അടുത്തമാസം സംസ്ഥാനം ഒരു പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. തദ്ദേശസ്ഥാപനങ്ങളിൽ നവംബർ മദ്ധ്യത്തോടെ പുതിയ ഭരണസമിതികൾ നിലവിൽ വരേണ്ടതുണ്ട്. തദ്ദേശസ്ഥാപനങ്ങളിലേക്ക് മത്സരം കടുക്കുമ്പോൾ കൊ വിഡ് മാനദണ്ഡങ്ങൾ എത്രത്തോളം പാലിക്കാൻ കഴിയുമെന്ന ചോദ്യമാണിവിടെ പ്രസക്തമാകുന്നത്. സംസ്ഥാനത്ത് കൊവിഡ് പ്രതിദിന വ്യാപനം 3000 കടക്കുകയാണ് . ഇത് ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രായം 65 കടന്നവർ കൂടുതൽ കരുതലോടെ ജീവിക്കണമെന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തുന്ന സ്ഥാനാർത്ഥികളിൽ 65 കടന്നവരെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടോ ? രാഷ്ട്രീയ പ്രവർത്തകരെ സംബന്ധിച്ച് പിന്മാറ്റത്തിന് പ്രായപരിധി നിശ്ചയിക്കുന്നത് അവർക്ക് ഉൾക്കൊള്ളാവുന്നതിനും അപ്പുറമാണ്. എങ്കിലും ചില കോണുകളിൽ നിന്ന് ഉയരുന്ന ഈ അഭിപ്രായം കൊവിഡ് കാലത്ത് പ്രസക്തമാണ്.
രാഷ്ട്രീയത്തിൽ വിരമിക്കൽ പ്രായം വേണമെന്നും 55 കഴിഞ്ഞാൽ അത് പരിഗണിക്കണമെന്നും ആദ്യം പറഞ്ഞത് സി.പി.എം നേതാവും ചെങ്ങന്നൂർ എം.എൽ.എയുമായ സജി ചെറിയാനാണ്. അദ്ദേഹത്തിന്റെ ഇതുസംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റിനെതിരെ സ്വന്തം പാർട്ടിയിൽ നിന്നു തന്നെ എതിർപ്പുയർന്നതോടെ അദ്ദേഹം പിന്നീട് ഇക്കാര്യത്തിൽ മൗനം പാലിച്ചു, രാഷ്ട്രീയത്തിൽ വിരമിക്കൽ പ്രായം നിശ്ചയിക്കണമെന്ന് അടുത്തിടെ സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറിയും എം.എൽ.എയുമായ മുല്ലക്കര രത്നാകരനും അഭിപ്രായപ്പെട്ടിരുന്നു. രാഷ്ട്രീയത്തിൽ സ്ഥിരമായി മത്സരിച്ച് അധികാര കേന്ദ്രങ്ങളിൽ വിഹരിക്കുന്നവർക്ക് പ്രായപരിധി നിശ്ചയിക്കണമെന്ന് അദ്ദേഹം പറയുന്നു.
സ്ഥാനാർത്ഥികൾ ഒരു ലക്ഷം കടക്കും
സംസ്ഥാനത്തെ 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമായി 21,900 വാർഡുകളാണുള്ളത്. ഒരു വാർഡിൽ ശരാശരി അഞ്ച് സ്ഥാനാർത്ഥികൾ വീതം മത്സരിക്കാനെത്തിയാലും 1,10000 ഓളം പേരുണ്ടാകും. ചില വാർഡുകളിൽ പത്തോ അതിലേറെയോ സ്ഥാനാർത്ഥികൾ വരാം. ഇവർക്കൊപ്പം തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി ഇറങ്ങുന്നവരെക്കൂടി കണക്കാക്കിയാൽ സംഖ്യ പിടിച്ചാൽ കിട്ടാത്ത നിലയിലെത്തും. ഇപ്പോഴത്തെ സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കണമെന്ന കൊവിഡ് പ്രോട്ടോകോളിലെ മിനിമം നിബന്ധന പോലും നടപ്പാക്കാൻ ബുദ്ധിമുട്ടാകും. പ്രായമായവരായിരിക്കും ഇതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരിക. മുമ്പൊരു തിരഞ്ഞെടുപ്പിലും ഉണ്ടാകാത്ത ഈ അസാധാരണ സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ 65 കടന്നവരെ സ്ഥാനാർത്ഥികളാക്കാതിരിക്കാൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾ തയ്യാറാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
'65 കടന്നവർ പുറത്തിറങ്ങരുത് '
കൊല്ലം കോർപ്പറേഷനിലെ 65 വയസ് കഴിഞ്ഞ കൗൺസിലറെ ഒരു പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യാൻ പ്രതിഷേധക്കാർ ക്ഷണിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടിയാണിത്. ഡ്രൈവിംഗ് സ്കൂളുകൾ ഇനിയും തുറന്നു പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സംഘടന നടത്തിയ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യാനാണ് സംഘടനാ പ്രസിഡന്റും ഡ്രൈവിംഗ് സ്കൂൾ ഉടമയുമായ കൗൺസിലറെ ക്ഷണിച്ചത്. ജനപ്രതിനിധികളാകുന്നവർ ജനമദ്ധ്യത്തിൽ പ്രവർത്തിക്കാൻ ബാദ്ധ്യസ്ഥരാണ്. അവിടെ പ്രായപരിധി പറഞ്ഞ് പിന്മാറിയാൽ പിന്നെ ജനപ്രതിനിധി എന്ന് പറഞ്ഞ് നടക്കുന്നതിൽ എന്ത് കാര്യമെന്ന് ചോദിക്കുകയാണ് ജനങ്ങൾ.
കൊവിഡിനൊപ്പം സഞ്ചരിക്കേണ്ടി വരുമെന്നതിനാൽ വാർദ്ധക്യത്തിലേക്ക് പദമൂന്നിയവരെ തിരഞ്ഞെടുപ്പ് മത്സരരംഗത്തു നിന്ന് മാറ്റിനിറുത്തണമെന്ന നിലപാടിനോട് ആഭിമുഖ്യം ഏറുകയാണ് . അധികാര രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് കൊവിഡ് പശ്ചാത്തലത്തിൽ പ്രായപരിധി നിശ്ചയിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകാൻ പോലും കൊല്ലത്തെ ഒരു മുതിർന്ന പ്രമുഖ കോൺഗ്രസ് നേതാവ് തയാറായില്ല
സമൂഹമാദ്ധ്യമങ്ങൾ സജീവമാകും
ഇനിയുള്ള കാലം രാഷ്ട്രീയ, പൊതുരംഗങ്ങളിൽ ചെറുപ്പക്കാരാകും സജീവമാകുകയെന്ന് മുല്ലക്കര രത്നാകരൻ എം.എൽ.എ പറയുന്നു. കൊവിഡ് എന്ന സവിശേഷ സാഹചര്യം ഇല്ലെങ്കിലും ഇത് സംഭവിക്കുമായിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ സജീവമായി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നത് ചെറുപ്പക്കാർക്കാണ്. ചെറുപ്പത്തിന്റെ സജീവത രാഷ്ട്രീയമേഖലയിലും സ്വാഭാവികമായി പ്രതിഫലിക്കും. പ്രായമായവരെയും കുട്ടികളെയും കുറെക്കൂടി കരുതലോടെ സമൂഹം സംരക്ഷിക്കേണ്ടി വരും. പ്രായമായവർ പൊതുമണ്ഡലങ്ങളിൽ നിന്ന് മാറിനിൽക്കേണ്ടി വരും. പുതുതലമുറയ്ക്ക് കൂടുതൽ സാന്നിദ്ധ്യം ഉണ്ടാകുന്ന വിധം എല്ലാ രാഷ്ട്രീയ പാർട്ടികളും ചിന്തിക്കേണ്ടി വരും. സ്ഥിരമായി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നവർക്ക് പ്രായപരിധി നിശ്ചയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളും വാർഡുകളും
സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണവും അവയ്ക്ക് കീഴിലെ വാർഡുകളുടെ എണ്ണവും ഇപ്രകാരമാണ്
ഗ്രാമപഞ്ചായത്തുകൾ - 941
വാർഡുകൾ - 15962
ബ്ലോക്ക് പഞ്ചായത്തുകൾ - 152
വാർഡുകൾ - 2080
ജില്ലാ പഞ്ചായത്ത് - 14
വാർഡുകൾ - 331
മുനിസിപ്പാലിറ്റി - 87
വാർഡുകൾ - 3113
കോർപ്പറേഷൻ - 6
വാർഡുകൾ - 414
ആകെ സ്ഥാപനങ്ങൾ - 1200
ആകെ വാർഡുകൾ - 21900