ന്യൂഡൽഹി: കാസർകോട്ടെ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിൽ സംസ്ഥാന സർക്കാർ സി.ബി.ഐ അന്വേഷണം വൈകിപ്പിക്കുന്നതായി രാജ്മോഹൻ ഉണ്ണിത്താൻ ലോക് സഭയിൽ പറഞ്ഞു. ഹൈക്കോടതി വിധിയുണ്ടായി ഒമ്പതുമാസം കഴിഞ്ഞിട്ടും സി.ബി.ഐയ്ക്ക് കേസ് ഡയറിയും അനുബന്ധ രേഖകളും കൈമാറിയിട്ടില്ല. മാർക്സിസ്റ്റ് പാർട്ടിയുടെ ഉന്നതനേതൃത്വം നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി നടന്നതാണ് കൊലപാതകം. യഥാർത്ഥ പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കി ഡമ്മി പ്രതികളെ വച്ചാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയത്. ഹൈക്കോടതി സിംഗിൾ ബെഞ്ച് കേസ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. സർക്കാർ സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും വിധി ശരിവച്ചു. എന്നാൽ ഇതുവരെയും സംസ്ഥാന സർക്കാർ സി.ബി.ഐക്കു കേസ് ഡയറി കൈമാറിയിട്ടില്ലെന്ന് ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി.