കൊവിഡ് രോഗികൾ കൂടുന്നു
കൊല്ലം: സമ്പർക്കത്തിലൂടെ കൊവിഡ് ബാധിതരുടെ എണ്ണം അനുദിനം വർദ്ധിക്കുന്നത് ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നു. കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിലെ സ്ഥിതി ജില്ലയിലെ ആരോഗ്യ വകുപ്പിനെയും ആശങ്കയിലാക്കുന്നുണ്ട്.
രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ മാത്രമാണ് നിലവിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ്, കൊല്ലം ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിക്കുന്നത്. രോഗ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത രോഗികളെ താമസിപ്പിക്കാൻ കൂടുതൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ജില്ലയിൽ സജ്ജമാവുകയാണ്. കൊല്ലം ജില്ലാ ആശുപത്രിയെ കൊവിഡ് ആശുപത്രിയായി ആഴ്ചകൾക്ക് മുമ്പേ നിശ്ചയിച്ച് മുന്നൊരുക്കങ്ങൾ നടത്തിയിരുന്നെങ്കിലും ഇത്ര വേഗം അവിടെയും രോഗികളെ പ്രവേശിപ്പിക്കേണ്ടി വരുമെന്ന് കരുതിയിരുന്നില്ല.
പാരിപ്പള്ളി മെഡിക്കൽ കോളേജിലും കൊല്ലം ജില്ലാ ആശുപത്രിയിലുമായി രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന 800 കൊവിഡ് രോഗികൾക്ക് ചികിത്സ നൽകാനുള്ള സൗകര്യങ്ങളേ ഉള്ളൂ. രോഗികളുടെ എണ്ണം ഇനിയും ഉയർന്നാൽ ജില്ലയിലെ മറ്റ് ആശുപത്രികളിലേക്കും കൊവിഡ് ചികിത്സ വ്യാപിപ്പിക്കേണ്ടി വരും. ജില്ലയുടെ പകുതിയിലേറെ പ്രദേശങ്ങൾ നിലവിൽ കണ്ടെയ്മെന്റ് സോൺ നിയന്ത്രണങ്ങളിലാണ്. വരുന്ന ആഴ്ചയിൽ ജില്ലായിലെ ഏതാണ്ടെല്ലാ തദ്ദേശ സ്ഥാപനങ്ങളും നിയന്ത്രണങ്ങളിലാകാനുള്ള സാദ്ധ്യത അവഗണിക്കാനാകില്ല.
പാളിയത് എവിടെ?
പൊതു ഇടങ്ങളിൽ ജനങ്ങൾക്ക് ഒരു ഘട്ടത്തിലും സ്വയം നിയന്ത്രണം ഉണ്ടായിരുന്നില്ല. ലോക്ക് ഡൗണിൽ ഇളവ് വന്നതിന് പിന്നാലെ ചന്തകൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിലേക്ക് ജനങ്ങൾ ഇടിച്ച് കയറിപ്പോൾ അവരെ പിന്തിരിപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ, സർക്കാർ സംവിധാനങ്ങൾ എന്നിവർക്ക് കഴിഞ്ഞില്ല. സമ്പർക്ക രോഗ വ്യാപനത്തിന് ഇടയാക്കിയത് സാമൂഹിക അകലം ഇല്ലാതെ ജനങ്ങൾ നടത്തിയ ഇടപെടലുകളാണ്.
ഇനിയെന്ത് ?
രോഗികളുടെ എണ്ണം നിയന്ത്രണമില്ലാതെ ഉയർന്നാൽ കൊവിഡ് രോഗികൾക്കും മറ്റ് രോഗങ്ങൾ ബാധിക്കുന്നവർക്കും മെച്ചപ്പെട്ട ചികിത്സ നൽകാൻ സൗകര്യങ്ങളില്ലാതെ വരും. അത് ഒഴിവാക്കാൻ പരമാവധി വീടുകളിലേക്ക് ചുരുങ്ങുക മാത്രമാണ് ഏക വഴി. ആരിൽ നിന്നും രോഗം പകരാമെന്ന സ്ഥിതിയാണിപ്പോൾ. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിൽ നിന്ന് പൂർണമായും വിട്ട് നിൽക്കുക. അടിയന്തര അത്യാവശ്യമല്ലെങ്കിൽ ആശുപത്രി യാത്രകൾ ഒഴിവാക്കുക.
''
പൊതു ഇടങ്ങളിൽ ആറടി മാറി നിന്നാൽ, ആറടി മണ്ണ് ഉടൻ വേണ്ടി വരില്ല, ജാഗ്രത.
ബി.അബ്ദുൽ നാസർ,
ജില്ലാ കളക്ടർ