SignIn
Kerala Kaumudi Online
Friday, 14 August 2020 2.04 AM IST

'ജീവൻ അപകടത്തിലാകുമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥൻ എന്നെ വിലക്കി..', സ്വർണക്കടത്തിന് സമാന്തരമായി സംസ്ഥാനത്ത് ഒരു അധോലോകം വളർന്നുവരികയാണെന്ന് വി.ഡി സതീശൻ

v-d-satheesan

തിരുവനന്തപുരം: സംസ്ഥാനത്തെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് സ്വർണക്കടത്തിനെ കുറിച്ച് പഠിക്കാൻ ശ്രമിച്ചപ്പോൾ തന്റെ ജീവൻ അപകടത്തിലാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നതായി കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം വി.ഡി സതീശൻ എം.എൽ.എ. ഒരുപാട് അന്വേഷണങ്ങളാണ് താൻ ഈ വിഷയവുമായി ബന്ധപ്പെട്ട് നടത്തിയത്. എന്നാൽ, പലഭാഗത്തുനിന്നും തനിക്ക് ലഭിച്ചത് നിരുത്സാഹപ്പെടുത്തലുകളായിരുന്നു. ഇതിന്റെ പിന്നാലെ പോകരുതെന്നും ജീവൻ അപകടത്തിലാകുമെന്നും പറഞ്ഞ് ഒരു ഉദ്യോഗസ്ഥൻ തന്നെ വിലക്കി. അപ്പോഴാണ് ഈ വിഷയത്തെപ്പറ്റി കൂടുതൽ അന്വേഷിച്ചത്. സ്വർണക്കടത്തിന് സമാന്തരമായി സംസ്ഥാനത്ത് ഒരു അധോലോകം വളർന്നുവരികയാണ്''- വി.ഡി സതീശൻ കേരളകൗമുദി ഓൺലൈനുമായി സംസാരിക്കുന്നു:

ഉപയോഗിക്കുന്നത് നാല് കാര്യങ്ങൾക്ക്

സ്വർണം കടത്തിക്കൊണ്ടുവരുന്ന ആളെ പിടിച്ച് അയാൾക്കെതിരെ കേസ് ചാർജ് ചെയ്യുമെന്നല്ലാതെ സ്വർണത്തിന്റെ ഉറവിടത്തെപ്പറ്റി അന്വേഷിക്കാറില്ല. സംസ്ഥാനത്ത് നടക്കുന്ന വലിയ കോഴ ഇടപാടുകൾ, റിയൽ എസ്റ്റേറ്റ്, സിനിമ, തീവ്രവാദം എന്നീ നാല് കാര്യങ്ങൾക്ക് വേണ്ടിയാണ് സ്വർണം പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. സ്വർണത്തിന് വില കൂടുന്നതിനാൽ വഴിവിട്ട എല്ലാ ഇടപാടുകൾക്കും പലപ്പോഴും അത് ഉപയോഗിക്കാറുണ്ട്.

രാഷ്ട്രീയ പാർട്ടികൾക്ക് ബന്ധമുണ്ടോ, അന്വേഷിക്കണം

സംസ്ഥാനത്തെ ജി.എസ്.ടി വകുപ്പ് വൻ പരാജയമാണ്. കാശുവാങ്ങി കൊണ്ട് സ്വർണത്തട്ടിപ്പുകൾക്ക് കൂട്ടു നിൽക്കുന്ന ഏർപ്പാടാണ് നടക്കുന്നത്. സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികൾക്ക് ഇതുമായി ബന്ധമുണ്ടോയെന്നുള്ളത് അന്വേഷിക്കപ്പെടേണ്ട കാര്യമാണ്. അധികാരത്തിന്റെ ഇടനാഴികളിൽ കള്ളക്കടത്തുകാരെ സഹായിക്കുന്നത് ആരാണെന്നും ആരൊക്കെയായാണ് ഇവർക്ക് ബന്ധമുള്ളതെന്നും പുറത്തുവരണം. കേരളം പോലൊരു സംസ്ഥാനത്ത് അന്വേഷണം വഴിതിരിച്ച് വിടാൻ എൻ.ഐ.എയ്ക്ക് കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.

സിനിമകളിൽ കാണുന്നതിനെക്കാൾ വലിയ ഗ്യാംഗ്

പൊലീസിന് കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും ഇന്റലിജൻസിന്റെ വലിയൊരു ശൃംഖലയുണ്ട്. എന്നിട്ടും സമാന്തരമായി ഇവിടെയൊരു അധോലോകം വളർന്നുവരുന്നത് പൊലീസ് അന്വേഷിക്കാത്തത് സംശയാസ്‌പദമാണ്. നികുതി ഇന്റലിജൻസ് സംവിധാനം യാതൊരു തരത്തിലും കൃത്യമായി പ്രവർത്തിക്കുന്നില്ല. നികുതി പരിശോധനകളൊന്നും സംസ്ഥാനത്ത് കാര്യക്ഷമമായി നടക്കുന്നില്ല. കേന്ദ്ര ഏജൻസികളുമായി സംസ്ഥാന ഏജൻസികൾ നേരായ ബന്ധം പുലർത്തുന്നില്ല. സാമ്പത്തിക ഇടപാടുകളിൽ കടത്തുകാർ തമ്മിൽ തെറ്റുമ്പോഴാണ് ഒറ്റു കൊടുക്കുന്നതും ഓരോ കാര്യങ്ങൾ പുറത്തുവരുന്നതും. സിനിമകളിൽ കാണുംപോലെ വലിയൊരു ഗ്യാംഗ് ഇതിനു പിന്നിലുണ്ട്. കൊവിഡ് കാലത്ത് തന്നെ നാലുതവണ കടത്തിയ ശേഷം അഞ്ചാം തവണയാണ് ഇവരെ പിടികൂടിയത് എന്ന് ഓർക്കണം.

തട്ടിപ്പുകൾക്ക് വഴിയൊരുക്കാൻ കൺസൾട്ടൻസികൾ

സ്പ്രിൻക്ലർ കേസിന്റെ സമയം തൊട്ടേ ഐ.ടി സെക്രട്ടറിക്കെതിരെ നമ്മൾ നിരന്തരം പറയുന്നുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് വലിയ തോതിലുള്ള പിൻവാതിൽ നിയമനങ്ങളാണ് നടക്കുന്നത്. അവിടെ ഇതൊക്കെ നിയന്ത്രിക്കുന്ന പലരും കറങ്ങി നടക്കുന്നുണ്ട്. അവരിൽ പലരേയും പേരുകൾ നമുക്ക് അറിയാം. സ്പ്രിൻക്ലർ മുതൽ പ്രൈസ് വാട്ടർ കൂപ്പർ വരെയുള്ള എല്ലാം പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ശൃംഖലകളാണ്. ടെലി മെഡിസിൽ ആപ്പുമായി ബന്ധപ്പെട്ട് ഞാൻ ആരോപണം ഉന്നയിച്ചപ്പോൾ എനിക്കെതിരെ വലിയ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. എന്നാൽ, അന്ന് ഉന്നയിച്ച കാര്യങ്ങളിൽ ഞാൻ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്. ഐ.ടി വകുപ്പിലെ പല ഉയർന്ന ഉദ്യോഗസ്ഥരും എതിർത്തിട്ട് പോലും അവരെയെല്ലാം വിരട്ടിയാണ് സർക്കാർ ഈ ഇടപാടുകൾക്കെല്ലാം കൂട്ടുനിന്നത്. സർക്കാർ കൺസൾട്ടൻസികളെ വയ്ക്കുന്നത് തന്നെ വലിയ തട്ടിപ്പുകൾ നടത്താനാണ്. ആറ് മാസത്തേക്ക് കരാർ കൊടുത്ത കൺസൾട്ടൻസി നാല് കൊല്ലമായിട്ടും സംസ്ഥാനത്ത് പ്രവർത്തിച്ച് കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയ്ക്ക് കിട്ടുന്നതിനെക്കാൾ ശമ്പളമാണ് ഈ കൺസൾട്ടൻസിയിൽ ഉള്ള യാതൊരു മുൻപരിചയവുമില്ലാത്തവർക്ക് കൊടുക്കുന്നത്. പ്രളയത്തിന്റെ സമയത്ത് വീടുകൾ പരിശോധിക്കാൻ സർക്കാർ ഒരു ആപ്പ് കൊണ്ടു വന്നു. സൗജന്യമാണെന്നാണ് പറ‌ഞ്ഞിരുന്നത്. പൊട്ടിപ്പൊളിഞ്ഞ ആ ആപ്പിന് ഈയടുത്ത് എട്ടുലക്ഷം രൂപ സർക്കാർ കൊടുത്തു. ഐ.ടി വകുപ്പിൽ നടന്നിരിക്കുന്ന എല്ലാ കൺസൾട്ടൻസികളെക്കുറിച്ചും അതിൽ നടന്നിട്ടുള്ള നിയമനങ്ങളും മൊത്തത്തിൽ പരിശോധിക്കപ്പെടണം.

ജോപ്പനെയും ജിക്കുവിനെയും പോലെയല്ല ശിവശങ്കർ

സംസ്ഥാനത്ത് നിന്ന് ഒരു സഹായവുമില്ലാതെ സ്വപ്‌നയ്ക്കും സന്ദീപിനും കർ‌ണാടകയിൽ എത്താൻ കഴിയില്ല. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുമായും ഇവർക്ക് ബന്ധമുണ്ടാകും. അല്ലാതെ ബംഗളൂരുവിൽ തങ്ങാൻ കഴിയില്ലല്ലോ. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ ആ സ്ഥാനത്ത് നിന്ന്, നാല് കൊല്ലം കഴിഞ്ഞപ്പോൾ മുഖ്യമന്ത്രിക്ക് മാറ്റി നിറുത്തേണ്ടി വന്നത് പ്രതിപക്ഷം പറഞ്ഞതു കൊണ്ടാണ്. അതുണ്ടായില്ലെങ്കിൽ മാദ്ധ്യമങ്ങളടക്കം ഞങ്ങൾ ദുർബലമായ പ്രതിപക്ഷമാണെന്ന് പറയുമായിരുന്നു. ജോപ്പനെയും ജിക്കുവിനെയും പോലെയൊരാളല്ല ശിവശങ്കർ. അയാൾ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയാണ്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഞങ്ങൾ കൃത്യമായ ആരോപണം ഉന്നയിച്ചത്. കൊവിഡ് പ്രതിരോധം മറ്റൊരു വശത്ത് നടക്കുകയാണ്. അതിലൊന്നും ഞങ്ങൾ നിസഹകരിക്കുന്നില്ല. ഞങ്ങൾ ഭരിക്കുമ്പോഴാണ് ഇങ്ങനെ ഒരു സംഭവുമണ്ടായിരുന്നതെങ്കിൽ കേരളം കത്തുമായിരുന്നു. പൊലീസ് ലാത്തിച്ചാർജ് നടത്തിയപ്പോൾ ഒന്നോ രണ്ടോ സമരങ്ങൾ പ്രോട്ടോക്കോൾ ലംഘിക്കപ്പെട്ടായിരിക്കാം. അല്ലാതെ പ്രതിപക്ഷം നടത്തിയ എല്ലാ സമരങ്ങളും പ്രോട്ടോക്കോൾ പാലിച്ച് തന്നെയായിരുന്നു. പെട്രോൾ-ഡീസൽ വില വർദ്ധനവിൽ കേന്ദ്ര സർക്കാരിനെതിരെ എൽ.ഡി.എഫ് സമരം നടത്തിയിരുന്നു. കൊവിഡ് ആയതു കൊണ്ട് അവരത് നടത്താതിരുന്നില്ലല്ലോ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: V D SATHEESAN, GOLD SMUGLING CASE, SWAPNA SURESH, LDF, UDF, CONGRESS, BJP, KPCC;, SIVASANKAR
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.