ലംഘിക്കുന്നവർക്ക് തടവുശിക്ഷ
ന്യൂഡൽഹി: ആന്ധ്രാപ്രദേശിൽ ഓൺലൈൻ ചൂതാട്ട കളികൾ നിരോധിച്ചു. സാമൂഹിക പ്രശ്നങ്ങൾക്ക് ഇത്തരം കളികൾ കാരണമാകുന്നു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഓൺലൈൻ റമ്മി, പോക്കർ തുടങ്ങിയ ഗെയിമുകൾക്കും നിരോധനം ബാധകമാണ്.
1974ലെ ആന്ധ്രാപ്രദേശ് ഗെയിമിംഗ് ആക്ടിൽ വരുത്തിയ ഭേദഗതികൾ മന്ത്രിസഭ അംഗീകരിച്ചതോടെയാണ് നിരോധനം നിലവിൽ വന്നത്. ഇത്തരം കളികൾ സംഘടിപ്പിക്കുന്നവരെ ആദ്യ തവണ പിടികൂടിയാൽ ഒരു വർഷം വരെ തടവു ലഭിക്കാവുന്ന തരത്തിലാണ് നിയമത്തിൽ ഭേദഗതി കൊണ്ടുവന്നതെന്ന് വാർത്താവിതരണ മന്ത്രി പെർണി വെങ്കടരാമയ്യ പറഞ്ഞു. കുറ്റം ആവർത്തിച്ചാൽ ശിക്ഷ രണ്ടു വർഷം വരെ തടവുശിക്ഷയും പിഴയും. ഓൺലൈൻ ചൂതാട്ട ഗെയിമുകൾ കളിക്കുന്നവർക്ക് ആറുമാസം വരെ തടവു ലഭിക്കുമെന്നും പെർണി വെങ്കടരാമയ്യ അറിയിച്ചു.