ഹൈദരാബാദ്: തെലങ്കാനയിലെ മുതിർന്ന സി.പി.എം നേതാവും മുൻ എം.എൽ.എയുമായ സുന്നം രാജയ്യ (68) കൊവിഡ് ബാധിച്ച് മരിച്ചു. തിങ്കളാഴ്ച അർദ്ധരാത്രിയോടെ വിജയവാഡയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം. 1999, 2004, 2014 കാലത്ത് ഭദ്രാചലം മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു ആദിവാസി നേതാവു കൂടിയായ രാജയ്യ ലളിതജീവിതത്തിനുടമയായിരുന്നു. ബസിലും ഓട്ടോറിക്ഷയിലുമൊക്കെയാണ് നിയമസഭാ സമ്മേളനങ്ങളിൽ പങ്കെടുക്കാനെത്തിയിരുന്നത്. നിരവധി ആദിവാസി- ഗോത്ര പ്രക്ഷോഭങ്ങളിലും പങ്കാളിയായിട്ടുണ്ട്. ഭാര്യയും നാലു മക്കളുമുണ്ട്. തെലങ്കാന മുഖ്യമന്ത്രിയടക്കമുള്ളവർ അനുശോചിച്ചു.