കൊച്ചി : ഇന്ത്യൻ നീതിപീഠത്തിന്റെ ചരിത്രത്തിൽ അരനൂറ്റാണ്ടായി മുഴങ്ങിക്കേൾക്കുന്ന പേരാണ് കേശവാനന്ദ ഭാരതി കേസ്. മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ആധാർ കേസിലുൾപ്പെടെ ഇൗ വിധി ചർച്ച ചെയ്യപ്പെട്ടു.
മൗലികാവകാശങ്ങളും നിയമ നിർമ്മാണങ്ങൾ പുനഃപരിശോധിക്കാനുള്ള കോടതിയുടെ അധികാരങ്ങളും ഉൾപ്പെടെ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയും സുപ്രധാന അനുച്ഛേദങ്ങളും മാറ്റാൻ എത്ര ഭൂരിപക്ഷമുണ്ടായാലും പാർലമെന്റിന് കഴിയില്ലെന്നാണ് ഇൗ വിധിയുടെ അന്തഃസത്ത.
കേശവാനന്ദ ഭാരതി കേസ്
ഭരണഘടന ഭേദഗതി ചെയ്യാൻ പാർലമെന്റിന് അനിയന്ത്രിതമായ അധികാരമുണ്ടോയെന്ന ചോദ്യമാണ് കേശവാനന്ദ ഭാരതി കേസിൽ സുപ്രീം കോടതി പരിഗണിച്ചത്. ഭരണഘടനയുടെ അനുച്ഛേദം 368 പ്രകാരം ഭരണഘടന ഭേദഗതി ചെയ്യാൻ പാർലമെന്റിന് അധികാരമുണ്ട്. മൗലികാവകാശങ്ങളും ഭരണഘടനയുടെ അടിസ്ഥാന സ്വഭാവവും മാറ്റാൻ ഇതിലൂടെ പാർലമെന്റിനു കഴിയുമോയെന്നാണ് സുപ്രീം കോടതിയിലെ 13 അംഗ ബെഞ്ച് വാദം കേട്ട് വിധി പറഞ്ഞത്.
കാസർകോട് എടനീർ മഠത്തിന്റെ സ്വത്തു വകകൾ ഭൂപരിഷ്കരണ നിയമ പ്രകാരം കേരള സർക്കാർ ഏറ്റെടുക്കുന്നതിനെതിരെ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി 1970 ലാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഭൂപരിഷ്കരണത്തിന്റെ പേരിൽ സർക്കാർ നടത്തുന്നത് ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഇതു അനുവദിക്കരുതെന്നുമായിരുന്നു സ്വാമിയുടെ വാദം. ഇതു കോടതി തള്ളിയതോടെ സ്വാമി കേസ് തോറ്റെങ്കിലും പാർലമെന്റിന്റെ ഭരണഘടനാ ഭേദഗതിക്കുള്ള അധികാരം നിർവചിക്കാൻ കേസ് നിമിത്തമായി.
സുപ്രീം കോടതി പറഞ്ഞത്
പാർലമെന്റിന് വിപുലമായ അധികാരങ്ങളുണ്ടെങ്കിലും ഭരണഘടനയുടെ അടിസ്ഥാന സ്വഭാവവും ഘടനയും മാറ്റാൻ അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എം സിക്രി അദ്ധ്യക്ഷനായ ബെഞ്ച് വിധിച്ചു. ജസ്റ്റിസ്മാരായ ജെ.എം. ഷേലത്, കെ.എസ്. ഹെഗ്ഡേ, എ.എൻ. ഗ്രോവർ, ബി. ജഗ്മോഹൻ റെഡ്ഢി, ഡി.ജി. പലേക്കർ, എച്ച്. ആർ. ഖന്ന, എ.കെ. മുഖർജി, വൈ.വി. ചന്ദ്രചൂഢ് എന്നിവർ വിധിയെ അനുകൂലിച്ചെങ്കിലും ജസ്റ്റിസ്മാരായ എ.എൻ. റേ, മലയാളിയായ കെ.കെ. മാത്യു, എം.എച്ച്. ബേഗ്, എസ്. എൻ. ദ്വിവേദി എന്നിവർ പാർലമെന്റിന്റെ അധികാരത്തിനു പരിധിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
ഈ വിധിയോടെ അടിസ്ഥാന ഘടനാ സിദ്ധാന്തം ഇന്ത്യൻ ഭരണഘടനാ നിയമത്തിന്റെ അലംഘനീയമായ മൗലിക പ്രമാണമായി. ഇതിന് പിന്നീട് നൽകിയ വ്യാഖ്യാനങ്ങളിലൂടെ ഭരണഘടനയുടെ പരമാധികാരം, നിയമവാഴ്ച, ജുഡിഷ്യറിയുടെ സ്വാതന്ത്ര്യം, ഫെഡറലിസം, മതേരത്വം, പരമാധികാര ജനാധിപത്യ റിപ്പബ്ലിക്, ക്ഷേമരാഷ്ട്രം, സ്വതന്ത്ര തിരഞ്ഞെടുപ്പ് തുടങ്ങിയ ജനാധിപത്യ മൂല്യങ്ങളെല്ലാം ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാക്കിയിട്ടുണ്ട്.
ചരിത്രത്തിലാണ് സ്ഥാനം
സുപീംകോടതിയിലെ ഏറ്റവും നീണ്ട വാദം
68 പ്രവൃത്തി ദിവസം. ഇന്നും റെക്കാഡ്
1972 ഒക്ടോബർ 31 മുതൽ 1973മാർച്ച് 23 വരെ
ഏറ്റവും വലിയ ഭരണഘടനാ ബെഞ്ച് - 13 ജഡ്ജിമാർ
703 പേജുള്ള വിധി
1973 ഏപ്രിൽ 24 ന് വിധി