കോഴിക്കോട്: ചരക്ക് കടത്തിനായി റോ - റോ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിന്റെ മുന്നോടിയായി റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ വെസ്റ്റ് ഹിൽ റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തി. സ്റ്റേഷനിൽ ഏർപ്പെടുത്തേണ്ട ക്രമീകരണം സംബന്ധിച്ച് സംഘം വിലയിരുത്തി. പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ പ്രതാപ് സിംഗ് ഷാമി, അഡീഷണൽ ഡിവിഷണൽ മാനേജർ, സീനിയർ ഡിവിഷണൽ കമേഴ്സിയൽ മാനേജർ ജറിൻ ജി ആനന്ദ് , സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ അടങ്ങുന്ന സംഘമാണ് പരിശോധനയ്ക്കെത്തിയത്.
42 വാഗണുകളുള്ള റോ - റോ ട്രെയിനിൽ നിന്ന് ലോറികൾ ഇറക്കുന്നതിനാവശ്യമായ സൗകര്യം സംഘം പരിശോധിച്ചു. ലോറികൾ ഇറക്കാൻ കോൺക്രീറ്റ് റാമ്പുകൾ ഇല്ലാത്ത സാഹചര്യത്തിൽ സ്റ്റേഷനിൽ താത്ക്കാലിക ഇരുമ്പ് റാമ്പുകൾ സ്ഥാപിക്കാനാണ് തീരുമാനം.
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പാലക്കാട് ഡിവിഷനിൽ ചരക്ക് കടത്തിലൂടെയുള്ള വരുമാനം വർദ്ധിച്ചിട്ടുണ്ടെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. രണ്ട് മാസത്തിനിടെ മംഗലാപുരത്ത് നിന്ന് ലക്നോയിലേക്ക് പാമോയിലുമായി നാല് പ്രത്യേക ചരക്ക് വണ്ടികളാണ് ഓടിയത്. ഒരു ട്രെയിനിൽ നിന്ന് 37.05 ലക്ഷം രൂപയാണ് വരുമാനം. കൂടാതെ കഴിഞ്ഞ മാസം കാസർകോട് നിന്ന് കുംഭകോണത്തേക്ക് അടക്കയുമായി പ്രത്യേക ചരക്ക് വണ്ടി സർവീസ് നടത്തിയിരുന്നു. റോ- റോ ട്രെയിൻ വരുന്നതോടെ ചരക്ക് നീക്കം വഴിയുള്ള വരുമാനം ഇനിയും വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് റെയിൽവേ കരുതുന്നത്.