായിരുന്നു സൂചന . ആളുകളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ കെൽപ്പുള്ള ആയുധങ്ങൾ സംഭരിക്കാൻ സദ്ദാം ഹുസൈൻ തുടങ്ങി എന്നായിരുന്നു വാർത്ത. ന്യൂക്ളിയർ ബോംബിന്റെ നിർമ്മാണത്തിനാവശ്യമായ ഘടകങ്ങൾ സദ്ദാമിന്റെ പക്കൽ എത്തിക്കഴിഞ്ഞെന്നായിരുന്നു റിപ്പോർട്ട്. യു.കെയിൽ ബ്ളെയർ സർക്കാരും ആസ്ട്രേലി​യയി​ൽ പ്രധാനമന്ത്റി​ ജോൺ​ ഹൊവാർഡും ഈ ഭീഷണി​ ആവർത്തി​ച്ചു. വർഷങ്ങൾ കഴി​ഞ്ഞ് ഇതൊരു വ്യാജവാർത്തയായി​രുന്നു എന്ന് തെളി​യി​ക്കപ്പെട്ടു. ഇന്റലി​ജൻസ് ഏജൻസി​കൾക്ക് സംഭവി​ച്ച പി​ഴവാകാം ഇതി​ന് ഇടയാക്കി​യത്. ഒരു യുദ്ധത്തി​ന് മുമ്പ് ജനങ്ങൾക്ക് ഒരു കാരണം പ്രദാനം ചെയ്യുകയായി​രുന്നു ഈ വാർത്ത പ്രചരി​പ്പി​ച്ചതി​ന്റെ ലക്ഷ്യം.

2003 മാർച്ചി​ൽ ഇറാക്ക് ആക്രമി​ക്കപ്പെട്ടു. പതി​നായി​രക്കണക്കി​ന് സാധാരണ ജനങ്ങളും പട്ടാളക്കാരും മരി​ച്ചു വീണു. ആ യുദ്ധത്തി​ന്റെ കെടുതി​യി​ൽ നി​ന്നാണ് ഭീകര സംഘടനയായ ഐസി​സി​ന്റെ ഉത്ഭവം. ഇതാകട്ടെ ഇറാക്കിലും സിറിയയിലും പിടിമുറുക്കാൻ ഇറാന് സഹായകമാവുകയും ചെയ്തു. യുദ്ധത്തെത്തുടർന്ന് അഭയാർത്ഥികളുടെ കൂട്ട പ്രവാഹം ഉണ്ടായി. രണ്ട് ദശാബ്ദത്തോളം അമേരിക്ക മിഡിൽ ഈസ്റ്റിലെ പ്രതിസന്ധിയിൽ പെട്ടുപോയി. ഇക്കാലയളവിൽ ചൈന ലോക സാമ്പത്തിക ശക്തിയായി വളർന്നു. ഇത് ഫലപ്രദമായി തടയാൻ അമേരിക്കയ്ക്ക് കഴിയാതെ പോയത് ഗൾഫിലെ കുരുക്കിൽ പോയി വീണതുകൊണ്ടാണ്.

പച്ചനുണകളാണ് വസ്തുതകളായി പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. അതിനെ ചോദ്യം ചെയ്യാൻ ശ്രമിച്ചവരെ കണ്ടില്ലെന്ന് നടിച്ചു. രാജ്യസ്നേഹം കുറഞ്ഞവരെന്ന് ആക്ഷേപിച്ച് അടിച്ചിരുത്തുകയും ചെയ്തു. ഒരു 'ബിഗ് സ്റ്റോറി' കൊടുക്കുന്നതിന്റെ ആവേശത്തിൽ മാദ്ധ്യമങ്ങൾ ജനങ്ങളോടുള്ള പ്രതിബദ്ധത മറക്കുകയും ചെയ്തു. ജനങ്ങൾ അക്ഷരാർത്ഥത്തിൽ വഞ്ചിക്കപ്പെടുകയായിരുന്നു. സുരക്ഷാ ഭീഷണിയെ തടയാൻ മുന്നിട്ടിറങ്ങുന്നു എന്ന് അഭിമാനിച്ച പത്രപ്രവർത്തകർ യഥാർത്ഥത്തിൽ അവരവരുടെ രാജ്യങ്ങളുടെ ദീർഘകാല താൽപര്യങ്ങൾ ബലി കഴിക്കുകയായിരുന്നു. മർഡോക്കിന്റെ നേതൃത്വത്തിലുള്ള മീഡിയ ഗ്രൂപ്പുകളാണ് ഈ പ്രചാരണങ്ങളുടെ ചുക്കാൻ പിടിച്ചത്.

ഈ പശ്ചാത്തലത്തിൽ വേണം കൊവിഡ് 19 ന്റെ അനുബന്ധ വാർത്തകളായി ഇവർ ഇപ്പോൾ നടത്തുന്ന പ്രചാരണങ്ങളെ വീക്ഷിക്കാൻ. കൊവിഡ് മഹാമാരി എങ്ങനെ തുടങ്ങി എന്നറിയാൻ ലോകത്തിലെ എല്ലാ പൗരനും അവകാശമുണ്ട്. വുഹാനിൽ ഇത് എങ്ങനെയാണ് തുടങ്ങിയത്? വുഹാനിലെ മാംസ മാർക്കറ്റും രോഗവും തമ്മിലുള്ള ബന്ധം? ഇതു സംബന്ധിച്ച് പഠനം നടത്തിയോ? രോഗത്തെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നൽകിയ ആരോഗ്യ പ്രവർത്തകരെ നിശബ്ദരാക്കിയത് എന്തുകൊണ്ട്? മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്ന രോഗമാണിതെന്ന് ലോകത്തെ അറിയിക്കാൻ ഡബ്ളിയു.എച്ച്.ഒ വൈകിയത് എന്തുകൊണ്ട്? ലോക സമൂഹത്തിന് തക്ക സമയത്ത് മുന്നറിയിപ്പ് നൽകുന്നതിൽ ലോകാരോഗ്യ സംഘടനയ്ക്ക് എന്തുകൊണ്ട് വീഴ്ച സംഭവിച്ചു? മുന്നറിയിപ്പ് ലഭിച്ചിട്ടും പ്രമുഖ ലോക രാജ്യങ്ങൾ എന്തുകൊണ്ട് വേണ്ടത്ര മുൻകരുതലുകൾ സ്വീകരിക്കാൻ വൈകി? ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ ലഭിക്കേണ്ടത് തന്നെയാണ്. ഇതിന്റെ ഉത്തരങ്ങൾ കണ്ടെത്താൻ അന്താരാഷ്ട്ര സമൂഹം അന്വേഷണം ആരംഭിക്കേണ്ടതാണ്. പക്ഷേ, ഇതിനെല്ലാം ഉത്തരമെന്ന നിലയിൽ വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ചോർന്നതാണ് കൊറോണ വൈറസ് എന്ന നിലയിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപ് പ്രസ്താവന നടത്തി. ട്രംപ് പ്രസ്താവന നടത്തുമ്പോൾ അദ്ദേഹത്തിന് ലഭിച്ച ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാവും എന്ന മട്ടിൽ ജനങ്ങൾ സംശയിക്കാം. അതു കണക്കാക്കിയാവും യു.എസ് നാഷണൽ ഇന്റലിജൻസ് ഏജൻസിയുടെ ഡയറക്ടർ ട്രംപിന്റെ പ്രസ്താവന ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലല്ലെന്ന് തുറന്ന് പറഞ്ഞത്.

ഇതിനിടെ മേയ് ആദ്യവാരം മർഡോക്കിന്റെ ഉടമസ്ഥതയിലുള്ള ആസ്ട്രേലിയൻ ദിനപത്രമായ ടെലഗ്രാഫ് ഒരു മുഖ്യവാർത്ത പ്രസിദ്ധീകരിച്ചു. കൊവിഡ് മഹാമാരിയെക്കുറിച്ചുള്ള സുപ്രധാന തെളിവുകൾ ചൈന മറച്ചുവയ്ക്കുകയോ നശിപ്പിക്കുകയോ ചെയ്തതായി ആരോപിക്കുന്ന റിപ്പോർട്ടായിരുന്നു അത്. അഞ്ച് പാശ്ചാത്യ രാജ്യങ്ങൾ ഉൾപ്പെടുന്ന ഫൈവ് ഐസ് എന്ന ഇന്റലിജൻസ് സഖ്യത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വാർത്ത നൽകിയത്. ഈ റിപ്പോർട്ടിന്റെ 15 പേജുകൾ ചോർന്ന് കിട്ടിയതായാണ് പത്രം അവകാശപ്പെട്ടത്. യു.എസ്, യു.കെ, ആസ്ട്രേലിയ, കാനഡ, ന്യൂസിലൻഡ് എന്നീ അഞ്ച് രാജ്യങ്ങളുടെ ഇന്റലിജൻസ് സഖ്യമായ ഫൈവ് ഐസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നൽകിയ വാർത്തയിൽ വുഹാൻ മാംസ മാർക്കറ്റിൽ നിന്നാണ് രോഗം പകർന്നതെന്നും പറയുന്നു. അമേരിക്ക ആരോപിക്കുന്നതിന് വിരുദ്ധമായിട്ടാണിത്. വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നല്ല പകർന്നതെന്ന് സ്ഥാപിക്കാൻ ബുദ്ധിപരമായ രീതിയിൽ റിപ്പോർട്ട് ശ്രമിക്കുന്നുമുണ്ട്.

എന്നാൽ എന്താണ് ഈ ഘട്ടത്തിലെ യാഥാർത്ഥ്യം എന്ന് നാം പരിശോധിക്കണം. വുഹാൻ ലാബിൽ നിന്ന് വൈറസ് ചോരാൻ 5 ശതമാനം മാത്രമേ സാദ്ധ്യതയുള്ളൂ എന്നാണ് ആസ്ട്രേലിയൻ ഗവൺമെന്റ് പ്രഖ്യാപിച്ചത്. ഈ ഘട്ടത്തിൽ ഇത് നമുക്ക് വിശ്വസിക്കാവുന്നതാണ്. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെ മർഡോക്ക് മീഡിയ ഗ്രൂപ്പുകൾ ലോകമെമ്പാടും നടത്തുന്ന പ്രചാരണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്ന് സംശയിക്കണം. വരാൻ പോകുന്ന യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണത്. ട്രംപിനെ വിജയിപ്പിക്കാൻ മർഡോക്ക് നടത്തുന്ന തന്ത്രങ്ങളുടെ ഭാഗമായാണ് ഈ മുഖ്യ വാർത്തകളുടെ പിറവി. ഇതിൽ വസ്തുതയും സത്യവും എത്രമാത്രം ഉണ്ട് എന്നത് വളരെ വർഷങ്ങൾ കഴിഞ്ഞാവും പുറത്തുവരിക. അപ്പോൾ ഇറാക്ക് യുദ്ധത്തിന്റെ കാരണം പ്രചരിപ്പിച്ചതിന്റെ പ്രസക്തി ഇപ്പോൾ ഇല്ലാതായതുപോലെ കൊറോണ പ്രസക്തിയും ഇല്ലാതാവും.

പല ചോദ്യങ്ങൾക്കും ഉത്തരം നൽകേണ്ട ചൈന കൃത്യമായ മറുപടികൾ പറഞ്ഞിട്ടില്ല. വൈറസ് ചോർന്നത് ട്രംപ് പറഞ്ഞതുപോലെ വുഹാൻ ലാബിൽ നിന്നല്ലെന്ന് പിന്നീട് തെളിയിക്കപ്പെട്ടാൽ ചൈനയുടെ വിജയമായിരിക്കും അത്. പക്ഷേ അതിനു മുമ്പ് ഈ ആരോപണം പ്രചരിപ്പിക്കുന്നതിലൂടെ ട്രംപിന് രാഷ്ട്രീയ വിജയം നേടാനാവും. ഇവിടെയാണ് ഇന്റലിജൻസ് ഏജൻസികളുടെ നിഷ്പക്ഷതയും സത്യസന്ധതയും പ്രധാനമാകുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ ഒരു രാജ്യത്തിന്റെ ദീർഘകാല താൽപര്യങ്ങളും വളർച്ചയുമാണ് തല്ലിക്കെടുത്തുന്നത്.

(ആസ്ട്രേലിയയിലെ മുൻ പ്രധാനമന്ത്രി കെവിൻ റു‌ഡ് ഗാർഡിയൻ പത്രത്തിൽ എഴുതിയ ലേഖനത്തിൽ നിന്ന്)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: RUPORT MURDOCH, DONALD TRUMP
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.