ലീഡ്- ബോളിവുഡിലെ പ്രശസ്ത നൃത്ത സംവിധായികയും ദേശീയ പുരസ്കാര ജേതാവുമായ സരോജ് ഖാൻ ഇനി ഒാർമ
നാലു പതിറ്റാണ്ടു നീണ്ടുനിന്ന കരിയറിൽ രണ്ടായിരത്തിലേറെ ഗാനങ്ങൾ. ദ മദർ ഒഫ് ഡാൻസ് എന്ന അറിയപ്പെടുന്ന സരോജ് ഖാൻ വിടവാങ്ങുമ്പോൾ ബോളിവുഡിൽ 2020ന് മറ്റൊരു നഷ്ടം കൂടി. മൂന്നാം വയസിൽ ബാലതാരമായാണ് നിർമല നാഗ്പാൽ എന്ന സരോജ് ഖാൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.പ്രശസ്ത നൃത്ത സംവിധായകൻ ബി. സോഹൻലാലിന്റെ കീഴിലായിരുന്നു നൃത്ത പരിശീലനം. പതിമൂന്നാം വയസിൽ 43 കാരനായ സോഹൻലാലിനെ സരോജ് ഖാൻ വിവാഹം കഴിച്ചു. സോഹൻലാൽ നേരത്തേ വിവാഹിതനായിരുന്നു. എന്നാൽ അതറിയാതെയായിരുന്നു കൊച്ചു കുട്ടിയായിരുന്ന സരോജ് ഖാൻ അദ്ദേഹത്തെ വിവാഹം ചെയ്തത്. വിവാഹശേഷവും സോഹൻലാലിനൊപ്പം തന്നെയായിരുന്നു സരോജിന്റെ യാത്ര. ഗീത മേരാ നാം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര നൃത്ത സംവിധായികയായി. മിസ്റ്റർ ഇന്ത്യയിലെ ഹവ ഹവായ് എന്ന ഗാനത്തിൽ ശ്രീദേവിക്ക് ഗാനം ചിട്ടപ്പെടുത്തി ശ്രദ്ധേയയായി. പിന്നീട് ശ്രീദേവിക്ക് ഒപ്പം നാഗിന, ചാന്ദിനി തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചു.1990കളിൽ ഏക് ദോ തീൻ, ധക് ധക് കർനെ, ചോളി കെ പീച്ചെ ക്യാഹേ, തമ്മ തമ്മ എന്നിങ്ങനെ സരോജ് ഖാൻ കൈവച്ച ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായി.സരോജ് ഖാന്റെ ജനപ്രിയ സിനിമകളിൽ ബാസിഗർ, ദിൽവാലെ ദുൽഹാനിയ ലേ ജയെഗേ, പർദേശ്, സോൾജിയർ, താൽ,വീർ-സാര ഡോൺ,സാവരിയ,ലഗാൻ, തനു വെഡ്സ് മനു റിട്ടേൺസ്, മണികർണിക എന്നിവ ഉൾപ്പെടുന്നു.ജബ് വി മെറ്റ്, ശ്യംഗാരം, ദേവദാസ് എന്നീ ചിത്രങ്ങളിലൂടെ ദേശീയ പുരസ്കാരം നേടി. സഞ്ജയ് ലീല ഭൻസാലിയുടെ ദേവ് ദാസ് എന്ന ചിത്രത്തിലെ ഡോലാരേ സരോജ് ഖാന്റെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്. എെശ്വര്യ റായിയും മാധുരി ദീക്ഷിത്തും മത്സരിച്ചു നൃത്തംവച്ച ഈ ഗാനം ഇന്നും ആവേശമാണ്. ഒരു മികച്ച നർത്തികയായി തന്നെ രൂപപ്പെടുത്തിയത് സരോജാണെന്ന് മാധുരി ദീക്ഷിത് പറഞ്ഞിട്ടുണ്ട്.കഥക് നർത്തകിയായ മാധുരിയെ ബോളിവുഡ് നൃത്തം ചെയ്യാൻ പഠിപ്പിച്ചത് സരോജ് ഖാനാണ്. ശാസ്ത്രീയ നൃത്തത്തിനൊപ്പം നാടോടി ,വെസ്റ്റേൺ നൃത്ത രൂപങ്ങൾ കോർത്തിണക്കി ഇന്ത്യൻ ചലച്ചിത്ര ലോകത്ത് പുതിയ ഒരു മാതൃക സരോജ് സൃഷ്ടിച്ചു. കലങ്കാണ് സരോജിന്റെ അവസാന ചിത്രം.