കോട്ടയം : യോഗ കേന്ദ്രങ്ങളും ജിംനേഷ്യങ്ങളും തുറക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയെങ്കിലും ശ്വസന ക്രിയയിൽ അതീവ ശ്രദ്ധവേണ്ട യോഗയിലെ ആസനങ്ങൾ മാസ്ക്ക് വച്ച് ചെയ്യുന്നത് ദോഷമാകുമെന്ന് യോഗാചാര്യന്മാർ. യോഗാകേന്ദ്രങ്ങളും ജിംനേഷ്യവും നിയന്ത്രണങ്ങളോടെയാണ് ഇന്നുമുതൽ പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്.
പരിശീലന ബാച്ചുകളിലെ എണ്ണം നിയന്ത്രിക്കണം, വരുന്നവരുടെ പേരും വിലാസവും ഫോൺനമ്പറും ശേഖരിക്കണം, ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്യിക്കണം തുടങ്ങി ഒട്ടേറെ നിയന്ത്രണങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നോട്ടു വച്ചിട്ടുണ്ട്. പരിശീലനങ്ങൾക്കിടയിലെ സമയം 15 മുതൽ 30 മിനിറ്റുവരെയാക്കൽ, അണുവിമുക്തമാക്കൽ എന്നിവ ഒരോ ഇടവേളകളിലും നടത്തണം. ജിമ്മിൽ ഫിറ്റ്നെസ് ഉപകരണങ്ങൾ തമ്മിലും യോഗ ചെയ്യുന്നവർ തമ്മിലും ആറടി അകലം പാലിക്കണം.
എന്നാൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നിബന്ധനകളിൽ കൂടുതൽ ആളുകളുള്ള ജിംനേഷ്യമോ , യോഗാകേന്ദ്രമോ പ്രവർത്തിപ്പിക്കാനാവില്ല.
നിയന്ത്രണങ്ങൾ
65 വയസ്സിന് മുകളിലുള്ളവർ, രോഗാവസ്ഥയിലുള്ളവർ, ഗർഭിണികൾ,
പത്ത് വയസ്സിന് താഴെയുള്ളവർ എന്നിവർ പാടില്ല.
സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിൽ അകത്തേയ്ക്കും
പുറത്തേയ്ക്കും പോകാൻ പ്രത്യേകം കവാടം വേണം.
ദിശ അടയാളപ്പെടുത്താൻ സൂചനാ ബോർഡുകൾ സ്ഥാപിക്കണം.
പരിശീലിക്കുന്നവരെ ബാച്ചുകളായി നിയന്ത്രിക്കണം
യോഗ ക്ളാസ് നടത്തില്ല.
ശ്വസന ക്രിയയുമായി ബന്ധപ്പെട്ടതാണ് യോഗ. എല്ലാ ആസനങ്ങളും തുടങ്ങുന്നതും അവസാനിക്കുന്നതും ശ്വസന നിയന്ത്രണത്തിലാണ്. മാസ്ക്ക് വച്ച് ശ്വാസ നിയന്ത്രണം ബുദ്ധിമുട്ടാണ് . പ്രാണായാമവും പറ്റില്ല . ഉദ്ദേശിച്ച ഫലം കിട്ടില്ലെന്നുമാത്രമല്ല . ശരീരത്തിന് ദോഷകരവുമാവും. കൊവിഡ് അവസാനിക്കാതെ ഞങ്ങൾ മാസ്ക് വെച്ച് ഗ്രൂപ്പ് ക്ലാസ് നടത്താനില്ല .
സാബു പുളിന്തറകുന്നേൽ,
യോഗാചാര്യൻ, പുതുപ്പള്ളി ചാരിറ്റബിൾ ട്രസ്റ്റ്