കോന്നി: ഒാണത്തിന് ഭർതൃവീട്ടിൽ നിന്ന് ഏക മകൾ ആഷയും (46) മകളും തങ്ങളുടെ വീട്ടിലേക്ക് വരുന്നത് കാത്തിരുന്ന മാതാപിതാക്കൾ കേട്ടത് മകളുടെ മരണ വാർത്ത. ആ നടുക്കത്തിൽ നിന്ന് ഇൗ വൃദ്ധ ദമ്പതികൾ ഇനിയും മോചനം നേടിയിട്ടില്ല. രാവിലെ ആഷയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. ആഗസ്റ്റ് 23നാണ് സംഭവം. സമീപത്തെ അയൽവാസിയുടെ വർക്ക് ഷാേപ്പിന്റെ ഭിത്തിയിൽ 'അവൻ ചതിച്ചു' എന്നെഴുതിയ ശേഷം ആഷ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചെന്നാണ് അറിഞ്ഞതെന്ന് മാതാപിതാക്കളായ കല്ലേലി ആഷാഭവനിൽ ഹരിദാസും ഭാര്യ ലീലയും പറഞ്ഞു. മകളുടെ പണവും സ്വർണവും വാങ്ങിയ അയൽവാസിയായ യുവാവ് അത് തിരിച്ചുകൊടുക്കാത്തതിലുള്ള നിരാശയിലാണ് മകൾ ജീവിതം അവസാനിപ്പിച്ചത്. കോന്നി പൊലീസിനും പത്തനംതിട്ട പൊലീസ് ചീഫിനും നൽകിയ പരാതിയിൽ രണ്ടാഴ്ച കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ല. മകളുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നാലേ അവളുടെ ആത്മാവിനും തങ്ങൾക്കും നീതി ലഭിക്കുവെന്ന് വൃദ്ധ ദമ്പതികൾ പറഞ്ഞു. പൊലീസ് തുടർ നടപടി എടുത്തില്ലെങ്കിൽ തങ്ങളും മകളുടെ വഴി തെരഞ്ഞെടുക്കും.
കോന്നി മങ്ങാരം ജയഭവിൽ ജയകുമാറിന്റെ ഭാര്യയാണ് ആഷ. 23ന് രാവിലെ തുണി വിരിക്കാൻ വീടിന്റെ മുകളിലെ നിലയിലേക്ക് കയറിയ ആഷ ഫാനിൽ തൂങ്ങിനിൽക്കുന്നതാണ് കണ്ടത്. വിശദപരിശാേധനയിലാണ് ആഷ എഴുതിയ വാചകം ശ്രദ്ധയിൽപ്പെട്ടത്. മരണ സമയത്ത് ജയകുമാർ ഗൾഫിലായിരുന്നു. ആഷയുടെ നാല് പവൻ സ്വർണം പണയം വയ്ക്കാനും 65000 രൂപ വായ്പയായും അയൽവാസി വാങ്ങിയിരുന്നതായി പറയുന്നുണ്ട്. ഇതു തിരിച്ചുകിട്ടാൻ പലവട്ടം ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പ്രാദേശിക സി.പി.എം നേതാക്കളും പ്രശ്നത്തിൽ ഇടപെട്ടിരുന്നു. എന്നാൽ, ആഷയെ മോശക്കാരിയാക്കി ചിത്രീകരിച്ചുള്ള ശ്രമമാണ് അയൽവാസിയുടെ ഭാഗത്തുനിന്നുണ്ടായത്. മാനസികമായി തളർന്നാണ് ആഷ ജീവനൊടുക്കിയത്. ആത്മഹത്യാ പ്രേരണയ്ക്ക് യാവാവിനെതിരെ കേസെടുക്കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.