കോന്നി : ഗവ. മെഡിക്കൽ കോളേജിൽ ആദ്യ ആഴ്ചയിൽ ചികിത്സ തേടിയത് 607 രോഗികൾ. ഒ.പി പ്രവർത്തനം തുടങ്ങിയ ചൊവ്വാഴ്ച മുതൽ ഇന്നലെ വരെയുള്ള കണക്കാണിത്. ഉദ്ഘാടന ദിവസമായ തിങ്കളാഴ്ച ഒ.പി പ്രവർത്തിച്ചെങ്കിലും പൊതുജനങ്ങൾക്ക് ചികിത്സ ഉണ്ടായിരുന്നില്ല.
റവന്യൂ വകുപ്പിൽ നിന്നും ലഭ്യമായ 50 ഏക്കർ ഭൂമിയിലാണ് കോന്നി മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത്. ആശുപത്രി മന്ദിരവും അക്കാദമിക് ബ്ളോക്കുമുള്ള കെട്ടിടമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. ആനകുത്തി വട്ടമണ്ണിൽ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ മെഡിക്കൽ കോളേജിൽ ചികിത്സാ സൗകര്യം ലഭ്യമായതോടെ ആരോഗ്യമേഖലയിൽ ജില്ലയ്ക്ക് ഏറെ പ്രതീക്ഷകളാണുള്ളത്. എം.ബി.ബി.എസ് ക്ലാസുകൾ ആരംഭിക്കുന്നതിന് ഉടൻ തന്നെ മെഡിക്കൽ കൗൺസിലിന് അപേക്ഷ നൽകും.
ഐ.പി വിഭാഗവും ഈ വർഷം പ്രവർത്തനം തുടങ്ങുമെന്നാണ് പ്രതീക്ഷ.
വിവിധ ദിവസങ്ങളിൽ ഒ.പിയിൽ എത്തിയവർ
ചൊവ്വ : 88, ബുധൻ : 77, വ്യാഴം : 224, വെള്ളി :137. ശനി : 81
ഇന്ന് ഒ.പി അവധി
ഞായറാഴ്ച ദിവമായ ഇന്ന് ഒ.പി അവധിയായിരിക്കും. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ് ഒ.പി പ്രവർത്തിക്കുന്നത്. ഈ സമയം കഴിഞ്ഞും രോഗികൾ എത്തുന്നുണ്ട്.
വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം
ജനറൽ ഒ.പിയ്ക്ക് പുറമെ തിങ്കളാഴ്ച ജനറൽ മെഡിസിനും ചൊവ്വാഴ്ച ജനറൽ സർജറിയും ബുധനാഴ്ച ശിശുരോഗ വിഭാഗവും വ്യാഴാഴ്ച അസ്ഥിരോഗ വിഭാഗവും വെള്ളിയാഴ്ച ഇ.എൻ.ടിയും
ശനിയാഴ്ച ഒഫ്ത്താൽ, ഡെന്റൽ ഒ.പിയും പ്രവർത്തിക്കും.
351 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ
രണ്ടാം ഘട്ടത്തിൽ 351 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതിനുള്ള ഭരണാനുമതി സർക്കാർ നൽകിയിട്ടുണ്ട്. കിഫ്ബിയിൽ നിന്ന് പണം ലഭ്യമാകുന്ന മുറയ്ക്ക് ഉടൻതന്നെ നിർമ്മാണം തുടങ്ങും.
രണ്ടാം ഘട്ടത്തിൽ ഐ.പി ബ്ളോക്കും ഓപ്പറേഷൻ തീയേറ്ററുകളും ക്വാർട്ടേഴ്സുകളും മറ്റ് അടിസ്ഥാന ഭൗതിക സാഹചര്യങ്ങളും സജ്ജമാക്കണം.