കാസർകോട്: കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ പരിസരത്ത് കണ്ണൂർ സ്വദേശിയെ വടിവാൾ കൊണ്ട് വെട്ടിയ കേസിൽ മുഖ്യപ്രതിയായ കൂത്തുപറമ്പ് സ്വദേശിയെ കോടതി രണ്ടു വർഷം തടവിനും പത്തായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു.
മാലൂർ ശിവപുരം മാടപ്പീടികയിലെ പി അൻസീറിനെ (25) വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഒന്നാം പ്രതിയായ കുനിയൽ പാലത്തെ കെ.പി സെറീജി (30) നെയാണ് കാസർകോട് ജില്ലാ അഡീഷണൽ സെൻസ് കോടതി (രണ്ട്) ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം അധികതടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു.
2017 ജനുവരി 16ന് രാത്രി 8.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്ത് റോഡിൽ വെച്ച് ഒന്നാം പ്രതി സെറീജ് , രണ്ടാം പ്രതി ധർമ്മടത്തെ അറാഫത്ത് (26) എന്നിവർ വടിവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചുവെന്നാണ് കേസ്. അറാഫത്ത് അന്വേഷണ ഘട്ടത്തിൽ മരണപ്പെട്ടതിനാൽ കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു. മുൻ വിരോധമാണ് അക്രമത്തിന് കാരണം. അന്നത്തെ ഹൊസ്ദുർഗ് എസ്.ഐ ആയിരുന്ന പി. വിജയനാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി എം. അബ്ദുൽ സത്താർ ഹാജരായി.