തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് സർക്കാരും രാഷ്ട്രീയകക്ഷികളും ആവശ്യപ്പെട്ടാലും ,ഇല്ലെങ്കിലും നവംബർ 12ന് മുമ്പ് തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ. കൊവിഡ് പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ നടപടികൾ ചർച്ച ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്കരൻ 18ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ചു.
സാമൂഹ്യ അകലം ഉറപ്പ് വരുത്തി പോളിംഗ് ബൂത്തുകളിൽ ആളുകളെ ക്രമീകരിക്കുന്നതും, തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഏതളവ് വരെയാകാമെന്നതും യോഗം ചർച്ച ചെയ്യും. പോളിംഗ് സമയം ഒരു മണിക്കൂർ നീട്ടുന്നതിനും, രോഗികൾ,നിരീക്ഷണത്തിലും റിവേഴ്സ് ക്വാറന്റൈനിലും കഴിയുന്നവർ എന്നിവർക്ക് തപാൽ, പ്രോക്സി വോട്ടുകൾ ഏർപ്പെടുത്തുന്നതിനുമുള്ള നിർദ്ദേശങ്ങൾ കമ്മിഷൻ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. അടുത്ത മന്ത്രിസഭായോഗം ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കും. ഇതിനായി പഞ്ചായത്തിരാജ്, മുനിസിപ്പൽ നിയമത്തിൽ ഭേദഗതികൾ വരുത്തുന്നതിന് ഓർഡിനൻസ് ഇറക്കണം.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വീടുകളിൽ പോകുന്നവരുടെ എണ്ണം പരമാവധി അഞ്ചായാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിഷ്കർഷിച്ചിട്ടുള്ളതെങ്കിലും ,സംസ്ഥാന കമ്മിഷൻ പറയുന്നത് മൂന്ന് പേർ മതിയെന്നാണ്. പത്രികാസമർപ്പണത്തിന് സ്ഥാനാർത്ഥിക്കൊപ്പം ഒരാളും. പോളിംഗ് ബൂത്തുകളിലും സാമൂഹ്യ അകലം ഉറപ്പ് വരുത്തും. പോളിംഗ് ഉദ്യോഗസ്ഥർക്ക് മാസ്കും ഗ്ലൗസും ഓരോ ബൂത്തിലും അഞ്ച് ലിറ്റർ വീതം സാനിറ്റൈസറും നൽകും.