മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണെന്ന് പഠിച്ചാണ് നമ്മളെല്ലാവരും വളർന്നത്. 'കൊവിഡ് ' സാമൂഹ്യ അകലം പഠിപ്പിച്ചെങ്കിലും പലർക്കും അത് ഉൾക്കൊള്ളാനായിട്ടില്ല. ബന്ധുക്കളും സുഹൃത്തുക്കളും സമൂഹവും ഇല്ലാതെ എങ്ങനെ ജീവിക്കാനാകും എന്നാണ് പലരും ചോദിക്കുന്നത്. പക്ഷേ, റഷ്യയിലെ സൈബീരിയൻ വനാന്തരങ്ങളിൽ ജീവിക്കുന്ന അഗാഫിയ കാർപോവ്ന ലൈക്കോവയ്ക്ക് സാമൂഹ്യജീവിതം എന്തെന്ന് അറിയില്ല. കൊവിഡിനെപ്പറ്റി കേട്ടുകേൾവിപോലുമില്ല. കാരണം ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട സ്ത്രീയാണവർ. അതിശൈത്യത്തോടും വന്യമൃഗങ്ങളോടും പൊരുതി, കാടിനുളളിൽ ഏകാകിയായി, പരിഷ്കൃത ലോകവുമായി യാതൊരു ബന്ധവും പുലർത്താതെ, ആധുനിക സൗകര്യങ്ങളും ഇല്ലാതെ ജീവിക്കുന്നവൾ. 77 വയസുള്ള അഗാഫിയയുടെ പ്രിയ സുഹൃത്ത് ഏകാന്തത മാത്രമാണ്.
അവിശ്വസനീയമായ ജീവിതം
അവിശ്വസനീയമായ കഥയാണ് അഗാഫിയ ലൈക്കോവയുടേത്. സമുദ്രനിരപ്പിൽ നിന്നും 3500 അടി ഉയരത്തിൽ സൈബീരിയയിലെ സയാൻ മലഞ്ചെരുവിലെ വനത്തിനുള്ളിൽ , ഏറ്റവും അടുത്ത മനുഷ്യവാസ കേന്ദ്രത്തിൽ നിന്നും 250 കിലോമീറ്റർ അകലെ, ഏകയായി ജീവിതത്തിന്റെ ഭൂരിഭാഗവും ജീവിച്ച വനിത. 80കളിൽ വാസിലി പെസ്കോവ് എന്ന ജേർണലിസ്റ്റിലൂടെയാണ് അഗാഫിയയുടെയും കുടുംബത്തിന്റെയും ഒറ്റപ്പെട്ട ജീവിതം പുറംലോകം അറിഞ്ഞത്. 1944ൽ കാർപ് ഓസിപോവിച്ച് ലൈക്കോവിന്റെയും അകുലിനയുടെയും നാല് മക്കളിൽ ഏറ്റവും ഇളയവളായാണ് അഗാഫിയ ജനിച്ചത്. 1936 മുതൽ തുടർച്ചയായ 40 വർഷത്തോളം ഒരൊറ്റ മനുഷ്യരുമായി ബന്ധമില്ലാതെയാണ് ലൈക്കോവ് കുടുംബം ജീവിച്ചത്. റഷ്യയിൽ ബോൾഷെവിക്കുകളുടെ ആക്രമണത്തിൽ സഹോദരൻ കൊല്ലപ്പെട്ടതോടെ കാർപ് ലൈക്കോവും ഭാര്യയും മക്കളായ സാവിൻ, നതാലിയ എന്നിവർക്കൊപ്പം ജനവാസമില്ലാത്ത ഒരു പ്രദേശത്തേക്ക് ഒളിച്ചോടുകയായിരുന്നു. സമുദ്രനിരപ്പിൽ നിന്നും 3,444 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അബാക്കൻ മലനിരകളിലാണ് ലൈക്കോവ് കുടുംബം എത്തിപ്പെട്ടത്. മനുഷ്യവാസമുള്ള പ്രദേശത്ത് നിന്നും 250 കിലോമീറ്റർ അകലെയാണ് ഇവിടം. ഏകാന്തവാസത്തിനിടെയാണ് ലൈക്കോവ് ദമ്പതികൾക്ക് ദിമിത്രി എന്ന മകനും അഗാഫിയയും ജനിച്ചത്. കൊടും ശൈത്യത്തിനോട് പടവെട്ടി കാടിനുള്ളിൽ മരം കൊണ്ട് സ്വയം നിർമ്മിച്ച ഒറ്റമുറി വീട്ടിൽ അവർ സ്ഥിരതാമസം ആരംഭിച്ചു. ഉരുളക്കിഴങ്ങും ചില ധാന്യങ്ങളും കൃഷി ചെയ്ത് ഭക്ഷണത്തിനുള്ള വക കണ്ടെത്തി. 1943 ലാണ് അഗാഫിയയുടെ ജനനം. മാതാപിതാക്കൾ പറയുന്ന കഥകളും ഒരു ബൈബിളുമായിരുന്നു കുട്ടികൾക്ക് പുറം ലോകത്തെപ്പറ്റിയുള്ള അറിവുകൾ . അതിശൈത്യകാലത്ത് പലപ്പോഴും കുടുംബം പട്ടിണിയായിരുന്നു. അങ്ങനെയൊരു പട്ടിണിക്കാലത്ത് അഗാഫിയയുടെ അമ്മ മരിച്ചു.
ആദ്യമായി മനുഷ്യരെ കാണുന്നു
1978ൽ ഭൗമ ഗവേഷക സംഘവുമായി പറന്ന ഹെലികോപ്ടറിന്റെ പൈലറ്റാണ് ഒറ്റപ്പെട്ട് ജീവിക്കുന്ന ലൈക്കോവ് കുടുംബത്തെ കണ്ടെത്തിയത്. ഹെലികോപ്റ്ററിന് ഇറങ്ങാൻ പറ്റിയ സ്ഥലം തേടുന്നതിനിടയിലാണിത്. അന്നാദ്യമായി അഗാഫിയയും അനുജനും സ്വന്തം കുടുംബത്തിന് പുറത്തുള്ള മനുഷ്യരെ കണ്ടു. ഗവേഷകർ അവരെ പുറം ലോകത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും ലൈക്കോവ് കുടുബം അതിന് തയ്യാറായില്ല. ഗവേഷകർ ഭക്ഷണം ഉൾപ്പെടെ പലതും നൽകാൻ ശ്രമിച്ചെങ്കിലും ഉപ്പ് മാത്രമാണ് കാർപ് ലൈക്കോവ് സ്വീകരിക്കാൻ തയ്യാറായത്. കാരണം 40 വർഷം മുൻപായിരുന്നു അവർ അവസാനമായി ഉപ്പ് രുചിച്ചത്. 1981ൽ സഹോദരങ്ങളെയും 1988ൽ അച്ഛനെയും അഗാഫിയക്ക് നഷ്ടമായി. പുറംലോകത്തേക്ക് പോകാനുള്ള അധികൃതരുടെ നിർബന്ധത്തിന് വഴങ്ങാതെ അവിടെ തന്നെ ഒറ്റയ്ക്ക് തുടരാനായിരുന്നു അഗാഫിയയുടെ തീരുമാനം. അതിന് ശേഷം ആറ് തവണ അവർ പുറം ലോകത്തേക്ക് സഞ്ചരിച്ചു. നഗരങ്ങളിലെ വായുവും വെള്ളവും ശബ്ദവും ഒക്കെ അവരിൽ അസ്വസ്ഥത ഉളവാക്കി. തന്റെ വാസസ്ഥലം വിട്ട് എങ്ങോട്ടും പോകാൻ അവർ ആഗ്രഹിച്ചില്ല. പ്രായാധിക്യത്തിന്റെ അവശതകൾ അവഗണിച്ച് വിറക് ശേഖരിച്ചും കൃഷി ചെയ്തും മീൻപിടിച്ചും സ്വയം നൂൽനൂറ്റ് വസ്ത്രങ്ങൾ ഉണ്ടാക്കിയും ജീവിതം തുടർന്നു. കൂട്ടിനായി വളർത്ത് നായയും പൂച്ചയും ആടുകളും കോഴികളും . ഏറ്റവും ഒടുവിൽ ശരീരത്തിലെ കാൻസറാണെന്ന് സംശയിക്കുന്ന മുഴയുടെ ചികിത്സാർത്ഥമാണ് നഗരത്തിലേക്ക് പോയത്. അഗാഫിയ 2019ൽ ചികിൽസ പൂർത്തിയാക്കി തിരികെ തൈഗയിൽ എത്തിയതായാണ് അവസാന റിപ്പോർട്ടുകൾ.
കൊവിഡിനെക്കുറിച്ച് അറിയില്ല
സൈബീരിയൻ ടൈഗാ വനമേഖലയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കൂറ്റൻ മരങ്ങളാൽ ചുറ്റപ്പെട്ട കാടിന് നടുവിൽ തന്റെ ചെറിയ വീട്ടിൽ തനിച്ച് താമസിക്കുന്ന അഗാഫിയ, കൊറോണ വൈറസ് എന്ന ഭീകരൻ ലോകരാജ്യങ്ങളെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന വിവരം ഇതുവരെ അറിഞ്ഞിട്ടില്ല. അഗാഫിയയുടെ കാര്യങ്ങൾ അന്വേഷിക്കാൻ നിയോഗിച്ച കെമെറോവോ മേഖലയിലെ ഗവർണറുടെ ടീമിലെ അംഗങ്ങളും ഖാകാസ്കി നേച്ചർ റിസേർവിലെ ഫോറസ്റ്റ് റേഞ്ചർമാരും മാസങ്ങൾക്ക് മുമ്പ് അഗാഫിയയെ സന്ദർശിച്ച് ആരോഗ്യനില പരിശോധിച്ചിരുന്നു. അടിയന്തര ഘട്ടങ്ങളിൽ അധികൃതരെ വിളിക്കാൻ അഗാഫിയയ്ക്ക് ഒരു സാറ്റലൈറ്റ് ഫോൺ നൽകിയിട്ടുണ്ട്. നിലവിൽ തനിക്ക് യാതൊരു ആരോഗ്യ പ്രശ്നവുമില്ലെന്നാണ് അഗാഫിയ ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാൽ കൊവിഡിനെപ്പറ്റി ഒന്നും ചോദിച്ചില്ല. ഇതോടെ അഗാഫിയ വൈറസിനെ പറ്റി ഇതേവരെ അറിഞ്ഞിട്ടില്ല എന്ന് ഉദ്യോഗസ്ഥർക്ക് മനസിലായി. അവർ അഗാഫിയയോട് വൈറസിനെ പറ്റി പറയാനും പോയില്ല. സൈബീരിയൻ വനാന്തരങ്ങളിൽ ഒറ്റയ്ക്ക് സ്വസ്ഥമായി ജീവിക്കുന്ന അഗാഫിയയോട് ഭീകരമായ ഒരു വൈറസിനെപ്പറ്റി പറഞ്ഞ് അവരെ ഭയപ്പെടുത്തേണ്ട എന്ന് ഉദ്യോഗസ്ഥർ തീരുമാനിച്ചു.