മലപ്പുറം: അറബിക്കടലിൽ ന്യൂനമർദ്ദം ശക്തിപ്പെട്ടതോടെ ജില്ലയിൽ നാലുദിവസത്തിനിടെ പെയ്തത് പ്രതീക്ഷിച്ചതിന്റെ മൂന്നിരട്ടിയോളം മഴ. രണ്ടുദിവസം കൂടി ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദിവസം ശരാശരി 30 മില്ലീമീറ്ററിന് മുകളിൽ മഴ ലഭിക്കുന്നുണ്ട്. സെപ്തംബർ അഞ്ചുമുതൽ ഇന്നലെ വരെ ജില്ലയിൽ 139.4 മില്ലീമീറ്റർ മഴ ലഭിച്ചതായാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്ക്. 53.88 മില്ലീമീറ്റർ മഴ പ്രതീക്ഷിച്ച സ്ഥാനത്താണിത്. മഴയിൽ 159 ശതമാനം വർദ്ധനവുണ്ട്.
ന്യൂനമർദ്ദത്തെ തുടർന്ന് തിരുവനന്തപുരത്തും ആലപ്പുഴയിലുമാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. തിരുവനന്തപുരത്ത് 35.8 മില്ലീമീറ്റർ പ്രതീക്ഷിച്ചപ്പോൾ ലഭിച്ചത് 201.8ഉും. കേരളത്തിൽ 146 ശതമാനമാണ് മഴക്കൂടുതൽ. 61.5 മില്ലീമീറ്റർ പ്രവചിച്ചപ്പോൾ ലഭിച്ചത് 151.4 മില്ലീമീറ്ററും. കേരളത്തിൽ മൺസൂൺ മഴയിൽ ഇതുവരെ നാല് ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മലപ്പുറത്ത് ഇത് 15 ശതമാനമാണ്. സംസ്ഥാനത്ത് മഴക്കുറവിൽ അഞ്ചാംസ്ഥാനത്താണ് ജില്ല. തിരുവനന്തപുരം, തൃശൂർ, വയനാട്, കോട്ടയം ജില്ലകളിലാണ് മഴക്കുറവ് കൂടുതലും.
മലപ്പുറത്ത് ജൂൺ മുതൽ ഇന്നലെ വരെ 1,839 മില്ലീമീറ്റർ മഴയാണ് ലഭിക്കേണ്ടതെങ്കിൽ 1,557 മില്ലീമീറ്ററിൽ ഒതുങ്ങിയിരുന്നു. ജൂൺ മുതൽ സെപ്തംബർ വരെയാണ് മൺസൂൺ കാലയളവ്. നിലവിലെ അവസ്ഥ തുടരുകയാണെങ്കിൽ മഴക്കുറവിൽ തന്നെയാവും ജില്ല. സമീപജില്ലയായ പാലക്കാട് മൂന്ന് ശതമാനത്തിന്റെ കുറവേയുള്ളൂ.
പെയ്യുന്നത് പെരുമഴ
കഴിഞ്ഞ രണ്ടുദിവസത്തിനിടെ ജില്ലയിൽ അതിശക്തമായ മഴയാണ് ലഭിക്കുന്നത്. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മഴമാപിനികളിൽ ശരാശരി 50 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി. ഇന്നലെ മഞ്ചേരിയിലാണ് കൂടുതൽ മഴ, 71.3 മില്ലീ മീറ്റർ. മലയോര മേഖലയിൽ താരതമ്യേന മഴ കുറവായിരുന്നു.
സ്ഥലം രേഖപ്പെടുത്തിയ മഴ
( മില്ലീ മീറ്റർ)
പൊന്നാനി - 55.7
അങ്ങാടിപ്പുറം - 42.8
പെരിന്തൽമണ്ണ - 54.5
കരിപ്പൂർ - 41.7