തരിശ് ഭൂമികൾ കൃഷിയിടങ്ങളായി
കോഴിക്കോട്: മഹാമാരിയിൽ മനസിടറാതെ മണ്ണിൽ വിത്ത് എറിഞ്ഞ് മനുഷ്യൻ അതിജീവനത്തിന്റെ പുതിയ ഗാഥ രചിച്ചു. പാടത്തും പറമ്പിലും അവൻ വിതച്ച പ്രതീക്ഷകൾ നാടിന്റെ ചിത്രം മാറ്റി വരയ്ക്കുകയാണ്. കാട് കയറി തരിശായി കിടന്ന 700 ഏക്കറിലധികം ഭൂമിയാണ് കൊവിഡ് കാലത്ത് കൃഷിയിടങ്ങളായി മാറിയത്. നെല്ലും പച്ചക്കറികളും കപ്പ, ചേന, ചേമ്പ് തുടങ്ങി വൈവിധ്യങ്ങളുടെ വിളനിലമായി നാട് മാറി. കോഴി, പശു, താറാവ്, മത്സ്യം, തേനീച്ച വളർത്തൽ എന്നിങ്ങനെ സംയോജിത കൃഷി രീതി പരീക്ഷിച്ചവരുമുണ്ട്. മത്സ്യകൃഷിയിൽ പുതുമ തേടിയവരും കുറവല്ല.
സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയാണ് പുതിയൊരു കാർഷിക സംസ്ക്കാരം വളർത്തിയെടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചത്. കൃഷി ഓഫീസുകൾ, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ദിവസവും നിരവധി പേരാണ് സഹായം തേടിയെത്തുന്നത്.
സുഭിക്ഷ കേരളം വെബ് പോർട്ടലിൽ 2900 പേരാണ് രജിസ്റ്റർ ചെയ്തത്. കൃഷി ഭവനിൽ നേരിട്ടെത്തി അപേക്ഷ നൽകിയ 4000 പേർ വേറെയുമുണ്ട്. വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്തവരിൽ പകുതിയും യുവാക്കളാണെന്നത് മറ്റൊരു പുതുമ. പുരയിടങ്ങൾ, മട്ടുപ്പാവ് തുടങ്ങി കുറഞ്ഞ സ്ഥലങ്ങൾ കൃഷിക്കനുയോജ്യമാക്കി മാറ്റുന്നതിലും യുവാക്കളാണ് മുന്നിൽ. വ്യവസായടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർ പോളി ഫാമിംഗ് പോലുള്ള ആധുനിക കൃഷി രീതിയ്ക്കാണ് പ്രാമുഖ്യം നൽകുന്നത്.
ഹരിതമയമാക്കാൻ
ഹരിതകേരള മിഷനും
പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാൻ ഹരിത കേരളം മിഷൻ തയ്യാറാക്കി വിവിധ പദ്ധതികൾക്കും മികച്ച പ്രതികരണമായിരുന്നു. സോഷ്യൽ മീഡിയകളിലൂടെ കൃഷി വിവരങ്ങൾ പോസ്റ്റ് ചെയ്തും സംശയങ്ങൾക്ക് ഉത്തരം നൽകിയും മിഷൻ കൂടെ നിന്നു.
വീട്ടുവളപ്പിലെ ജൈവ കൃഷി, ഗ്രോബാഗ് തയ്യാറാക്കി തിരിനന സമ്പ്രദായം, വിവിധ ജൈവ വളക്കൂട്ടുകൾ, ജൈവ കീടനാശിനികൾ, കുമിൾ നാശിനികൾ എന്നിവ തയ്യാറാക്കുന്നത് തുടങ്ങിയ 35ഓളം പോസ്റ്റുകളും വീഡിയോകളുമാണ് ഹരിതകേരളം മിഷൻ ഫേസ്ബുക്ക് പേജിലൂടെയും യുട്യൂബ് ചാനലിലൂടെയും പങ്കുവച്ചത്.
ഗ്രോ ബാഗുകൾക്ക് പ്രിയമേറി
വീട്ടു മുറ്റത്തും ടെറസിലും കൃഷി ചെയ്യാനുപയോഗിക്കുന്ന ഗ്രോബാഗുകൾക്ക് ആവശ്യക്കാർ ഏറെയാണ്. ദിവസവും നൂറിലധികം പേരാണ് ഗ്രോബാഗുകൾ വാങ്ങാൻ വിവിധ അഗ്രിക്കൾച്ചറൽ നഴ്സറികളിലെത്തുന്നത്. വീട്ടുമുറ്റത്ത് ഉപയോഗിക്കുന്ന അലങ്കാര ചെടികൾ, ഫലവൃക്ഷ തൈകൾ, ഇൻഡോർ പ്ലാന്റ്സ്, പച്ചക്കറി വിത്തുകൾ, പൂക്കളുടെ വിത്തുകൾ, പൂച്ചെടികൾ, ജൈവകീടനാശിനികൾ, ജൈവവളങ്ങൾ, ചകിരിച്ചോർ, ഗാർഡൻ ടൂൾസ് തുടങ്ങിയവയുടെ വിൽപ്പനയിലും വലിയ വർധനയുണ്ടായി.
''ലോക്ക് ഡൗൺ സൃഷ്ടിച്ച ഒഴിവ് ദിനങ്ങളും ഭക്ഷ്യവസ്തുക്കളുടെ ലഭ്യത കുറയുമോയെന്ന ആശങ്കയുമാണ് കൃഷി ചെയ്യാൻ പലരേയും പ്രേരിപ്പിച്ച ഘടകങ്ങളിലൊന്ന്. കൃത്യമായി പഠിച്ചാണ് ഓരോരുത്തരും കൃഷിയിലേക്കിറങ്ങിയത്. അതിനാൽ ഉദ്ദേശിച്ചതിലും കൂടുതൽ കൃഷി ചെയ്യാൻ സാധിച്ചിട്ടുണ്ട്. അതിന്റെ ഫലം ഓണ വിപണിയിൽ കാണാൻ സാധിക്കും. ഇനിയും
കൂടുതൽ പേർ കൃഷിയിലേക്ക് വരുമെന്ന പ്രതീക്ഷയുണ്ട്." ജയേഷ്, അസിസ്റ്റന്റ് പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ
" കൃഷിയിലേക്കിറങ്ങുന്നവരിൽ ഭൂരിഭാഗവും ചെറുപ്പക്കാരാണ്. അവർക്കുണ്ടാകുന്ന സംശയങ്ങൾ മാറ്റുകയാണ് ലക്ഷ്യം. വീഡിയോകളും പോസ്റ്രുകളും ഒരുപാട് പേർക്ക് ഗുണം ചെയ്തിട്ടുണ്ട്. അവർ സംശയങ്ങൾ ചോദിക്കുന്നു. നന്നായി കൃഷി ചെയ്യുന്നുമുണ്ട്. " പി പ്രകാശ്, ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ.