നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ കടയാൽമൂട്ടിൽ ചികിത്സാപ്പിഴവ് കാരണം വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ലൂക്കയെ (46) കന്യാകുമാരി പൊലീസ് അറസ്റ്റുചെയ്തു. കടയാൽമൂട് സ്വദേശികളായ പുരുഷോത്തമൻ-ലത ദമ്പതികളുടെ മകൻ അഭിനേഷാണ് ഈ മാസം ആദ്യം മരിച്ചത്. കഴിഞ്ഞ മാസം 30ന് രാവിലെയാണ് കുട്ടിയെ പനി ബാധിച്ച് കടയാൽമൂട്ടിലെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ഡോക്ടർ മരുന്ന് നൽകി മടക്കി അയച്ചു. അസുഖം മാറാത്തതിനെ തുടർന്ന് 31ന് കുട്ടിയെ രക്ഷാകർത്താക്കൾ വീണ്ടും ആശുപത്രിയിലെത്തിച്ചു. തുടർന്ന് കുത്തിവയ്പ്പെടുത്ത ശേഷം മടക്കി അയച്ചു. അതിനിടെ കുത്തിവയ്പ്പെടുത്ത ഭാഗത്ത് പൊള്ളലേറ്റ നിലയിൽ കണ്ടതിനെ തുടർന്ന് പിറ്റേ ദിവസം കുട്ടിയെ വീണ്ടും ആശുപത്രിയിലെത്തിച്ചു. എന്നാൽ ആരോഗ്യനില മോശമായ കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർ നിർദ്ദേശിക്കുകയായിരുന്നു. നാഗർകോവിലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ചികിത്സാപ്പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് കുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. തക്കല ഡി.എസ്.പി രാമചന്ദ്രൻ സ്ഥലത്തെത്തി സംസാരിച്ചതിനെ തുടർന്ന് മൃതദേഹവുമായി ബന്ധുക്കൾ മടങ്ങിപ്പോയി. ഡോക്ടറെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും രാഷ്ട്രീയ പ്രവർത്തകരും പിറ്റേദിവസം ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. സ്ഥലത്തെത്തിയ തക്കല ഡി.എസ്.പി രാമചന്ദ്രൻ, തഹസീൽദാർ രാജമലർ, ഹെൽത്ത് ജെ.ഡി. ജോൺ ബ്രിട്ടോ എന്നിവർ നടത്തിയ അന്വേഷണത്തിൽ ആശുപത്രി പൂട്ടിച്ചു. ഇതിനുശേഷമാണ് ഡോക്ടർക്കെതിരെ കടയാൽമൂട് പൊലീസ് കേസെടുത്ത് സ്പെഷ്യൽ സ്ക്വാഡ് അന്വേഷണം ആരംഭിച്ചത്.