കോഴിക്കോട്: ഗ്രാമപഞ്ചായത്ത് ഓഫീസിൽ വരാതെ മുഴുവൻ സേവനങ്ങളും ലഭ്യമാക്കുന്ന ഓൺലൈൻ സംവിധാനത്തിലേക്ക് ചുവടുവച്ച് പെരുവയൽ ഗ്രാമപഞ്ചായത്ത്. സേവനങ്ങൾ ഒരു സോഫ്റ്റ് വെയറിലേക്ക് ക്രമീകരിക്കുന്ന ഇൻഫർമേഷൻ കേരള മിഷന്റെ ഇന്റലിജന്റ് ഇ - ഗവേർണൻസ് സംവിധാനത്തിനാണ് പെരുവയൽ ഗ്രാമപഞ്ചായത്തിൽ തുടക്കമായത്. സമ്പൂർണ ഓൺലൈൻ സേവന സൗകര്യമൊരുക്കിയ ജില്ലയിലെ ആദ്യത്തെ പഞ്ചായത്തെന്ന പെരുമ ഇനി പെരുവയലിന് സ്വന്തം.
നിലവിൽ പരിമിതമായ സേവനങ്ങളാണ് ഓൺലൈൻ വഴി ലഭ്യമാകുന്നത്. ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേർണൻസ് മാനേജ്മെന്റ് സംവിധാനം പൂർണമായും സജ്ജമായാൽ എല്ലാതരം അപേക്ഷകളും ഓൺലൈൻ വഴി നൽകാൻ സാധിക്കും. ഗ്രാമപഞ്ചായത്തിൽ നിന്ന് ലഭ്യമാകുന്ന ഇരുനൂറിലധികം സേവനങ്ങൾക്ക് ആവശ്യമായ അപേക്ഷകളും പരാതികളും അപ്പീലുകളും നിർദ്ദേശങ്ങളും ഓൺലൈനായി അയക്കുന്നതിന് സോഫ്റ്റ്വെയറിൽ സൗകര്യമുണ്ട്. അപേക്ഷയ്ക്കൊപ്പം നൽകിയ ഇ-മെയിൽ വിലാസത്തിലും അപേക്ഷകന്റെ യൂസർ ലോഗിനിലും സേവനങ്ങളും സാക്ഷ്യപത്രങ്ങളും അറിയിപ്പുകളും ലഭിക്കും. നടപടി പൂർത്തിയാകുമ്പോൾ എസ്.എം.എസ് വഴി അപേക്ഷകന് വിവരം ലഭിക്കും. വെബ് അധിഷ്ഠിത സോഫ്റ്റ് വെയർ ആയതിനാൽ വീട്ടിലിരുന്നും ജീവനക്കാർക്ക് ഫയൽ കൈകാര്യം ചെയ്യാൻ സാധിക്കും. അപേക്ഷയുടെ മുൻഗണനാ ക്രമത്തിൽ തീർപ്പ് കൽപ്പിക്കാനും ഇ- സേവനം വഴി സാധിക്കും. അതെസമയം നിലവിലെ ഫ്രണ്ട് ഓഫീസ് സംവിധാനം തുടരും. പെരുവയലിന് പുറമെ 9 ഗ്രാമ പഞ്ചായത്തുകളിൽ കൂടി ഈ സംവിധാനം വൈകാതെ പ്രാവർത്തികമാകും. സംസ്ഥാനത്ത് 150 തദ്ദേശ സ്ഥാപനങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്.
'ഫയലുകൾ നിരീക്ഷിക്കാൻ സംവിധാനമൊരുക്കുന്നതോടെ ഫയലുകൾ കെട്ടിക്കിടക്കുന്ന സാഹചര്യം പൂർണമായും ഒഴിവാകും. നിലവിൽ സേവനങ്ങൾ വിവിധ സോഫ്റ്റ് വെയറിലൂടെയാണ് ലഭിക്കുന്നത്. ഇവ ഒരു കുടക്കീഴിലേക്ക് മാറും.' -വൈ.വി ശാന്ത, പ്രസിഡന്റ്, പെരുവയൽ ഗ്രാമപഞ്ചായത്ത്
'പുതിയ ചുവടുവയ്പ്പിലൂടെ സേവനങ്ങൾക്ക് വേഗതയും കൃത്യതയും ഉറപ്പാക്കാൻ സാധിക്കും. ഐ.കെ.എം എല്ലാ ജാലകങ്ങളും സജ്ജമാകുന്നതോടെ സേവന സൗകര്യം പൊതുജനത്തിന് ലഭ്യമാകും'-പി എസ് സിന്ധു , സെക്രട്ടറി , പെരുവയൽ ഗ്രാമപഞ്ചായത്ത്