വാഷിംഗ്ടൺ: 48 വർഷത്തെ വിലക്കിന് അന്ത്യം കുറിച്ച് അറബ് ലോകവുമായി കൈകോർക്കാൻ അവസരം നൽകിയ അമേരിക്കയ്ക്ക് നന്ദി പറഞ്ഞ് ഇസ്രയേൽ. ട്രംപിന്റെ സമയോചിതമായ ഇടപെടലിനേയും സൗഹൃദം സ്വീകരിച്ച അറബ് രാജ്യങ്ങൾക്കും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നന്ദി അറിയിച്ചു.
'ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നയതന്ത്ര വിജയമാണിത്. ഇസ്രായേലിന്റെ ആഗോള പ്രതിസന്ധി പരിഹരിക്കാൻ കൂടെ നിന്ന അമേരിക്കയുടെ നടപടി ധീരം. ടെഹ്റാന്റെ ഭീഷണികളെ വകവയ്ക്കാത്ത അറബ് രാജ്യങ്ങളുടെ തീരുമാനത്തിനും നന്ദി"- നെതന്യാഹു പറഞ്ഞു.
ഇന്നലെയാണ് വൈറ്റ് ഹൗസിൽ അമേരിക്കയുടെ അദ്ധ്യക്ഷതയിൽ ബഹ്റൈനും യു.എ.ഇയും ഇസ്രയേലിനൊപ്പം ചരിത്രപ്രധാനമായ സമാധന കരാറിൽ ഒപ്പിട്ടത്. യു.എ.ഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സയ്യിദ് അൽ നഹ്യാൻ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ബഹ്റൈൻ വിദേശകാര്യ മന്ത്രി അബ്ദുൾ ലത്തീഫ് ബിൻ റാഷിദ് അൽ സയാനി എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്.
വാണിജ്യം, നയതന്ത്രം ഉൾപ്പെടെ എല്ലാ മേഖലയിലും യു.എ.ഇ - ഇസ്രയേൽ സഹകരണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സമാധാന ഉടമ്പടി. മൂന്നു രാജ്യങ്ങളുടെയും ഉന്നതഭരണ നയതന്ത്ര സംഘങ്ങളടക്കം എഴുനൂറോളം പേരാണ് ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായത്.
'പുതിയ പശ്ചിമേഷ്യയുടെ തുടക്കമാണിത്. ഇസ്രയേലിന്റെ ഒറ്റപ്പെടലിന്റെ കാലം കഴിഞ്ഞു. അടുത്തുതന്നെ അഞ്ചോ ആറോ രാജ്യങ്ങളും സമാനമായ കരാറുകളിൽ ഏർപ്പെടും.'- ഡൊണാൾഡ് ട്രംപ് പറഞ്ഞു.
ആഗസ്റ്റ് 11നാണ് ഈ രാജ്യങ്ങൾ ഇസ്രയേലുമായി കരാറിൽ ഒപ്പിടുന്ന കാര്യം ട്രംപ് പ്രഖ്യാപിച്ചത്.
ഒമാൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ അടുത്തുതന്നെ ഇസ്രയേലുമായി കരാറിൽ ഒപ്പിടുമെന്നാണ് സൂചന. ഇറാന്റെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെ ഭീഷണിയായി കാണുന്നുവെന്നതാണ് ചരിത്രപരമായ ശത്രുത മാറ്റിവെച്ച് നയതന്ത്ര ബന്ധം സ്ഥാപിക്കാൻ അറബ് രാജ്യങ്ങളെ പ്രേരിപ്പിച്ചത്. ഈജിപ്തും ജോർദ്ദാനുമാണ് നേരത്തെ ഇസ്രയേലുമായി നയതന്ത്ര ബന്ധമുള്ള രാജ്യങ്ങൾ.
കരിദിനമാചരിച്ച് പലസ്തീൻ
പലസ്തീൻ ജനതയുടെ ചരിത്രത്തിലെ കറുത്ത ദിവസമാണ് ഇതെന്ന് കരാറിനോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി മുഹമ്മദ് ഷെത്തെ പറഞ്ഞു. കരാറുകളല്ല, അധിനിവേശ പ്രദേശങ്ങളിൽ നിന്നുളള ഇസ്രായേലിന്റെ പിന്മാറ്റമാണ് പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവരികയെന്ന് പ്രസിഡന്റ് മെഹമ്മൂദ് അബ്ബാസ് പറഞ്ഞു. ഇറാനും കരാറിനെ അപലപിച്ചു.
കരാർഇങ്ങനെ
ഇസ്രയേൽ നിലവിൽ വന്ന കാലം മുതലുള്ള ശത്രുത മാറ്റിവച്ചാണ് അറബ് രാജ്യങ്ങളുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത്.
നിക്ഷേപം, വിനോദ സഞ്ചാരം, വ്യോമ ഗതാഗതം, സുരക്ഷ, ടെലിക്കമ്മ്യൂണിക്കേഷൻസ്, ആരോഗ്യം സംസ്കാരം, പരിസ്ഥിതി എന്നി മേഖലകളിൽ സഹകരിക്കും.
വെസ്റ്റ് ബാങ്ക് കൂട്ടിചേർക്കാനുള്ള പദ്ധതി ഇസ്രയേൽ നിറുത്തിവയ്ക്കുമെന്നതാണ് പ്രധാനം. പക്ഷേ, ഇക്കാര്യം കരാറിലില്ലെന്ന് സൂചനയുണ്ട്.
ഇസ്രയേലിന്റെ നിയന്ത്രണത്തിലുളള അൽ അഖ്സ ദേവാലയം സന്ദർശിക്കാനുള്ള അനുമതി മുസ്ലിങ്ങൾക്ക് നൽകും. 1967ലെ അറബ് ഇസ്രയേൽ യുദ്ധത്തിനിടെയാണ് ഈ പ്രദേശം ഇസ്രയേൽ കൈയടക്കിയത്.