കൊച്ചി: കൊവിഡ് ഭീതിയ്ക്കിടയിലും വ്യാജസന്ദേശങ്ങളും കാട്ടുതീ പോലെ പരക്കുകയാണ്. സാമ്പത്തിക സഹായം മുതൽ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വരെ അപേക്ഷിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാർ സംവിധാനങ്ങളുടെ പേര് ദുരുപയോഗം ചെയ്താണ് വ്യാജവാർത്തകൾ പരക്കുന്നത്.
ജനസേവ കേന്ദ്രങ്ങൾ വഴി അപേക്ഷിക്കണമെന്ന നിർദേശമുള്ളതിനാൽ അക്ഷയ കേന്ദ്രങ്ങളിൽ ഉൾപ്പെടെ തിരക്കോട് തിരക്കാണ്.
റേഷൻ കാർഡ് ഉടമകൾക്ക് ഇൻഷ്വറൻസ്
സോഷ്യൽമീഡിയ വഴി പരക്കുന്ന വ്യാജ അറിയിപ്പുകളിൽ ഏറ്റവും പുതിയത് ആരോഗ്യ ഇൻഷ്വറൻസിൽ പേരു ചേർക്കാൻ അക്ഷയ കേന്ദ്രങ്ങൾ വഴി ബന്ധപ്പെടണമെന്നതാണ്. പുതുതായി ആരോഗ്യ ഇൻഷ്വറൻസ് എടുക്കുന്നതിന് സെപ്തംബർ അവസാനവും ഒക്ടോബർ ആദ്യവും അവസരം ലഭിക്കും, എ.പി.എൽ, ബി.പി.എൽ വേർതിരിവില്ലാതെ റേഷൻ കാർഡുള്ള എല്ലാവർക്കും ആരോഗ്യ ഇൻഷ്വറൻസ് കാർഡ് ലഭിക്കും എന്നിങ്ങിനെ വ്യാജ ഓഫറുകൾ നിരവധിയുണ്ട്.
എ.പി.എൽ. കാർഡുടമകൾ അക്ഷയ വഴി നൽകുന്ന പദ്ധതിക്ക് അർഹരല്ല. വാർത്ത വ്യാജമാണെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
വിദ്യാർത്ഥികൾക്ക് ധനസഹായം
കൊവിഡ് സപ്പോർട്ടിംഗ് പദ്ധതി പ്രകാരം ഒന്ന് മുതൽ പ്ലസ് ടു വരെ ഓരോ കുട്ടിക്കും 10,000 രൂപ പ്രധാനമന്ത്രി ധനസഹായം നൽകുന്നുവെന്നും അക്ഷയ കേന്ദ്രങ്ങളെ സമീപിക്കണമെന്നുമുള്ള തരത്തിലാണ് ഈ സന്ദേശം.
ബാങ്ക് അക്കൗണ്ട് വഴി 6000 രൂപ
കൊവിഡ് സമാശ്വാസമായി ജൻധൻ അക്കൗണ്ട് ഉടമകൾക്ക് 6000 രൂപ വീതം ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തും എന്നതായിരുന്നു മറ്റൊരു വ്യാജ അറിയിപ്പ്. പിന്നാലെ ബാങ്ക് കിയോസ്കുകൾ കൂടിയായ അക്ഷയ, ജനസേവ കേന്ദ്രങ്ങളിൽ പുതിയ അക്കൗണ്ടുകൾ തുറക്കാനും ആളുകൾ തിക്കിത്തിരക്കി.
സമഗ്രമായ അന്വേഷണം വേണം
വ്യാജസന്ദേശങ്ങളെക്കുറിച്ച് അന്വേഷണം വേണം. കൊവിഡ് കാലത്ത് ഇത്തരം കുതന്ത്രങ്ങൾക്ക് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം.
സൽജിത്ത് പട്ടത്താനം, സെക്രട്ടറി,
അക്ഷയ എൻട്രപ്രണേഴ്സ് വെൽഫെയർ അസോസിയേഷൻ
ഇടപെട്ട് ഐ.ടി മിഷൻ
വ്യാജപ്രചരണങ്ങൾ വ്യാപകമായ സാഹചര്യത്തിൽ അക്ഷയ കേന്ദ്രങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന ഐ.ടി മിഷൻ. അക്ഷയ കേന്ദ്രങ്ങൾ തയ്യാറാക്കുന്ന നോട്ടീസുകൾ, ലഘുലേഖകൾ, പോസ്റ്ററുകൾ, പരസ്യങ്ങൾ, ദൃശ്യശ്രവ്യമാദ്ധ്യമ പ്രചാരണങ്ങൾ എന്നിവ മിഷന്റെ അനുമതി വാങ്ങിയശേഷമേ പ്രസിദ്ധീകരിക്കാവൂ. ലംഘിച്ചാൽ നടപടി സ്വീകരിക്കുമെന്നും ഐ.ടി മിഷൻ ഡയറക്ടർ ഡോ. ചിത്ര ഉത്തരവിൽ വ്യക്തമാക്കി.