മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി-20യിൽ അഞ്ചുറൺസിന് വിജയിച്ച പാകിസ്ഥാൻ മൂന്നുമത്സര പരമ്പര 1-1ന് സമനിലയിലാക്കി. ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാൻ നാല് വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടി. ഇംഗ്ലണ്ടിന് എട്ടു വിക്കറ്റ് നഷ്ടത്തിൽ 185 റൺസ് നേടാനേ കഴിഞ്ഞുള്ളൂ.
61 റൺസെടുത്ത മോയിൻ അലി, 46 റൺസടിച്ച ടോം ബാന്റൺ എന്നിവരൊഴികെ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിരയിൽ മറ്റാരും തിളങ്ങിയില്ല. പാകിസ്ഥാനായി ഷഹീൻ അഫ്രീദിയും വഹാബ് റിയാസും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. അവസാന രണ്ട് ഓവറിൽ ഇംഗ്ലണ്ടിന് വിജയിക്കാൻ 20 റൺസ് എന്ന അവസ്ഥയിൽ 19-ാം ഓവർ എറിഞ്ഞ വഹാബ് മൂന്നു റൺസ് മാത്രം വിട്ടുകൊടുത്ത് വീഴ്ത്തിയത് രണ്ടു വിക്കറ്റാണ്.
അരങ്ങേറ്റ താരം ഹൈദർ അലിയും(54) മുഹമ്മദ് ഹഫീസും ( 86)നേടിയ അർദ്ധസെഞ്ച്വറികളാണ് പാകിസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. രണ്ടിന് 32 റൺസ് എന്ന നിലയിൽ തകർച്ചയിലായിരുന്ന പാകിസ്ഥാനായി മൂന്നാം വിക്കറ്റിൽ ഹൈദർ അലിയും മുഹമ്മദ് ഹഫീസും ഒത്തുചേരുകയായിരുന്നു. 19-കാരനായ ഹൈദറും 39-കാരനായ ഹഫീസും പാകിസ്താനായി സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. 33 പന്തിൽ 54 റണ്‍സ് നേടിയ ഹൈദറിനെ ക്രിസ് ജോർദ്ദാനാണ് പുറത്താക്കിയത്. 52 പന്തിൽ നിന്നാണ് പുറത്താകാതെ 86 റൺസ് ഹഫീസ് നേടിയത്.