കൊച്ചി: വീട്ടുമുറത്തും ഒഴിഞ്ഞ പറമ്പിലും മുതൽ മട്ടുപ്പാവിലും വരെ ഓണക്കാലത്തേക്കുള്ള പച്ചക്കറി വിളയിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നഗരവാസികൾ. ലോക്ക്ഡൗൺ തുടങ്ങിയപ്പോൾ തന്നെ പലരും വിത്തു വിതച്ച് തുടങ്ങിയിരുന്നു. സംഘടനകളും നഗരസഭയും പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കാൻ വിവിധ പദ്ധതികളുമായി രംഗത്തുണ്ട്. കൂടാതെ സുഭിക്ഷം കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ ഒഴിഞ്ഞു കിടക്കുന്ന പ്രദേശങ്ങളിലും കൃഷി ആരംഭിച്ചു കഴിഞ്ഞു. വെണ്ട, തക്കാളി, പടവടം, പാവൽ, വഴുതനങ്ങ, ചീര തുടങ്ങി നിരവധി പച്ചക്കറി വിത്തുകളാണ് കൃഷിയിറക്കിയിട്ടുള്ളത്.
വിളനിലമാവും തരിശു ഭൂമികൾ
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ തരിശു ഭൂമികളിൽ കൃഷി ആരംഭിച്ചിട്ടുണ്ട്. ഒഴിഞ്ഞ സ്ഥലങ്ങൾ കണ്ടെത്തി, അവിടെ ഉടമയുടെ അനുമതിയോടെയോ പങ്കാളിത്തത്തോടെയോ കൃഷിയിറക്കുകയാണ് ചെയ്യുന്നത്. ട്രാവൻകൂർ കൊച്ചി കെമിക്കൽസ്, വടക്കേക്കര ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ ആദ്യഘട്ടത്തിൽ തന്നെ പച്ചക്കറി കൃഷി ആരംഭിച്ചിരുന്നു.
സഹായത്തിന്
സഹായസംഘങ്ങൾ
ജില്ലയിലെ സ്വയംസഹായ സംഘങ്ങൾ കൂട്ടമായി പച്ചക്കറി കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. സഹകരണ ബാങ്കുകളുടെയും കൃഷി വകുപ്പിന്റെയും സഹായത്തോടെയാണ് കൃഷി. ലോക്ക്ഡൗണിന് ശേഷമാണ് ഇത്തരം സംഘങ്ങൾ കൃഷി വ്യാപിച്ചത്. നിലവിൽ കൃഷി വകുപ്പിന്റെ നേതൃത്വത്തിലും കൃഷി വികാസ് കേന്ദ്രങ്ങളുടെയും ആഭിമുഖ്യത്തിൽ ക്ലാസുകളും കൃഷിയ്ക്കാവശ്യമായ സൗകര്യങ്ങളും നൽകി വരുന്നുണ്ട്. കൂടാതെ സി.പി.എം, കോൺഗ്രസ് അടക്കം രാഷ്ട്രീയ പാർട്ടികളും കൃഷിയുമായി രംഗത്തുണ്ട്.
നഗരസഭയ്ക്ക് ഗ്രോബാഗ് കൃഷി
കൊച്ചി നഗരസഭയുടെ ആഭിമുഖ്യത്തിൽ കൃഷിയ്ക്കാവശ്യമായ ഗ്രോബാഗുകൾ വിതരണം ചെയ്യാനൊരുങ്ങുകയാണ് കൊച്ചി കോർപ്പറേഷൻ. ഇതിന്റെ ഭാഗമായി റസിഡന്റ്സ് അസോസിയേഷനുകൾ, കുടുംബശ്രീകൾ, അയൽക്കൂട്ടങ്ങൾ എന്നിവിടങ്ങളിൽ നിന്നെല്ലാം അപേക്ഷ സ്വീകരിച്ചു. ഗ്രോബാഗുകളും തൈകളും അടങ്ങിയ കിറ്റാണ് വിതരണം ചെയ്യുന്നത്. മട്ടുപ്പാവിൽ കൃഷിയൊരുക്കുന്നവർക്കും ഗുണകരമായ വിധത്തിലാണ് പദ്ധതി.
കൃഷിയിലേക്കിറങ്ങുന്നവരുടെ
എണ്ണം വർദ്ധിച്ചു:
ലോക്ക്ഡൗണിന് ശേഷം വീടുകളിൽ പച്ചക്കറി കൃഷിയിലേക്ക് തിരിഞ്ഞിട്ടുള്ളവർ ഏറെയാണ്. നിരവധി പേരാണ് പ്രതിദിനം കൃഷിക്കാവശ്യമായ സാധനങ്ങൾ വാങ്ങാൻ എത്തുന്നത്. യുട്യൂബിലൂടെയും സമൂഹ്യമാദ്ധ്യമങ്ങളിലെ കൂട്ടായ്മയിലൂടെയുമാണ് അധികം പേരും കൃഷിപാഠങ്ങൾ മനസിലാക്കുന്നത്. എന്നാൽ പിന്നീട് ശാസ്ത്രീയമായി കൃഷിയിലേക്ക് പ്രവേശിക്കുന്നവരുമുണ്ട്.
ഡോ. ഷിനോജ് സുബ്രഹ്മണ്യൻ
മേധാവി
കൃഷി വിജ്ഞാന കേന്ദ്രം