ആലപ്പുഴ: നെഹ്രുവിന്റെ പാദസ്പർശമേറ്റ നടുഭാഗം ചുണ്ടനെ നാശാവസ്ഥയിൽ നിന്ന് രക്ഷിക്കാൻ യുവാക്കളുടെ കൂട്ടായ്മ രംഗത്ത്. ടൂറിസം വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കുമെന്ന വാക്ക് വെള്ളത്തിൽ വരച്ച വരപോലെ ആയതോടെയാണ് കൈത്താങ്ങുമായി നടുഭാഗം ചുണ്ടൻ ഫാൻസ് ക്ളബ്ബ് (എൻ.സി.എഫ്.സി) എത്തിയത്.
അഞ്ചുവർഷമായി ചമ്പക്കുളത്തെ വള്ളപ്പുരയിൽ വിശ്രമിക്കുന്ന ചുണ്ടനെ ടൂറിസം വകുപ്പ് ഏറ്റെടുക്കാനും പുന്നമട ഫിനിഷിംഗ് പോയിന്റിൽ ബോട്ട് മ്യൂസിയം നിർമ്മിച്ച് സൂക്ഷിക്കാനും ആലോചന നടന്നെങ്കിലും നടപടികളൊന്നുമായില്ല. പൈതൃക ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് ബോട്ട് മ്യൂസിയം ഉൾപ്പെടുത്തിയിരിക്കുന്നത്. അടിയന്തിരമായി പദ്ധതി നടപ്പാക്കിയില്ലെങ്കിൽ ചുണ്ടൻ നശിക്കുമെന്നുറപ്പാണ്.
വള്ളപ്പുര തകർന്നു തുടങ്ങിയതോടെ വെയിലും മഴയുമേറ്റാണ് പഴയ ജലരാജാവിന്റെ കിടപ്പ്. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിൽ മേൽക്കൂര പൂർണ്ണമായും നിലംപൊത്തി. ടൂറിസം വകുപ്പ് കൈയൊഴിഞ്ഞ മട്ടായതോടെയാണ് എൻ.സി.എഫ്.സി അംഗങ്ങൾ രംഗത്തെത്തിയത്. തകർന്ന മേൽക്കൂര നീക്കി പ്ളാസ്റ്റിക് ഉപയോഗിച്ച്, വെള്ളം വീഴാത്ത തരത്തിൽ വള്ളം മൂടി. ചുണ്ടന്റെ തകരാർ പരിഹരിച്ച് നിറ്റിലിറക്കാൻ മുമ്പൊരു പദ്ധതിയിട്ടിരുന്നു. പുതിയ ചുണ്ടന്റെ നിർമ്മാണത്തോടെ നടുഭാഗം ബോട്ട് ക്ളബ്ബിനുണ്ടായ സാമ്പത്തിക ബാദ്ധ്യത പ്രശ്നമായി. അറ്റകുറ്റപ്പണികൾക്ക് 15 ലക്ഷം വേണ്ടിവരും. വള്ളപ്പുര നിർമ്മിക്കാൻ 2.5 ലക്ഷം വേണം.
# നേട്ടങ്ങളുടെ നടുഭാഗം
ആദ്യ നെഹ്രുട്രോഫി ജേതാവ്
ഏറ്റവും വലിയ ചുണ്ടനെന്ന ഗിന്നസ് റെക്കാഡ്
നെഹ്രുട്രോഫിയിൽ ഏറ്റവും കുറച്ചു സമയത്തിലെ ഫിനിഷിംഗ്
ഏറ്റവും കൂടുതൽ തവണ നെഹ്രുട്രോഫി ഫൈനലിലെത്തിയ വള്ളം
103 തുഴക്കാർ, അണിയത്ത് 11 പേർ, 5 നിലക്കാർ
1973ൽ നെഹ്രുട്രോഫിയിൽ വിജയിച്ചെങ്കിലും തർക്കംമൂലം ട്രോഫി ലഭിച്ചില്ല
നെഹ്രുട്രോഫിയിൽ അവസാനം പങ്കെടുത്തത് പ്രദർശന മത്സരത്തിൽ
..................................
വള്ളം ടൂറിസം വകുപ്പ് ഏറ്റെടുക്കുമെന്ന് പറഞ്ഞെങ്കിലും വാക്കുപാലിച്ചില്ല. ബോട്ട്ക്ളബ്ബിന് സാമ്പത്തിക ബാദ്ധ്യത ഉണ്ടെങ്കിലും ചുണ്ടനെ ചരിത്രസ്മാരകമായി നിലനിറുത്തും. വള്ളം നാട്ടുകാരുടെ സഹായതോടെ സംരക്ഷിക്കും
ജോർജ്, പ്രസിഡന്റ്, നടുഭാഗം ബോട്ട് ക്ളബ്ബ്
............................
# നടുഭാഗ ചരിത്രം
ചമ്പക്കുളം കരക്കാരുടെ ജലോത്സവപ്രേമത്തിന് പഴക്കമേറെയുണ്ട്. മൂലം ജലോത്സവത്തിൽ അമിച്ചകരിക്കാരും നടുഭാഗത്തുകാരും ചേർന്നാണ് തുഴഞ്ഞിരുന്നത്. എന്നാൽ ചമ്പക്കുളം വള്ളത്തെച്ചൊല്ലി ഇരു കരക്കാരും തർക്കത്തിലായി. ഒടുവിൽ അമിച്ചകരിക്കാർ വള്ളം സ്വന്തമാക്കി. 1927ലെ മൂലം ജലോത്സവത്തിൽ സ്വന്തം ചുണ്ടനെ ഇറക്കാൻ നടുഭാഗത്തുകാർ തീരുമാനിച്ചു. ആറന്മുള വെമ്പാലക്കരയിൽ നിന്ന് 1100 രൂപയ്ക്ക് വാങ്ങിയ പള്ളിയോടം ശങ്കുണ്ണി പണിക്കരുടെ നേതൃത്വത്തിൽ പുതുക്കിപ്പണിഞ്ഞ് നടുഭാഗം ചുണ്ടനാക്കി. ആ വർഷം മൂലം ജലോത്സവത്തിൽ ചമ്പക്കുളം ചുണ്ടനെ തോൽപ്പിച്ചാണ് നടുഭാഗം പകരം വീട്ടിയത്.