വനിതാ സിവിൽ പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് ആദ്യ പരീക്ഷ
തിരുവനന്തപുരം: ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം പി.എസ്.സി യുടെ കായിക ക്ഷമതാ പരീക്ഷകൾക്ക് 8ന് തുടക്കമാകും. ആരോഗ്യവകുപ്പിന്റെ മേൽനോട്ടത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ നടത്തുന്നത്. വനിതാ സിവിൽ പൊലീസ് ഓഫീസർ തസ്തികയിലുള്ള 29 പേർക്കാണ് ആദ്യമായി കായികക്ഷമതാ പരീക്ഷ നടത്തുന്നത്. വനിതാ സിവിൽ പൊലീസ് ഓഫീസർ തസ്തികയിൽ നേരത്തെ കായികക്ഷമതാ പരീക്ഷകൾ പൂർത്തിയാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നെങ്കിലും ഗർഭാവസ്ഥ ,പ്രസവം എന്നിവ കാരണം പങ്കെടുക്കാനാകാത്തവർക്കായാണ് ഇക്കുറി പരീക്ഷ നടത്തുന്നത്. സാവകാശം തേടി ഇവർ നൽകിയ കത്ത് പി.എസ് .സി തള്ളിയതിനെത്തുടർന്ന് രണ്ടുപേർ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഇതേ പരാതിയുന്നയിച്ച 27 പേരെ കൂടി ഉൾപ്പെടുത്തി കായിക പരീക്ഷ നടത്താൻ പി.എസ്.സി തീരുമാനിച്ചത്. നേരത്തെ പ്രസിദ്ധീകരിച്ച 2013 പേരുടെ റാങ്ക് ലിസ്റ്റിൽ ഇതിലെ വിജയികളെ കൂടി കൂട്ടിച്ചേർക്കും.
വനിതാ സിവിൽ പൊലീസ് കോൺസ്റ്റബിൾ കായിക പരീക്ഷ
പേരൂർക്കട എസ്.എ.പി ക്യാമ്പിലാണ് കായിക പരീക്ഷ.
ഉദ്യോഗാർഥികൾക്കും ഉദ്യോഗസ്ഥർക്കും കൊവിഡ് പരിശോധന നടത്തും, ചെലവ് ആരോഗ്യവകുപ്പ് വഹിക്കും.
മാസ്ക് ,ഫേസ് ഷീൽഡ് തുടങ്ങിയവയുടെ ചെലവ് പി.എസ്.സിയും വഹിക്കും.
കായിക പരീക്ഷകളിങ്ങനെ
ഓട്ടമത്സരത്തിൽ ഒന്നിടവിട്ട ട്രാക്കിൽ മത്സരാർത്ഥികളെ പങ്കെടുപ്പിക്കും.
ഓരോ അവസരം കഴിയുമ്പോഴും ഹൈജംപ്, ലോംഗ് ജംപ് പിറ്റുകൾ അണുവിമുക്തമാക്കും.
ബാൾ ത്രോ, ഷോട്ട് പുട്ട് കായിക ഉപകരണങ്ങളും ഇത്തരത്തിൽ അണുവിമുക്തമാക്കും.
ഒരു ദിവസം പരമാവധി 30 പേരെ മാത്രമേ കായിക പരീക്ഷയ്ക്ക് പങ്കെടുപ്പിക്കൂ.