പരിശോധന നിലച്ചു, സമൂഹവ്യാപന ആശങ്ക
കൊല്ലം: ഓണത്തിരക്കിനിടെ തൊഴിൽ - ആരോഗ്യ വകുപ്പുകളുടെ പരിശോധന നിലച്ചതോടെ സംസ്ഥാനത്തേക്ക് അന്യസംസ്ഥാന തൊഴിലാളികളുടെ വരവ് വർദ്ധിച്ചു. ഇതോടൊപ്പം കൊവിഡ് നിയന്ത്രണങ്ങൾ അട്ടിമറിച്ചുള്ള തിരക്ക് സമൂഹവ്യാപനത്തിന് വഴിതുറക്കുമെന്ന ആശങ്കയും ഉയർത്തുന്നുണ്ട്.
ലോക് ഡൗണിന് മുമ്പും ലോക്ക് ഡൗൺ കാലത്തും നാട്ടിലേക്ക് മടങ്ങിയവരാണ് മാസങ്ങൾക്ക് ശേഷം കേരളത്തിലേക്ക് തിരിച്ചെത്തുന്നത്. ട്രെയിനുകളിലും മറ്റും എത്തുന്നവരെ റെയിൽവേ സ്റ്റേഷനുകളിലും സംസ്ഥാന അതിർത്തികളിലും സ്ക്രീനിംഗിന് ശേഷമാണ് കടത്തിവിട്ടിരുന്നത്. എന്നാൽ ഓണത്തിരക്കിനിടെ ഇത്തരം പരിശോധനകളെല്ലാം ചട്ടപ്പടിയായി.
രോഗനിരക്ക് കൂടിയതോടെ റെയിൽവേ സ്റ്റേഷനുകളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ വകുപ്പ് ജീവനക്കാരിൽ പലർക്കും ആശുപത്രികളിലും ഫസ്റ്റ് ലൈൻ ട്രീറ്റ് മെന്റ് സെന്ററുകളിലും ഫീൽഡിലുമായി ഡ്യൂട്ടി. ഇത് കാരണം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്നവരെ പരിശോധിക്കുന്നതൊഴിച്ചാൽ വിവരശേഖരണമൊന്നും ഫലപ്രദമല്ല. ഓണക്കാലത്ത് അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ലോറികളിൽ ഒളിച്ചും പാത്തും വന്നവരും നിരവധിയാണ്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകളോ മറ്റ് രേഖകളോ ഇവരുടെ പക്കലില്ല. ഇതും രോഗവ്യാപന സാദ്ധ്യത വർദ്ധിപ്പിക്കുന്നു.
പരിശോധന വഴിപാടായ വഴികൾ
1. സർക്കാർ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൊവിഡ് കേസുകൾക്ക് പിന്നാലെ
2. എത്തുന്നത് കശുഅണ്ടി - ചെമ്മീൻ - കട്ടക്കമ്പനി, ഹോട്ടൽ, ബേക്കറി, പലഹാര നിർമ്മാണ യൂണിറ്റുകളിലെ തൊഴിലാളികൾ
3. തമിഴ്നാട്ടിലെ തീവ്ര രോഗബാധിത മേഖലകളായ കുളച്ചൽ, മാർത്താണ്ഡം, കന്യാകുമാരി എന്നിവിടങ്ങളിൽ നിന്ന് ധാരാളം മത്സ്യത്തൊഴിലാളികൾ എത്തുന്നു
4. ജില്ലയും തീരപ്രദേശങ്ങളും അഭിമുഖീകരിക്കുന്നത് ഭീതിജനകമായ സാഹചര്യം
5. തൊഴിൽ ശാലകളോട് ചേർന്നോ അല്ലാതെയോ ഉള്ള ക്യാമ്പുകളിലാണ് ഇത്തരക്കാരുടെ താമസം
6. സാമൂഹ്യ അകലമോ മറ്ര് സുരക്ഷയോ കൊവിഡ് പ്രോട്ടോക്കോളോ പാലിക്കുന്നില്ല
''
അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും തൊഴിൽ സ്ഥലങ്ങളിലും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്.
ടി. ആർ മനോജ് കുമാർ
ജില്ലാ ലേബർ എൻഫോഴ്സ്മെന്റ് ഓഫീസർ
അന്യസംസ്ഥാന തൊഴിലാളികൾ
ആകെ: 14,217
ശ്രമിക് ട്രെയിനുകളിൽ മടങ്ങിയവർ: 7,000
മറ്റ് വാഹനങ്ങളിൽ: 800
ജില്ലയിൽ തുടരുന്നത്: 6,417
(ലേബർ വകുപ്പിന്റെ ഓണത്തിന് മുമ്പുള്ള കണക്ക്)