ജീവിതത്തിലേക്ക് തിരികെയെത്തുന്നത് രണ്ടര മാസംകൊണ്ട്
കൊല്ലം: ഇരുപത് ദിനങ്ങൾ കോമാ സ്റ്റേജിലേക്ക് തള്ളിവിട്ട് കൊവിഡ് തീർത്ത മരണവാതിൽ തകർത്ത് ടൈറ്റസ് ഇന്നലെ ജീവിതത്തിലേക്ക് മടങ്ങിയെത്തി. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഡോക്ടർമാരാണ് അതിജീവന തീരത്ത് ടൈറ്റസിനെ ആത്മവിശ്വാസത്തോടെ എത്തിച്ചത്.
കൊവിഡ് ഓർമ്മകൾ നിലനിൽക്കുവോളം ടൈറ്റസിനെ മറക്കാതിരിക്കാൻ കാരണങ്ങൾ പലതാണ്. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ഏറ്റവും കൂടുതൽ പേരിലേക്ക് കൊവിഡ് പടർന്ന ഉറവിടങ്ങളിലൊന്നാണ് ടൈറ്റസ്. ശാസ്താംകോട്ടയിൽ 45 പേർക്കാണ് ടൈറ്റസിൽ നിന്ന് കൊവിഡ് പടർന്നത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യനില വഷളായും ടൈറ്റസ് മെഡിക്കൽ സംഘത്തെ ഞെട്ടിച്ചു.
അന്നുതന്നെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ദിവസങ്ങൾക്കകം കോമാ സ്റ്റേജിലായി. ജീവച്ഛവമായി 20 ദിവസം വെന്റിലേറ്ററിൽ കിടന്നു. പിന്നെ മെല്ലെ കണ്ണ് തുറന്നു. അങ്ങനെ ആകെ 43 ദിവസം വെന്റിലേറ്ററിൽ തുടർന്നു. ഇതിനിടയിൽ പതിനായിരക്കണക്കിന് രൂപയുള്ള ജീവൻരക്ഷാ മരുന്നുകൾ നൽകി. രണ്ടുതവണ പ്ലാസ്മ തെറാപ്പിക്ക് വിധേയനാക്കി. വെന്റിലേറ്ററിൽ കഴിയവേ കിഡ്നിയുടെ പ്രവർത്തനം പൂർണമായും താളം തെറ്റി. അങ്ങനെ 30 തവണ ഡയാലിസിസ് നടത്തി. ടൈറ്റസിന് ഡയാലിസിസ് നടത്താൻ മാത്രമായി ആറുലക്ഷം രൂപ ചെലവിൽ ഐ.സി.യുവിൽ ഡയാലിസിസ് യന്ത്രം സ്ഥാപിച്ചു. ഏകദേശം 32 ലക്ഷം രൂപയാണ് ടൈറ്റസിനെ കൊവിഡ് മുക്തനാക്കാനും പിന്നീടുള്ള തുടർ ചികിത്സയ്ക്കും പാരിപ്പള്ളി മെഡിക്കൽ കോളേജും ആരോഗ്യകേരളം പദ്ധതിയും ചെലവിട്ടത്.
72 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ടൈറ്റസ് ഇന്നലെ വീട്ടിൽ മടങ്ങിയെത്തിയത്. ടൈറ്റസ് ആരോഗ്യവാനായി യാത്ര പറഞ്ഞ് പോയപ്പോൾ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഡോക്ടർമാരും പാരാ മെഡിക്കൽ ജീവനക്കാരും ശുചീകരണ തൊഴിലാളികളും മനസിൽ ഒന്നുകൂടി ആഴത്തിൽ ഉറപ്പിച്ചു. നമ്മൾ അതിജീവിക്കും.
ശാസ്താംകോട്ടയെ ഭയപ്പെടുത്തിയ സമ്പർക്കം
ആഞ്ഞിലിമൂട് ചന്തയിലെ മത്സ്യക്കച്ചവടക്കാരനാണ് 52 കാരനായ ടൈറ്റസ്. കുടുംബം പുലർത്താൻ അതിരാവിലെ ഉണർന്ന് മത്സ്യമെടുക്കാൻ കായംകുളത്തും നീണ്ടകരയിലും അഴീക്കലുമൊക്കെ പോകും. അങ്ങനെ എവിടുന്നോ, കൊവിഡ് പിടികൂടി. ജൂലായ് ആറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീട് കുടുംബാംഗങ്ങളടക്കം പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ഭൂരിഭാഗം പേരും കൊവിഡ് ബാധിതരായി.
ആശുപത്രിയിൽ കഴിഞ്ഞത്: 72 ദിവസം
വെന്റിലേറ്ററിൽ: 43
കോമാ സ്റ്റേജ്: 20
സർക്കാർ ചെലവിട്ടത്: 32 ലക്ഷം
ആശുപത്രി ദിനങ്ങൾ
1. ചികിത്സിക്കാൻ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സംഘം രൂപീകരിച്ചു
2. ഒൻപത് ദിവസത്തിന് ശേഷം കൊവിഡ് മുക്തൻ
3. ആന്തരികാവയവങ്ങൾ തകരാറിലായതിനാൽ വെന്റലേറ്ററിൽ തുടരേണ്ടി വന്നു
4. ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകിയത് ട്യൂബ് വഴി
5. ഫിസിയോ തെറാപ്പിയിലൂടെയാണ് സംസാര, ചലന ശേഷികൾ വീണ്ടെടുത്തത്
''
തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യവുമായെത്തിയ ലോറിക്കാരിൽ നിന്ന് കൊവിഡ് പടർന്നതാകാമെന്നാണ് സംശയിക്കുന്നത്.
ആരോഗ്യവകുപ്പ്