കൊച്ചി: കൊവിഡ് സാഹചര്യത്തിൽ വായ്പാ തിരിച്ചടവുകൾക്ക് റിസർവ് ബാങ്ക് ഏർപ്പെടുത്തിയ മോറട്ടോറിയം ആഗസ്റ്റ് 31ന് അവസാനിച്ചതോടെ, ഇനി ഏവരും ഉറ്റുനോക്കുന്നത് വായ്പാ പുനഃക്രമീകരണത്തിലേക്ക്. കഴിഞ്ഞമാസത്തെ ധനനയ നിർണയ യോഗത്തിന് ശേഷമാണ് വായ്പാ പുനഃക്രമീകരണ പദ്ധതി റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്.
ഒറ്റത്തവണ പുനഃക്രമീകരണത്തിലൂടെ മൂന്നുമാസം, ആറുമാസം, 12 മാസം എന്നിങ്ങനെ വായ്പാ തിരിച്ചടവ് കാലാവധി പരിഷ്കരിക്കാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. കമ്പനികൾക്കും വ്യക്തികൾക്കും ഇതു പ്രയോജനപ്പെടുത്താം. വായ്പയെ കിട്ടാക്കടമായി മാറ്റാതെ തന്നെ പുനഃക്രമീകരിക്കാമെന്ന നേട്ടവുമുണ്ട്.
എന്നാൽ, ഇക്കഴിഞ്ഞ മാർച്ച് ഒന്നുപ്രകാരം വായ്പാ തിരിച്ചടവിൽ കുടിശികയില്ലാത്തവർ മാത്രമാണ് പുനഃക്രമീകരണ പദ്ധതിക്ക് അർഹർ. വായ്പാ പുനഃക്രമീകരണത്തിന് അർഹരായവരെ ബാങ്കുകൾ കണ്ടെത്തും. ഈമാസം 15നകം വായ്പാ പുനഃക്രമീകരണത്തിനുള്ള നടപടികൾ തയ്യാറാക്കണമെന്ന് ബാങ്കുകളോടും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളോടും (എൻ.ബി.എഫ്.സി) കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനും നിർദേശിച്ചിട്ടുണ്ട്.
ബിസിനസ് വായ്പകൾക്ക് അനുവദിച്ച വായ്പാ പുനഃക്രമീകരണം, അർഹമായ മേഖലകളെ കണ്ടെത്തൽ എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങൾ തയ്യാറാക്കാൻ ബാങ്കിംഗ് രംഗത്തെ പ്രമുഖനായ കെ.വി. കാമത്ത് അദ്ധ്യക്ഷനായ പാനലിനെ റിസർവ് ബാങ്ക് നിയോഗിച്ചിട്ടുണ്ട്.
ബാങ്ക് വായ്പാ
പുനഃക്രമീകരണം
നിലവിലെ വായ്പാ തിരിച്ചടവിന് 'ആശ്വാസം" നൽകുന്നതാണ് പുനഃക്രമീകരണം. തിരിച്ചടവിന് കൂടുതൽ സാവകാശം ഇടപാടുകാരന്റെ വരുമാനസ്ഥിതി പരിഗണിച്ച് ലഭിക്കും. ഇ.എം.ഐയിലും കുറവ് വരുത്താം.
നടപടികൾ ഇങ്ങനെ
വ്യക്തിഗത വായ്പകൾക്ക് ഈവർഷം ഡിസംബർ 31നകം പുനഃക്രമീകരണ പദ്ധതി തയ്യാറാക്കണമെന്നാണ് റിസർവ് ബാങ്കിന്റെ നിർദേശം. തുടർന്ന് 90 ദിവസത്തിനകം നടപ്പാക്കണം. കോർപ്പറേറ്റ് വായ്പകളുടെ പദ്ധതിയും ഡിസംബർ 31നകം തയ്യാറാക്കണം. എന്നാൽ, 2021 ജൂൺ 30നകം നടപ്പാക്കിയാൽ മതി.
₹2.19 ലക്ഷം കോടി
കോർപ്പറേറ്റ് ഇതര വിഭാഗത്തിലെ 2.19 ലക്ഷം കോടി രൂപ വരുന്ന വായ്പകളെങ്കിലും പുനഃക്രമീകരിക്കപ്പെട്ടേക്കാമെന്നാണ് വിലയിരുത്തൽ. മൊത്തം വായ്പയുടെ 1.9 ശതമാനമാണിത്.
മേഖലകൾ
കൊവിഡിൽ വൻ തിരിച്ചടി നേരിട്ട ടൂറിസം, ഹോസ്പിറ്റാലിറ്റി, വ്യോമയാനം, എം.എസ്.എം.ഇ മേഖലകളിലെ വായ്പകളാകും പുനഃക്രമീകരണത്തിന് സാദ്ധ്യത തേടുക. വ്യക്തിഗത വായ്പയിൽ, ശമ്പളാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ ഇതിനു താത്പര്യം കാട്ടാൻ കുറവാണെന്നും വിലയിരുത്തപ്പെടുന്നു.