കൊല്ലം: കൊവിഡിന്റെ തുടക്കം മുതൽ വിശ്രമമില്ലാത്ത ജോലിയിലാണ് അഗ്നിശമന സേനാവിഭാഗം. ലോക്ക് ഡൗൺ കാലത്ത് വീടുകളിൽ കുടുങ്ങിയവർക്ക് മരുന്നും അവശ്യസാധനങ്ങളും എത്തിച്ചിരുന്ന സേനയെ കൊവിഡ് വ്യാപനത്തോടെയാണ് അണുനശീകരണ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചത്. ദിനം പ്രതി രോഗികളുടെ എണ്ണവും കണ്ടെയ്ൻമെന്റ് സോണുകളും പെരുകിയതോടെ ഊണും ഉറക്കവുമുപേക്ഷിച്ച് മഹാമാരിയുടെ പിടിയിൽ നിന്ന് നാടിനെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണിവർ.
ഫയർഫോഴ്സ് സേനാംഗങ്ങളെ മുൻ ഡയറക്ടർ ജനറൽ കെ. ഹേമചന്ദ്രനാണ് അണുനശീകരണ പ്രവർത്തനങ്ങൾക്ക് നിയോഗിച്ചത്. കൊവിഡ് റിപ്പോർട്ട് ചെയ്യുന്ന സ്ഥലങ്ങളും പരിസരവും സമ്പർക്കത്തിലുള്ള പൊതുസ്ഥലങ്ങളും സോഡിയം ഹൈപ്പോക്ളോറൈഡ് തളിച്ച് അണുവിമുക്തമാക്കുകയാണ് ദൗത്യം. രോഗം വ്യാപകമാകുകയും സ്ഥിതി സങ്കീർണമാകുകയും ചെയ്തതോടെ ഓടിത്തളരുകയാണ് സേന. മാസങ്ങളായുള്ള വിശ്രമമില്ലാത്ത ഓട്ടമാണ് വാഹനങ്ങൾക്കൊപ്പം സേനാംഗങ്ങളെയും തളർത്തുന്നത്.
രോഗവ്യാപനമുണ്ടായാലും ഫലപ്രദമായി പ്രവർത്തിക്കാൻ എല്ലാ സ്റ്റേഷനുകളിലും ജീവനക്കാരെ പല ഷിഫ്ടുകളാക്കി ക്രമീകരിച്ചാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. ജില്ലയിലെ പതിനൊന്ന് ഫയർ സ്റ്റേഷനുകളിൽ നിന്നായി ഒരുദിവസം കുറഞ്ഞത് 120ൽപ്പരം ഡിസ് ഇൻഫക്ഷൻ കോളുകളാണ് ലഭിക്കുന്നത്. സംസ്ഥാന അതിർത്തിയായ ആര്യങ്കാവിൽ പ്രതിദിനം നൂറ് കണക്കിന് വാഹനങ്ങൾ അണുവിമുക്തമാക്കുന്നതിനൊപ്പം സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ട്രെയിനുകൾ വന്നുപോയാലുടൻ റെയിൽവേസ്റ്റേഷനും പരിസരവും അണുവിമുക്തമാക്കണം. എണ്ണിയാൽ തീരാത്ത ജോലികളിൽ നട്ടംതിരിയുമ്പോഴും പരാതികൾക്കോ പരിഭവങ്ങൾക്കോ മുതിരാതെ മഹാമാരിയിൽ നിന്ന് നാടിനെ കൈപിടിച്ചുയർത്താനുള്ള ഓട്ടത്തിലാണ് സേന.
ജോലിഭാരം
കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ, ജയിലുകൾ, റിമാൻഡ് പ്രതികളെ നിരീക്ഷണത്തിലാക്കിയിരിക്കുന്ന സെന്ററുകൾ, കൊവിഡ് ആശുപത്രികൾ, ഓരോ ദിവസത്തെയും കണ്ടെയ്ൻമെന്റ് സോണുകൾ, ബസ് സ്റ്റേഷനുകൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങൾ അണുവിമുക്തമാക്കണം
രാവിലെ എട്ടിന് ആരംഭിക്കുന്ന ജോലി രാത്രി വൈകിയാണ് അവസാനിക്കുന്നത്
ചെക്ക് പോസ്റ്റിൽ ഇതുവരെ 1,30,000 വാഹനങ്ങൾ അണുവിമുക്തമാക്കി
ഇതിന് പുറമേ പതിവ് സേവനങ്ങൾ
സ്പ്രെയറുകൾക്ക് ക്ഷാമം
സോഡിയം ഹൈപ്പോ ക്ളോറേറ്റ് നിരന്തരം പമ്പ് ചെയ്ത് ഫയർഫോഴ്സിന്റെ വാട്ടർ ടെൻഡറുകളും പമ്പുകളും തുരുമ്പെടുക്കുകയും സ്പ്രെയറുകൾ തകരാറിലാകുകയും ചെയ്തിട്ടുണ്ട്. പതിനായിരം രൂപയ്ക്ക് മീതെയാണ് ഒരു സ്പ്രെയറിന്റെ വില. വാഹനങ്ങൾക്കും വൻതോതിലുള്ള റിപ്പയറിംഗ് വേണ്ടിവന്നു. കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡിൽ നിന്ന് പി.പി.ഇ കിറ്റ് ലഭിക്കുന്നത് മാത്രമാണ് ആകെയുള്ള കരുതലും ആശ്വാസവും. നഗരസഭയും കോർപ്പറേഷനും സ്പ്രെയറുകൾ വാഗ്ദാനം ചെയ്തെങ്കിലും നൽകിയില്ല. കൊല്ലത്തെ പ്രമുഖ ബിസിനസ് സ്ഥാപനങ്ങളും മറ്റും വാങ്ങിനൽകുന്ന സ്പ്രെയറുകളാണ് ഇപ്പോഴത്തെ ആശ്രയം.
''
പരിമിതികൾക്കിടയിലും കൊവിഡുമായി ബന്ധപ്പെട്ട് പരമാവധി സേവനം നൽകാൻ സേന പരിശ്രമിക്കുന്നുണ്ട്. ലോക്ക് ഡൗൺ മുതൽ കൊവിഡ് പ്രതിരോധത്തിനുള്ള പോരാട്ടത്തിലാണ്.
കെ. ഹരികുമാർ,
ജില്ലാ ഫയർ ഓഫീസർ, കൊല്ലം