വാഷിംഗ്ടൺ: അതിർത്തി കടന്ന് ഉത്തര കൊറിയയിലേക്ക് പ്രവേശിക്കുന്നവർക്ക് കൊവിഡ് സ്ഥിരീകരിച്ചാൽ ഉടൻ വെടിവച്ചു കൊല്ലാൻ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ ഉത്തരവിട്ടതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വ്
യാഴാഴ്ച വാഷിംഗ്ടണിൽ സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് സംഘടിപ്പിച്ച ഓൺലൈൻ കോൺഫറൻസിൽ യു.എസ് ഫോഴ്സസ് കൊറിയ കമാൻഡർ റോബർട്ട് അബ്രാംസാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് 'ഷൂട്ട് അറ്റ് സൈറ്റ്' നിർദ്ദേശം സൈനികർക്ക് നൽകിയിരിക്കുന്നത് എന്നാണ് വിവരം. രാജ്യത്ത് ഇതുവരെ ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ഉത്തര കൊറിയയുടെ അവകാശവാദം. വൈറസ് വ്യാപനം തടയുന്നതിനായി ചൈനയുമായുള്ള അതിർത്തി ഉത്തര കൊറിയ അടച്ചിട്ടു. അതിർത്തിയിൽ നിന്നു രണ്ട് കിലോ മീറ്റർ വരെയുള്ള ദൂരം ബഫർ സോണാക്കി. ഇവിടെ നിയന്ത്രണങ്ങൾ ശക്തമാക്കി.
എന്നാൽ, അതിർത്തി അടച്ചിട്ടതോടെ കള്ളക്കടത്ത് വർദ്ധിച്ചെന്നും ചൈനയിൽ നിന്നുള്ള ഇറക്കുമതി 85 ശതമാനം കുറഞ്ഞെന്നും ആണവ പദ്ധതികൾക്ക് തിരിച്ചടിയായെന്നും യു.എസ് ഫോഴ്സസ് കൊറിയ കമാൻഡർ റോബർട്ട് അബ്രാംസ്
പറഞ്ഞു.
മിസൈൽ പരീക്ഷണത്തിന് തയ്യാറെടുപ്പ് ഉണ്ടെന്നും സൂചന
സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും രാജ്യത്ത് രൂക്ഷമാണ്. എന്നിരുന്നാലും, രാജ്യം മിസൈൽ പരീക്ഷണം അവസാനിപ്പിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. സിൻപോ സൗത്ത് നാവിക കപ്പൽശാലയുടെ ഉപഗ്രഹ ചിത്രം കഴിഞ്ഞ ദിവസം സി.എസ്.ഐ.എസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. അന്തർവാഹിനി ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണത്തിനുള്ള തയ്യാറെടുപ്പുകൾ സൂചിപ്പിക്കുന്നതാണ് ഈ ചിത്രങ്ങളെന്നാണ് വിവരം.