മമ്മൂട്ടിഎന്ന നടനെയുംവ്യക്തിയെയും കുറിച്ച്പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ്എഴുതുന്നു
മമ്മൂട്ടി, മലയാള സിനിമ കണ്ട ഏറ്റവും സർഗശേഷിയുള്ള അഭിനേതാക്കളിൽ ഒരാൾ. 1980-ൽ മേള എന്ന ചിത്രത്തിൽ അഭിനയിക്കാൻ വന്ന മമ്മൂട്ടി എന്ന യുവാവിന്റെ മുഖത്തെ സിനിമയോടുള്ള ആവേശം ഞാൻ ശ്രദ്ധിച്ചിരുന്നു. അഭിനയത്തിനു വേണ്ടി എന്തു ത്യാഗവും ചെയ്യാൻ തയ്യാറായൊരു സുമുഖൻ. ഇന്നും അതേ ആവേശത്തിൽ സിനിമകളെ സമീപിക്കാൻ കഴിയുന്നു എന്നതിലാണ് മമ്മൂട്ടി എന്ന നടന്റെ വിജയരഹസ്യം.
മേളയിൽ വിജയൻ എന്ന ബൈക്ക് ജമ്പറുടെ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. നായകതുല്യമായ വേഷമായിരുന്നു അത്. മമ്മൂട്ടിക്ക് സിനിമയോടുള്ള സമർപ്പണം മേളയിലെ ഒറ്റ പ്രകടനത്തിലൂടെ മനസിലാക്കാൻ കഴിഞ്ഞതിൽ ഇന്നും ഞാൻ അഭിമാനിക്കുന്നു. പ്രതിഭയും കഠിനാദ്ധ്വാനവും ഒത്തിണങ്ങിയ ആ ചെറുപ്പക്കാരൻ തുടർന്നും എന്റെ സിനിമകളുടെ ഭാഗമായി. എത്ര സങ്കീർണമായ കഥാപാത്രം നൽകിയാലും അത് അദ്ദേഹത്തിന് മനോഹരമായി അവതരിപ്പിക്കാൻ സാധിക്കുമെന്ന തിരിച്ചറിവാണ് ഞങ്ങളുടെ കൂട്ടുകെട്ട് തുടരാനുള്ള കാരണം. പിന്നീട് യവനികയിലെ ജേക്കബ് ഈരാളി എന്ന പൊലീസ് ഓഫീസർ രൂപപ്പെട്ടപ്പോൾ തന്നെ മമ്മൂട്ടിയെ മനസിൽ ഉറപ്പിച്ചിരുന്നു. 1982ൽ റിലീസ് ചെയ്ത ആ ചിത്രത്തിൽ ഭരത് ഗോപിയുടെ അഭിനയപ്രതിഭയോടൊപ്പം മമ്മൂട്ടിയും വെള്ളിത്തിരയിൽ വെട്ടിത്തിളങ്ങി. മലയാളത്തിലെ ഒരു താരസാന്നിദ്ധ്യം തന്നെയായി മമ്മൂട്ടി മാറി.
അടുത്ത വർഷം ആദാമിന്റെ വാരിയെല്ലിലും ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്കിലും മമ്മൂട്ടി അഭിനയിച്ചു. ആദാമിന്റെ വാരിയെല്ലിലെ ജോസ് എന്ന എൻജിനിയറുടെ വേഷം അത്ര ദൈർഘ്യമുള്ളതായിരുന്നില്ല. എന്നിട്ടും ശ്രീവിദ്യയുടെ രഹസ്യ കാമുകന്റെ ആ റോളിന് ഒരു മമ്മൂട്ടി സ്പർശമുണ്ട്. ലേഖയുടെ മരണത്തിൽ ഒരു സിനിമാതാരത്തിന്റെ വേഷമായിരുന്നു. തുടർന്ന് കഥയ്ക്കു പിന്നിൽ, മറ്റൊരാൾ എന്നീ ചിത്രങ്ങളിലും മമ്മൂട്ടി അഭിനയിച്ചു.
നല്ല സിനിമകൾ ചെയ്യണമെന്നു മാത്രമേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ. അതിനാൽ കഥയ്ക്ക് യോജിച്ചവരെ മാത്രമേ അഭിനേതാക്കളായി തിരഞ്ഞെടുത്തിട്ടുള്ളൂ. ഒരു ജൂനിയർ ആർട്ടിസ്റ്റിനെ തിരഞ്ഞെടുക്കുമ്പോൾ പോലും സൂക്ഷ്മ ശ്രദ്ധ പുലർത്തിയിരുന്നു. അക്കാലത്ത് മമ്മൂട്ടിയെ പോലൊരു പ്രതിഭ എങ്ങനെയാണ് എന്റെ ചിത്രങ്ങളിലേക്ക് കടന്നുവന്നതെന്ന് ഓർക്കാനാവുന്നില്ല.
ഇപ്പോഴത്തെ സാഹചര്യത്തിൽ അദ്ദേഹത്തെ ഒരു അഭിനേതാവ് എന്ന രീതിയിൽ വിലയിരുത്തുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്. അത്രയ്ക്ക് അംഗീകാരങ്ങളുടെയും പ്രേക്ഷക പ്രീതിയുടെയും നെറുകയിലാണിപ്പോൾ ആ മഹാനടൻ.
പക്ഷേ, ഒന്നു പറയാനാകും .ഏത് വേഷവും മനോഹരമാക്കാൻ കഴിയുന്ന ചലച്ചിത്ര പ്രതിഭയാണ് മമ്മൂട്ടിയെന്ന് ദീർഘകാലമായുള്ള അനുഭവങ്ങളിൽ നിന്ന് ഞാൻ മനസിലാക്കിയിട്ടുണ്ട്. മേള എന്ന സിനിമ മമ്മൂട്ടിയുടെ ചലച്ചിത്ര ജീവിതത്തെ വഴിതിരിച്ചുവിട്ടു എന്നൊക്കെ ചിലർ പറയുന്നത് ഞാനും കേട്ടിട്ടുണ്ട്. അത്തരം വാദങ്ങളൊന്നും ഞാൻ പരിഗണിക്കാറില്ല. അന്നത്തെ കാലത്ത് ഞങ്ങളൊന്നിച്ച് ചില സിനിമകൾ ചെയ്തു. എല്ലാം വിജയിച്ചു. അതെല്ലാം ഭാഗ്യമായി കരുതുന്നു.ഞങ്ങളിരുവരും സിനിമയോട് കാണിച്ച ആത്മാർത്ഥത അതിന് ചാലക ശക്തിയായിട്ടുണ്ടാകാം.
ഇലവങ്കോട് ദേശം മാത്രമാണ് അതിനൊരു അപവാദം. ഇലവങ്കോട് ദേശമാണ് ഞങ്ങൾ ഒന്നിച്ച അവസാനം ചിത്രം. ഞാൻ അവസാനം സംവിധാനം ചെയ്ത ചിത്രവും അതാണ്. എനിക്ക് തന്നെ വ്യക്തതയില്ലാത്ത ചില കാരണങ്ങൾ കൊണ്ടാണ് ആ ചിത്രം പരാജയപ്പെട്ടത്. അതേത്തുടർന്ന് ഒരു ചലച്ചിത്രകാരൻ എന്ന നിലയിലുള്ള എന്റെ ഇമേജിനെ മോശമാക്കാൻ ചിലർ ശ്രമിച്ചിട്ടുമുണ്ട്. അതിലവർ ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു. പിൽക്കാലത്ത് എന്റെ ആത്മകഥയിൽ ഈ ചിത്രത്തിന്റെ പരാജയകാരണം മമ്മൂട്ടിയാണെന്ന് എഴുതിയതായി ചർച്ചകളുണ്ടായി. അത് വലിയ വിവാദങ്ങൾക്കും വഴിവച്ചു. എന്തായാലും അതെല്ലാം കഴിഞ്ഞ കാര്യങ്ങളാണ്. ആരോപണങ്ങൾ മനഃപ്രയാസം ഉണ്ടാക്കി എന്നത് സത്യമാണ്. പക്ഷേ, ഒരിക്കലും ആ ചിത്രത്തിന്റെ പരാജയത്തിന് കാരണം മമ്മൂട്ടിയാണെന്ന് ഞാൻ കരുതുന്നില്ല.
മമ്മൂട്ടിയുടെ കരിയറിൽ നിർണായകമായ സ്വാധീനം എന്റെ കഥാപാത്രങ്ങൾ വരുത്തി എന്ന് പറയുന്നുണ്ടെങ്കിലും അതിനോടൊന്നും യോജിപ്പില്ല. അതെല്ലാം ഒരു കാലത്ത് സംഭവിച്ചതാണ്. തുടർന്നും എത്രയോ സിനിമകളിൽ മഹത്തരമായ പ്രകടനം അദ്ദേഹം കാഴ്ചവച്ചിരിക്കുന്നു.വ്യക്തിപരമായി മമ്മൂട്ടി പ്രദർശിപ്പിക്കുന്ന ഗുണങ്ങളെ ഞാൻ ആരാധനയോടെയാണ് കാണുന്നത്. അദ്ദേഹത്തിന്റെ സാമൂഹിക പ്രവർത്തനങ്ങളും നിരീക്ഷിക്കാറുണ്ട്, അതിനെ അഭിനന്ദിക്കുന്നതിനും പിശുക്കു കാണിക്കാറില്ല. എനിക്ക് നേരിൽ അറിയാവുന്ന അഭിനേതാക്കളിൽ നിന്ന് വളരെയേറെ വ്യത്യസ്തനുമാണ് അദ്ദേഹം. ആ അർപ്പണബോധം നന്നായി അറിയാം. നല്ലൊരു മനുഷ്യൻ, നടൻ, ഒരിക്കലും മറക്കാനാവാത്ത ഒരു കലാകാരൻ. മമ്മൂട്ടിയെ വച്ച് സിനിമകൾ ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.
മമ്മൂട്ടിയുമായുള്ള വ്യക്തിപരമായ ബന്ധത്തിനിടയ്ക്ക് അദ്ദേഹത്തിന്റെ സവിശേഷ ഗുണങ്ങളും ഒരു കലാകാരൻ എന്ന രീതിയിൽ അദ്ദേഹത്തിന്റെ പ്രതിഭയും സമർപ്പണവും അനുഭവിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നന്മയും ഒരുപാട് തവണ നേരിട്ടറിഞ്ഞിട്ടുണ്ട്. പക്ഷേ, എപ്പോഴും സംസാരിക്കുകയോ പരസ്പരം സന്ദർശിക്കുകയോ ചെയ്യാറില്ല.