തിരുവനന്തപുരം: കൊവിഡ്, പൊതുതിരഞ്ഞെടുപ്പിന് അഞ്ച് മാസം മാത്രം എന്നിവ കണക്കിലെടുത്ത് കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കുന്നതിൽ സമവായമുണ്ടാക്കാൻ ഇന്നു ചേരുന്ന സർവ്വകക്ഷിയോഗത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറിലേക്ക് നീട്ടണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണറോട് ആവശ്യപ്പെടുന്ന കാര്യത്തിലും ധാരണയായേക്കും. രാവിലെ 10നാണ് യോഗം.
ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കുന്നെങ്കിൽ നവംബർ 12ന് മുമ്പ് നടക്കേണ്ട തദ്ദേശ ഭരണ തിരഞ്ഞെടുപ്പും മാറ്റി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ട സ്ഥിതിക്കാണ് സർക്കാർ ഇക്കാര്യം ചിന്തിച്ചത്. കൊവിഡ് രോഗികളുടെ പ്രതിദിന എണ്ണം മൂവായിരത്തിന് മുകളിലേക്ക് ഉയർന്ന സാഹചര്യത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറിലാക്കാമെന്ന അഭിപ്രായം ഭരണകക്ഷിയിലുമുണ്ട്. മാർച്ചിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വരുമെന്നിരിക്കെ, ജനുവരിക്ക് മുമ്പ് തദ്ദേശ തിരഞ്ഞെടുപ്പ് പൂർത്തിയാക്കണം.
തദ്ദേശ ഭരണസമിതികളുടെ കാലാവധി കഴിയുന്ന നവംബർ 12നകം തിരഞ്ഞെടുപ്പ് നടന്നില്ലെങ്കിൽ ഉദ്യോഗസ്ഥ ഭരണമാവും. തുടർന്ന് പരമാവധി ആറ് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണം. 2015ൽ തിരഞ്ഞെടുപ്പ് ഒരു മാസം നീട്ടിയിരുന്നു. പുതിയ തദ്ദേശ വാർഡുകൾ സംബന്ധിച്ച കേസുകൾ തീർപ്പാക്കാനുണ്ടായിരുന്നതു കൊണ്ടാണ് നീട്ടിയത്.
കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകൾ നവംബറിൽ നടത്തുമെന്ന് കമ്മിഷൻ പറഞ്ഞെങ്കിലും തീയതി അറിയിച്ചുള്ള വിജ്ഞാപനം ഇറക്കാത്ത സാഹചര്യത്തിലാണ് അവസാനവട്ട ശ്രമത്തിന് സർക്കാർ നീക്കം. പരമാവധി ചെലവ് ചുരുക്കിയാലും രണ്ട് മണ്ഡലങ്ങളിലുമായി 10 കോടിയെങ്കിലും ചെലവ് വേണ്ടിവരുമെന്നാണ് കമ്മിഷന്റെ കണക്ക്.
തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് കുട്ടനാട്ടിൽ കഴിഞ്ഞ ഡിസംബർ 20 മുതലും എൻ. വിജയൻ പിള്ളയുടെ നിര്യാണത്തെ തുടർന്ന് ചവറയിൽ മാർച്ച് 8 മുതലുമാണ് ഒഴിവുണ്ടായത്. ആറ് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തി നികത്തണമെന്നാണ് ജനപ്രാതിനിദ്ധ്യനിയമത്തിലെ 151 എ വകുപ്പ് പറയുന്നത്. പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന അംഗത്തിന് ഒരു വർഷത്തിൽ കുറവ് കാലാവധി മാത്രമുണ്ടാവുകയോ, തിരഞ്ഞെടുപ്പ് നടത്താനാകാത്ത സാഹചര്യമാണെന്ന് കമ്മിഷന് ബോദ്ധ്യപ്പെടുകയോ ചെയ്താൽ കേന്ദ്രവുമായി ആലോചിച്ച് വോട്ടെടുപ്പ് മാറ്റാം.
കുട്ടനാട്ടിൽ ആറ് മാസ കാലാവധി തികഞ്ഞ മേയ് 20ന് മുമ്പ് ഉപതിരഞ്ഞെടുപ്പ് വേണമായിരുന്നു. സമ്പൂർണ ലോക്ക് ഡൗൺ കാരണം അത് നടക്കാതെ വന്നതോടെ, കേരളത്തിലെ സാഹചര്യം ചൂണ്ടിക്കാട്ടി ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാമെന്ന റിപ്പോർട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ മേയ് 25ന് കമ്മിഷന് നൽകി.
പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾക്ക് ഏതാനും മാസത്തെ കാലാവധിയേയുള്ളൂ, സാമ്പത്തിക ക്ളേശത്തിനിടെ ഉപതിരഞ്ഞെടുപ്പ് ചെലവ് കൂടി താങ്ങേണ്ടി വരുന്നതും ചൂണ്ടിക്കാട്ടി ആഗസ്റ്റ് 21ന് ചീഫ്സെക്രട്ടറി വിശ്വാസ് മേത്തയും കത്തയച്ചു. ഇതൊന്നും പരിഗണിക്കാതെയാണ് നവംബറിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.