ന്യൂഡൽഹി: സി.ബി.എസ്.ഇ. 10, 12 ക്ലാസുകളിൽ തോറ്റ വിഷയങ്ങളിലും റിസൽട്ട് മെച്ചപ്പെടുത്തുന്നതിനുമായുള്ള കമ്പാർട്ടുമെന്റ് പരീക്ഷ ഈ മാസം 22 മുതൽ 29 വരെ നടത്തുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു. പത്താം ക്ലാസ് പരീക്ഷ 22 മുതൽ 28 വരെയും പ്ലസ് ടു പരീക്ഷ 22 മുതൽ 29 വരെയുമാണ് . ടൈംടേബിൾ സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷ നടത്താനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി സി.ബി.എസ്.ഇ സുപ്രീംകോടതിയെ അറിയിച്ചു. പരീക്ഷ നടത്തിപ്പ് സംബന്ധിച്ച വിശദീകരണം ഏഴിനകം സമർപ്പിക്കണമെന്നാവശ്യപ്പെട്ട് സി.ബി.എസ്.ഇയ്ക്ക് ജസ്റ്റിസ് എം.എം ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബെഞ്ച് നോട്ടീസയച്ചു.
പത്താം ക്ലാസിലെ 1.5 ലക്ഷത്തോളം കുട്ടികളും പന്ത്രണ്ടാം ക്ലാസിലെ 87,000 കുട്ടികളുമാണ് ഈ പരീക്ഷകൾ എഴുതുന്നത്.കഴിഞ്ഞ വർഷം 575 കേന്ദ്രങ്ങളാണുണ്ടായിരുന്നത്. എന്നാൽ, കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണ 1,278 പരീക്ഷാകേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും, ഒരു ക്ലാസ് മുറിയിൽ 12 പേർക്ക് മാത്രം ഇരിക്കാനുള്ള സംവിധാനമൊരുക്കുമെന്നും സി.ബി.എസ്.ഇ അറിയിച്ചു. ഹർജി പത്തിന് വീണ്ടും പരിഗണിക്കും.
യു.പി.എസ്.സി: പ്രത്യേക ട്രെയിൻ സർവീസ് ഇന്നും നാളെയും
തിരുവനന്തപുരം: നാഷണൽ ഡിഫൻസ് അക്കാഡമി, നേവൽ അക്കാഡമി പ്രവേശന പരീക്ഷകളുടെ കേരളാ കേന്ദ്രങ്ങളായ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഇന്നും നാളെയും ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസ് നടത്തും. ആറിനാണ് യു.പി.എസ്.സി പരീക്ഷ. കാസർകോട് നിന്നാണ് അൺ റിസർവ്ഡ് ട്രെയിനുകൾ പുറപ്പെടുക. ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ കാസർകോട് നിന്ന് അഞ്ചിന് വൈകിട്ട് 6.30ന് പുറപ്പെട്ട് ആറിന് പുലർച്ചെ 5.25ന് തിരുവനന്തപുരത്തെത്തും. ആറിന് രാത്രി 9 മണിക്ക് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന ട്രെയിൻ ഏഴിന് രാവിലെ 7.55ന് കാസർകോടെത്തും.
എറണാകുളം ജംഗ്ഷനിലേക്കുള്ള ട്രെയിൻ അഞ്ചിന് രാത്രി 9.35ന് കാസർകോട് നിന്ന് പുറപ്പെട്ട് ആറിന് പുലർച്ചെ 4.50ന് എത്തിച്ചേരും. ആറിന് രാത്രി 11.35ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ ഏഴിന് പുലർച്ചെ 6.50ന് കാസർകോടെത്തും.