സോൾ: കൊവിഡ് ഭീതിയിൽ കറൻസി നോട്ടുകൾ വാഷിംഗ് മെഷീനിലിട്ട് കഴുകി ദക്ഷിണ കൊറിയൻ യുവാവ്. രാജ്യതലസ്ഥാനമായ സോളിനടുത്തുള്ള അൻസാൻ സിറ്റിയിൽ താമസിക്കുന്ന യുവാവാണ് നോട്ടുകൾ ‘കഴുകി’ നശിപ്പിച്ചത്. നശിച്ച നോട്ടുകൾ മാറ്റി നൽകണം എന്നാവശ്യപ്പെട്ട് ഇയാൾ സെൻട്രൽ ബാങ്കിനെ സമീപിച്ചെങ്കിലും ബാങ്ക് അധികൃതർ തയ്യാറായില്ല.
വളരെ വലിയ നഷ്ടമായത് കൊണ്ട് നോട്ടുകൾ മാറി നൽകാൻ ബാങ്കിനു കഴിയില്ലെന്ന് ബാങ്ക് മാനേജർ സിയോ ജീ വോൺ അറിയിച്ചു. എത്ര നോട്ടുകളാണ് ഇദ്ദേഹം കഴുകാൻ ശ്രമിച്ചതെന്ന് അറിയില്ലെന്നും നോട്ടുകളുടെ പാതിവില ഇദ്ദേഹത്തിനു നൽകി എന്നും അവർ പറഞ്ഞു. കുടുംബത്തിൽ നടന്ന ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുത്തവർ നൽകിയ നോട്ടുകളായിരുന്നു ഇതെന്നും ഒരു വാർത്താ കുറിപ്പിലൂടെ അവർ അറിയിച്ചു. നോട്ട് കൈമാറ്റത്തിനെത്തിയ ആളുടെ പേരോ മറ്റ് വിവരങ്ങളോ ബാങ്ക് പുറത്തുവിട്ടിട്ടില്ല.
നോട്ടിൽ നിന്നും കൊവിഡ് പടരുമൊയെന്ന് പേടിച്ചാണ് നോട്ടുകൾ വാഷിംഗ് മെഷീനിലിട്ട് അലക്കിയെടുത്തത്. വാഷിംഗ് മെഷീനിൽ നിന്ന് പുറത്തെടുത്തപ്പോള്‍ നോട്ടുകൾ പലതും കീറിപ്പറിഞ്ഞു. ഇവയുമായി ബാങ്ക് ഓഫ് കൊറിയയിൽ എത്തിയപ്പോൾ 23 ദശലക്ഷം വോണിന്റെ (19,320 ഡോളർ) പുതിയ കറൻസിയാണ് തിരികെ നല്‍കിയത്. ബാങ്ക് നിയമ പ്രകാരം മോശം നോട്ടുകൾക്ക് പകുതി മൂല്യമാണ് തിരികെ നൽകിയതെന്ന് ബാങ്ക് ഔദ്യോഗിക സ്ഥിരീകരണത്തിൽ പറഞ്ഞു.
എണ്ണാൻ കഴിഞ്ഞ കീറിയ നോട്ടുകൾക്കാണ് പുകുതി മൂല്യം നൽകിയതെന്നും പൂർണമായും കീറിപ്പറിഞ്ഞ നോട്ടുകൾ കണക്കിലെടുത്തിട്ടില്ലെന്നും ബാങ്ക് പറഞ്ഞു. എത്ര നോട്ടുകളാണ് ഇയാൾ കഴുകാൻ ശ്രമിച്ചതെന്ന് കൃത്യമായി അറിയില്ലെങ്കിലും വലിയ നഷ്ടമാണ് സംഭവിച്ചിട്ടുണ്ടാകുകയെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
മുമ്പ് കൊവിഡ് ഭീതിയിൽ നോട്ടുകൾ മൈക്രോവേവിലിട്ട് ചൂടാക്കിയ കിം എന്നയാൾക്കും നഷ്ടമുണ്ടായതായി ബാങ്ക് അധികൃതർ പറഞ്ഞു. കേടുപാടുകൾ കുറവാണെങ്കിൽ ബാങ്ക് മുഴുവൻ തുകയും നല്‍കും. എന്നാല്‍ കേടുപാട് കൂടുതലാണെങ്കിൽ പകുതി മൂല്യമാണ് നല്‍കുക.