ന്യൂഡൽഹി: വിദ്വേഷ പ്രചാരണം നടത്തിയതിന് തെലങ്കാനയിലെ ഏക ബി.ജെ.പി എം.എൽ.എ ടി. രാജാസിംഗിനെ ഫേസ്ബുക്ക് വിലക്കി. അക്രമവും വിദ്വേഷവും പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിനാലാണ് വിലക്കിയതെന്ന് ഫേസ്ബുക്ക് അറിയിച്ചു.
അതേസമയം തനിക്ക് ഫേസ്ബുക്ക് അക്കൗണ്ടില്ലെന്നും തന്റെ പേരിൽ മറ്റാരോ സന്ദേശങ്ങൾ അയച്ചെന്നുമാണ് രാജാസിംഗിന്റെ പ്രതികരണം. റോഹിൻഗ്യൻ അഭയാർത്ഥികളെക്കുറിച്ച് രാജാസിംഗ് ഫേസ്ബുക്കിലൂടെ നടത്തിയ മോശം പരാമർശം വിവാദമായിരുന്നു.
തന്റെ ഫേസ്ബുക്ക് അക്കൗണ്ട് 2018ൽ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും നിലവിൽ ട്വിറ്ററും യൂട്യൂബും മാത്രമാണ് ഉപയോഗിക്കുന്നതെന്നും എം.എൽ.എ വിശദീകരിച്ചു.
കോൺഗ്രസിന് ഫേസ്ബുക്ക് മറുപടി
രാഷ്ട്രീയ പക്ഷപാതപരമായി പെരുമാറുന്നുവെന്ന കോൺഗ്രസിന്റെ ആരോപണം ഫേസ്ബുക്ക് നിഷേധിച്ചു. തങ്ങൾ രാഷ്ട്രീയ പക്ഷഭേദമന്യേയാണ് പ്രവർത്തിക്കുന്നത്. തങ്ങളുടെ മാദ്ധ്യമത്തിലൂടെ മതവിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കാൻ അനുവദിക്കില്ലെന്നും ഫേസ്ബുക്ക് പബ്ളിക് പോളിസി ട്രസ്റ്റ് ആൻഡ് സേഫ്ടി ഡയറക്ടർ നീൽ പോട്ട്സ്, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് അയച്ച കത്തിൽ വ്യക്തമാക്കി. ഫേസ്ബുക്കിന്റെ ഇന്ത്യൻ മാനേജ്മെന്റിലുള്ളവർ ബി.ജെ.പിക്ക് അനുകൂലമായി പ്രവർത്തിക്കുന്നുവെന്നും അവർക്കെതിരെ നടപടിവേണമെന്നും ഫേസ്ബുക്ക് മേധാവി മാർക്ക് സുക്കൻബർഗിന് അയച്ച കത്തിൽ കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടിയിരുന്നു.