ചേർത്തല: അനശ്വര കവി വയലാർ രാമവർമ്മ രചിച്ച സിനിമാഗാനം കഥകളിയായി അരങ്ങത്തേക്ക്. 1972ൽ പി.എൻ.മേനോൻ സംവിധാനം ചെയ്ത ചെമ്പരത്തി എന്ന സിനിമയ്ക്ക് വയലാർ രചിച്ച് ദേവരാജൻ സംഗീതം പകർന്ന് യേശുദാസ് ആലപിച്ച ചക്രവർത്തിനീ... എന്ന ഗാനമാണ് കഥകളിയായി എത്തുന്നത്.
നാലര പതിറ്റാണ്ടിലേറെയായി കഥകളി രംഗത്ത് നിറസാന്നിദ്ധ്യമായ ആലപ്പുഴ കളർകോട് സ്വദേശി കലാമണ്ഡലം ഗണേശനാണ് ഗാനം ചിട്ടപ്പെടുത്തുന്നത്. രംഗത്ത് അവതരിപ്പിക്കുന്നത് വാരനാട് സനൽകുമാറും. വയലാറിൻറ്റെ മകനും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മയുടെ ആമുഖത്തോടെ തുടങ്ങുന്ന ദൃശ്യാവിഷ്കാരത്തിന് 15 മിനിട്ട് ദൈർഘ്യമുണ്ട്. ടി.വി അവതാരകനായ ബീയാർ പ്രസാദ് രണ്ടുവർഷം മുമ്പ് തമാശ രൂപേണ പറഞ്ഞ ആശയമാണ് ഗണേശനെ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിച്ചത്.
മുഴുനീളം പ്രണയഭാവം നിറഞ്ഞു നിൽക്കുന്ന വരികൾ യേശുദാസ് ആലാപിക്കുകകൂടി ചെയ്തപ്പോൾ മലയാളി മനസുകളിൽ കുടിയേറി. കഥകളിലെ പുരുഷ വേഷത്തിന്റെ പൂർണത കത്തി വേഷത്തിനായതിനാൽ അതാണ് അവതരിപ്പിക്കുന്നത്.
10,000ൽ അധികം വേദികളിൽ കഥകളി അവതരിപ്പിച്ച ഗണേശൻ, പുരാണ കഥകളിൽ നിന്ന് ആസ്വാദകർ കൂടുമാറിയപ്പോൾ തകഴിയുടെ ചെമ്മീനിലെ കറുത്തമ്മയെ രംഗത്ത് അവതരിപ്പിച്ചു. വിവാഹ തലേന്ന് കാമുകനുമായി കണ്ടുമുട്ടിയ കറുത്തമ്മയുടെ വിരഹ വേദനകളായിരുന്നു 40 മിനിട്ട് നീണ്ട ഇതിവൃത്തം.പിന്നീട് ഗുരുദേവ മാഹാത്മ്യവും അരങ്ങത്തെത്തിച്ചു.ദുരദർശൻ ഓണ നാളുകളിൽ ഇപ്പോഴും ഇത് സംപ്രേഷണം ചെയ്യുന്നുണ്ട്.
അവതരണം യു ട്യൂബിൽ
വയലാറിന്റെ ചരമദിനമായ ഒക്ടോബർ 27ന് വയലാർ രാഘവപ്പറമ്പിൽ അവതരിപ്പിക്കാനാണ് തീരുമാനിച്ചതെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ വീഡിയോയിൽ പകർത്തി യുട്യൂബ് ചാനലായ നാട്യകലയിൽ സംപ്രേഷണം ചെയ്യും. പിന്നീട് രാഘവപ്പറമ്പിൽ കുടുംബാഗങ്ങളുടെ മുന്നിൽ അവതരിപ്പിക്കുമെന്നും ഗണേശൻ പറഞ്ഞു.
അരങ്ങത്ത് മൂന്നു പതിറ്റാണ്ട്
ആർ.എൽ.വി ഗോപിയുടെ കീഴിൽ 30 വർഷമായി കഥകളി അഭ്യസിക്കുന്നുണ്ട് വാരനാട് സനൽകുമാർ. സ്ത്രീ വേഷം ചെയ്യുന്നത് മാളവിക നമ്പൂതിരിയാണ്.കലാമണ്ഡലം സജീവ്കുമാർ,കലാമണ്ഡലം കൃഷ്ണകുമാർ എന്നിവരാണ് പാട്ട്. ചെണ്ട കലാമണ്ഡലം ശ്രീകാന്ത് വർമ്മ, മദ്ദളം കലാനിലയം രാകേഷ്, ചുട്ടി അണിയറ നാട്യകലയിലെ മഹേഷ്,മോഹൻ,ഗൗതം,ഗീരീഷ് എന്നിവരാണ്.