പാലക്കാട്: ദിനംപ്രതി നിരവധി പേർ വിവിധ ആവശ്യങ്ങൾക്കായി കയറിയിറങ്ങുന്ന സിവിൽ സ്റ്റേഷനകത്തും മാലിന്യം കുന്നുകൂടി കിടക്കുന്നു.
കവാടം കടന്ന് അകത്ത് ചെന്നാൽ വാഹനം പാർക്ക് ചെയ്യുന്ന സ്ഥലത്താണ് പ്ലാസ്റ്റിക്, ഭക്ഷ്യാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യം നീക്കം ചെയ്യാതെ കിടക്കുന്നത്.
കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കർശന ശുചിത്വ മാർഗനിർദേശം പാലിക്കണമെന്ന് പറയുന്ന ആരോഗ്യവകുപ്പ് ഉൾപ്പെടെയുള്ള ഓഫീസുകൾ സ്ഥിതിചെയ്യുന്ന ആസ്ഥാനത്താണ് ഈ അനാസ്ഥ. വിവിധ ഓഫീസുകളിൽ നിന്നുള്ള മാലിന്യം ഇവിടെ തള്ളുന്നുണ്ട്.
ജനങ്ങൾ പ്രവേശിക്കുന്ന ഭാഗത്തുതന്നെ മാലിന്യങ്ങൾ തള്ളുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. മഴ കൂടി പെയ്തതോടെ മാലിന്യമഴുകി ദുർഗന്ധം വമിക്കുന്ന അവസ്ഥയാണ്. ഇത്തരത്തിൽ നീക്കം ചെയ്യാതെ കെട്ടിക്കിടക്കുന്തോറും കൊതുക് ഉൾപ്പെടെയുള്ളവ പെരുകി പല പകർച്ച വ്യാധികളും പിടിപെടാൻ കാരണമാകും. കൂടാതെ മാലിന്യം തെരുവുനായ്ക്കൾ കടിച്ചുവലിച്ച് വഴികളിലും മറ്റും ഇടുന്നതും ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടാകുന്നു. ഓഫീസുകൾക്ക് മുന്നിലുള്ള വരാന്തകളുടെ മൂലകളിലും കടലാസ്, ഉപയോഗ്യ ശൂന്യമായ കസേര, മേശ തുടങ്ങിയ മാലിന്യങ്ങളും കൂട്ടിയിട്ടിട്ടുണ്ട്.
മാലിന്യം നീക്കണം
വാഹനം പാർക്ക് ചെയ്യുന്ന ഭാഗം എന്നതിനപ്പുറം സിവിൽ സ്റ്റേഷന് മുന്നിൽ തന്നെ ഇത്തരത്തിൽ മാലിന്യം കുന്നുകൂടി കിടക്കുന്നത് മോശമാണ്. ദുർഗന്ധം കാരണം വാഹനം പാർക്ക് ചെയ്യാനും ജനങ്ങൾക്ക് ബുദ്ധിമുട്ടാണ്. മാലിന്യം നീക്കം അധികൃതർ ഉടൻ നടപടി സ്വീകരിക്കണം.
-ദിവ്യ, യാക്കര.