പിടിയിലായത് 48 മണിക്കൂറിനുള്ളിൽ
ലോക്ക്ഡൗൺ മൂലമുണ്ടായ തൊഴിൽ നഷ്ടം മോഷണത്തിലേക്ക് നയിച്ചു
കൊല്ലം: കണ്ണനല്ലൂർ പുലിയില നാലാംമൈലിലെ കടയുടമയായ വയോധികയെ ആക്രമിച്ച് സ്വർണമാല കവർന്ന യുവാവിനെ 48 മണിക്കൂറിനുള്ളിൽ കണ്ണനല്ലൂർ പൊലീസ് പിടികൂടി. കുണ്ടറ നാന്തിരിക്കൽ വെള്ളിമൺ വിപിൻഭവനത്തിൽ വിപിൻ വിൽസണാണ് (23) അറസ്റ്റിലായത്. കവർന്ന മാലയും മോഷണത്തിന് ഉപയോഗിച്ച സ്കൂട്ടറും പൊലീസ് പിടിച്ചെടുത്തു.
ഏഴിന് വൈകിട്ട് മൂന്നിനാണ് സംഭവം. കടയിലെത്തിയ യുവാവ് ആദ്യം സിഗരറ്റും വെള്ളവും വാങ്ങിയ ശേഷം മടങ്ങി. സാഹചര്യം അനുകൂലമെന്ന് മനസിലാക്കി മടങ്ങിയെത്തിയ യുവാവ് കൂടുതൽ സാധനങ്ങൾ ആവശ്യപ്പെട്ടു. സാധനങ്ങൾ എടുക്കാൻ കടയ്ക്കുള്ളിലേക്ക് പോയ വയോധികയുടെ കഴുത്തിന് കുത്തിപ്പിടിച്ചാണ് മാല പൊട്ടിച്ചെടുത്ത് ഇയാൾ കടന്നത്. വിവരമറിഞ്ഞെത്തിയ കണ്ണനല്ലൂർ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളുടെയും മൊബൈൽ ഫോൺ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രതിയിലേക്കെത്തിയത്.
അസമിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു വിപിൻ. ലോക്ക്ഡൗൺ കാലത്തെ തൊഴിൽ നഷ്ടത്തെ തുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ് മോഷണം നടത്തിയെതെന്നാണ് പ്രതിയുടെ മൊഴി. കണ്ണനല്ലൂർ ഇൻസ്പെക്ടർ യു.പി. വിപിൻകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണവും അറസ്റ്റും. കൂടുതൽ ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും.