പ്രൊഫഷണൽ സംഘമെന്നുറച്ച് പൊലീസ്
ഹരിപ്പാട്: കരുവാറ്റ ടി.ബി ജംഗ്ഷനു സമീപമുള്ള സർവീസ് സഹകരണ ബാങ്കിൽ നടന്ന വൻ കവർച്ചയ്ക്ക് പിന്നിൽ പ്രൊഫഷണൽ സംഘമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. അന്തർ സംസ്ഥാന സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം ഊർജ്ജിതമാക്കുകയാണ് പൊലീസ്.
വ്യാഴാഴ്ച രാവിലെയാണ് മോഷണത്തെപ്പറ്റി പുറംലോകമറിയുന്നത്. നാലര കിലോ സ്വർണവും നാല് ലക്ഷം രൂപയുമാണ് ബാങ്കിൽ നിന്ന് നഷ്ടപ്പെട്ടത്. കഴിഞ്ഞ മാസം 28ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഓണാവധിക്കായി ബാങ്ക് അടച്ച് ജീവനക്കാർ മടങ്ങിയത്. പിന്നീട് വ്യാഴാഴ്ച രാവിലെ 10 മണിയോടെ തുറന്നപ്പോഴാണ് മോഷണത്തെ പറ്റി അറിയുന്നത്. ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടം തന്നെ ഏറെ പഴക്കം ചെന്നതും, വാതിലുകളും മറ്റും കാര്യമായ സുരക്ഷ ഇല്ലാത്തതുമാണ്. ഇത് മോഷ്ടാക്കൾക്ക് ഏറെ സഹായകരമായി.
ലോക്കർ പൊളിച്ചിരിക്കുന്ന രീതിയാണ് പ്രൊഫഷണൽ സംഘമെന്ന സംശത്തിനു കാരണം. ഓക്സിജനും പാചകവാതകവും പ്രത്യേക അനുപാതത്തിൽ കലർത്തിയാണ് സ്ട്രോംഗ് റൂംമിന്റെ വാതിൽ മുറിക്കാൻ ഉപയോഗിച്ചത്. മോഷ്ടാക്കൾ കൊണ്ടുവന്ന മൂന്ന് ഗ്യാസ് സിലിണ്ടറുകളും ബാങ്കിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഈ രീതിയിൽ മുറിക്കുമ്പോൾ അതിസൂക്ഷ്മത ഉണ്ടാവണം. അല്ലെങ്കിൽ വലിയ സ്ഫോടനത്തോടെ അപകടം സംഭവിക്കാം. ലോക്കർ കുത്തിപ്പൊളിക്കാനോ, വാതിൽ തർക്കാനോ ശ്രമം നടന്നിട്ടില്ല എന്നതും സാധാരണ മോഷ്ടാക്കളല്ല സംഭവത്തിനു പിന്നിലെന്ന പൊലീസിന്റെ സംശയത്തിന് ബലം നൽകുന്നു. ലോക്കറിന്റെ താഴെത്തെ ഭാഗം ഒരാൾക്ക് കയറാൻ കഴിയുന്ന രീതിയിലാണ് മുറിച്ചു മാറ്റിയത്.
ജില്ലാ പൊലീസ് മേധാവി പി.എസ്. സാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനാണ് കരുവാറ്റ ബാങ്കിൽ നടന്ന മോഷണത്തിന്റെ അന്വേഷണ ചുമതല. വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ഊർജ്ജിതമായി നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സമാനരീതിയിൽ സംസ്ഥാനത്ത് നടന്നിട്ടുള്ള ബാങ്ക് കവർച്ചകളുടെ വിവരങ്ങൾ ശേഖരിച്ചാണ് പ്രാഥമിക അന്വേഷണം പുരോഗമിക്കുന്നത്.
....................................
നഷ്ടപരിഹാരം ലഭിക്കും
85 വർഷത്തെ പഴക്കമുള്ള ബാങ്കാണ് കരുവാറ്റ 2145-ാം നമ്പർ സർവീസ് സഹകരണ ബാങ്ക്. നാലു കോടി രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ ബാങ്കിലെ സ്വർണത്തിന് ഉണ്ടെന്നും അതിനാൽ ഇടപാടുകാർ ഭയപ്പെടേണ്ട കാര്യമില്ലെന്നുമാണ് ബാങ്ക് അധികൃതർ പറയുന്നത്. നഷ്ടമായ സ്വർണ്ണത്തിന് തുല്യമായ തുക ലഭിക്കുമെന്നും ബാങ്ക് അധികൃതർ അറിയിച്ചു.
..................................
ലോക്കറിൽ പരിശോധന
ലോക്കർ കമ്പനിയിൽ നിന്നുള്ള വിദഗ്ദ്ധരെത്തി ബാങ്കിലെ ലോക്കർ പരിശോധിച്ചു. ഗോദറേജ് കമ്പനിയുടേതാണ് ലോക്കർ. സാധാരണ ഗ്യാസ് കട്ടർ ഉപയോഗിച്ച് ലോക്കർ തകർക്കാൻ കഴിയില്ലെന്നും ഉയർന്ന തരത്തിലുള്ള രണ്ടോ മൂന്നോ ഗ്യാസ് കട്ടർ ഉപയോഗിച്ച് മാത്രമേ തകർക്കാൻ കഴിയു എന്നും ഇവർ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരും ഇന്നലെ ബാങ്കിലെത്തി പരിശോധനകൾ നടത്തി.
കച്ചിത്തുരുമ്പായി പിക്കപ്പ് വാൻ
മോഷണം നടന്ന ബാങ്കിന് സമീപ് ചൊവ്വാഴ്ച രാത്രിയിൽ കണ്ടെന്ന് നാട്ടുകാർ മൊഴി നൽകിയ പിക്കപ്പ് വാൻ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നീങ്ങുന്നത്. അടച്ചുമൂടിയ നിലയിൽ ബാങ്കിന് സമീപം പിക്കപ്പ് വാൻ കണ്ടെന്നാണ് സമീപവാസികൾ പൊലീസിനോട് പറഞ്ഞത്.
ബാങ്കിലെ സി.സിടിവി ദൃശ്യങ്ങൾ എല്ലാം അപഹരിക്കപ്പെട്ടതിനാൽ ആ വഴിയുള്ള അന്വേഷണം പ്രതിസന്ധിയിലാണ്. സമീപ സ്ഥാപനങ്ങളിലെ സി.സി ടിവി ദൃശ്യങ്ങളിൽ ഈ വാഹനം പെട്ടിട്ടുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. വാഹനം കണ്ടെത്താൻ കഴിഞ്ഞാൽ അന്വേഷണ സംഘത്തിന് നേട്ടമാകും. വാഹനം കണ്ടെന്നു പറഞ്ഞ സ്ഥലത്തേക്ക് പുല്ല് നിറഞ്ഞ വഴിയിലൂടെയാണ് പൊലീസ് നായ മണം പിടിച്ചെത്തിയത്.
സാധാരണ രീതി, സാങ്കേതികം മികവ്!
കരുവാറ്റ സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന മോഷണത്തിന് സാധാരണവും സാങ്കേതികവുമായ രീതികൾ ഇടകലർന്നു കിടക്കുന്നത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നു. ഓക്സിജനും പാചക വാതകവും പ്രത്യേക അനുപാതത്തിൽ കലർത്തി ശബ്ദം ഉണ്ടാക്കാതെ ഗ്യാസ് കട്ടർ ഉപയോഗിച്ച് ലോക്കർ തകർത്ത മോഷ്ടാക്കൾ, ശബ്ദം ഉണ്ടാകാതിരിക്കാൻ റബ്ബറും പ്ളാസ്റ്റികും പൊതിഞ്ഞ ആയുധങ്ങളും ഉപയോഗിച്ചു. ഇരുമ്പ് ഉളിയിലും സ്ക്രൂ ഡ്രൈവറുകളിലും റബ്ബർ ട്യൂബ് ചുറ്റി റബ്ബർ ബാൻഡിട്ട് മുറുക്കിയ രീതിയിലാണ്. ഇവ ബാങ്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ദേശീയപാതയോരത്തുള്ള ബാങ്കിൽ വൻ മോഷണം നടന്നിട്ടും ഒരു ശബ്ദം പൊലും പുറത്ത് കേട്ടില്ലെന്നത് മോഷണത്തിനു പിന്നിൽ വിദഗ്ദ്ധരാണെന്ന സൂചനയാണ് നൽകുന്നത്.